പാരിസ്: അര്‍ജന്‍റൈന്‍ ഇതിഹാസം ലയണല്‍ മെസിക്ക് പിന്നാലെ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയും ഫ്രഞ്ച് ക്ലബ് പാരിസ് സെന്‍റ് ജെർമെയ്‌ന്‍ (പിഎസ്‌ജി) വിടുന്നു. കബ്ലിനൊപ്പം 2025 വരെ തുടരാനാകില്ലെന്ന് 24-കാരനായ എംബാപ്പെ പിഎസ്‌ജിയെ അറിയിച്ചു. എംബാപ്പെയുമായി അടുത്ത സീസണ്‍ വരെയാണ് പിഎസ്‌ജിക്ക് കരാറുള്ളത്.
ഇതു 12 മാസത്തേക്ക് കൂടെ നീട്ടാന്‍ പിഎസ്‌ജിയ്‌ക്ക് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ഇതിന് തയ്യാറല്ലെന്ന് വ്യക്തമാക്കി എംബാപ്പെ (Kylian Mbappe) ക്ലബിന് കത്ത് നല്‍കിയതായി അന്താരാഷ്‌ട്ര വാര്‍ത്ത ഏജന്‍സിയായ അസോസിയേറ്റഡ് പ്രസാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. എംബാപ്പെയും പിഎസ്‌ജിയും തമ്മിലുള്ള കത്തിടപാടിനെക്കുറിച്ച് അറിയാവുന്ന ഒരാളെ ഉദ്ധരിച്ചാണ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.
ഒരു ഫ്രീ ഏജന്‍റായി ക്ലബ് വിടാന്‍ എംബാപ്പെയെ പിഎസ്‌ജി അനുവദിക്കില്ലെന്നാണ് ഇയാള്‍ പറയുന്നത്. ഇതോടെ ഈ സമ്മറില്‍ താരത്തിന്‍റെ കൈമാറ്റത്തിനുള്ള സാധ്യതയും ഉയരുകയാണ്. ഫ്രഞ്ച് ക്ലബില്‍ നിന്നും ഫ്രീ ഏജന്‍റായാണ് ലയണല്‍ മെസി അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ടീമായ ഇന്റർ മയാമിയിലേക്ക് ചേക്കേറിയത്.
ഖത്തർ സ്‌പോർട്‌സ് ഇൻവെസ്റ്റ്‌മെന്‍റ്‌സിന്‍റെ ഉടമസ്ഥതയിലുള്ള ക്ലബിന് സാമ്പത്തികമായ നേട്ടമുണ്ടാക്കാത്ത കാര്യമായിരുന്നുവിത്. എംബാപ്പെയുടെ കാര്യത്തില്‍ ഇതു ആവര്‍ത്തിക്കാന്‍ പിഎസ്‌ജി തയ്യാറല്ലെന്നാണ് ഇയാള്‍ പറയുന്നത്. ബ്രസീൽ സ്‌ട്രൈക്കര്‍ നെയ്‌മറിന്‍റെ പിഎസ്‌ജിയിലെ ഭാവിയെക്കുറിച്ചും അനിശ്ചിതത്വം തുടരുന്നുണ്ട്.
എന്നാല്‍ എംബാപ്പെ ക്ലബ് വിടുന്നത് പിഎസ്‌ജിക്ക് വലിയ ക്ഷീണം ചെയ്യും. ഫ്രഞ്ച് ദേശീയ ഐക്കണായ 24-കാരന്‍ ലോക ഫുട്‌ബോളിലെ ഏറ്റവും വലിയ താരമായി മാറാൻ കഴിവുള്ള ചുരുക്കം ചില കളിക്കാരിൽ ഒരാളായി പരക്കെ കണക്കാക്കപ്പെടുന്ന താരമാണ്.
190 മില്യൺ ഡോളറിന് മൊണാക്കോയിൽ നിന്ന് സൈൻ ചെയ്‌തതിന് ശേഷം 2017 മുതൽ എംബാപ്പെ ക്ലബിനൊപ്പമുണ്ട്. തന്‍റെ കരാർ ഒരു വർഷത്തേക്ക് കൂടെ നീട്ടുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ എംബാപ്പെയ്ക്ക് ജൂലൈ 31 വരെ സമയമുണ്ടായിരുന്നു. താരം തുടരുമെന്ന് മാനേജ്‌മെന്‍റ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഏറെ നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ക്ലബ് വിടാനുള്ള തന്‍റെ തീരുമാനം എംബാപ്പെ പിഎസ്‌ജിയെ അറിയിക്കുകയായിരുന്നു.
ലോകകപ്പ് ജേതാവായ ഫ്രഞ്ച് സൂപ്പര്‍ താരത്തിനായി 2021-ൽ, സ്‌പാനിഷ് റയൽ മാഡ്രിഡിൽ നിന്ന് 190 മില്യൺ ഡോളറിന്‍റെ ബിഡ് ലഭിച്ചിരുന്നുവെങ്കിലും ഇതു നിരസിച്ച പിഎസ്‌ജി താരവുമായി നിലവിലെ കരാറില്‍ എത്തുകയായിരുന്നു. പിഎസ്‌ജി വിട്ടാല്‍ റയല്‍ മാഡ്രിഡിലേക്ക് തന്നെയാവും എംബാപ്പെ ചേക്കേറുകയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സൗദി ക്ലബായ അൽ-ഇത്തിഹാദിലേക്ക് കൂടുമാറിയ സൂപ്പര്‍ താരം കരീം ബെൻസേമയ്‌ക്ക് പകരക്കാരനായാവും റയല്‍ എംബാപ്പെയ്‌ക്കായി വലവിരിക്കുക. അതേസമയം പിഎസ്‌ജിക്കായി ഇതേവരെ 260 മത്സരങ്ങളിൽ നിന്നും 212 ഗോളുകള്‍ നേടാന്‍ എംബാപ്പെയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ എംബാപ്പെ, ലയണല്‍ മെസി, നെയ്‌മര്‍ ത്രയത്തിന്‍റ കരുത്തില്‍ കിട്ടാക്കനിയായ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ ഇത്തവണ പിഎസ്‌ജിക്ക് കഴിയുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ യൂറോപ്യൻ ഫുട്‌ബോളിലെ മികച്ച മത്സരത്തിൽ ടീമിന് നിരാശയായിരുന്ന ഫലം.
ALSO READ: എംബാപ്പെ ഇതെല്ലാം കാണുന്നുണ്ടല്ലോ, അല്ലേ.. പരിഹാസവുമായി എഎഫ്എ പ്രസിഡന്‍റ് ക്ലോഡിയോ ടാപിയ