ബാങ്കോക്ക്: തോമസ് കപ്പ് ബാഡ്‌മിന്‍റണിലെ കിരീട നേട്ടം കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി വിലയിരുത്തുമെന്ന് ഇന്ത്യയുടെ സ്റ്റാര്‍ ഷട്ട്‌ലര്‍ കിഡംബി ശ്രീകാന്ത്. 73 വര്‍ഷം പ്രായമുള്ള ടീം ടൂര്‍ണമെന്‍റില്‍ ചരിത്ര ജയം നേടിയതിന് പിന്നാലെയായിരുന്നു ശ്രീകാന്തിന്‍റെ പ്രതികരണം. വിജയം ഒരു വ്യക്തിയുടേതാണെന്ന് കരുതുന്നില്ലെന്നും, എല്ലാവരും വളരെ നന്നായി കളിച്ചതിൽ സന്തോഷമുണ്ടെന്നും ശ്രീകാന്ത് പറഞ്ഞു.
ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ 14 തവണ ചാമ്പ്യൻമാരായ ഇന്തോനേഷ്യക്കെതിരെ ആദ്യ മൂന്ന് റൗണ്ട് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ കന്നി കിരീടം സ്വന്തമാക്കിയത്. ശ്രീകാന്തിനെക്കൂടാതെ ലക്ഷ്യ സെൻ, ലോക എട്ടാം നമ്പർ ഡബിൾസ് ജോഡിയായ ചിരാഗ് ഷെട്ടി, സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി എന്നിവരാണ് ഫൈനലിൽ ഇന്ത്യയുടെ വിജയ ശിൽപ്പികൾ.
കഴിഞ്ഞ ഡിസംബറിൽ സ്പെയിനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ താരം കൂടിയാണ് ശ്രീകാന്ത്. തന്‍റെ വിജയങ്ങളെ താരതമ്യം ചെയ്യാൻ കഴിയില്ലെന്നും താരം വ്യക്തമാക്കി. "ഡിസംബറിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലും ഞാൻ നന്നായി കളിച്ചു, ഇത് ഞാൻ മികച്ച പ്രകടനം കാഴ്ചവെച്ച മറ്റൊരു ഇവന്‍റാണ്. ഒരു വിജയവും താരതമ്യം ചെയ്യാൻ എനിക്ക് കഴിയില്ല.
also read: തോമസ് കപ്പ് വിജയം; ഇന്ത്യൻ ടീമിന് ഒരു കോടി രൂപ പ്രഖ്യാപിച്ച് കേന്ദ്ര കായിക മന്ത്രാലയം
എന്‍റെ ഒരു വിജയവും റാങ്ക് ചെയ്യാനും ഞാൻ ആഗ്രഹിക്കുന്നില്ല, അവയെല്ലാം പ്രധാനമാണ്. ഇത് തീർച്ചയായും ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ്. ടൂർണമെന്‍റുകളുടെ കാര്യത്തിൽ ഏറ്റവും മികച്ചതും, എന്‍റെ നല്ല പ്രകടനങ്ങളിൽ ഒന്നുമിതാണ്." ശ്രീകാന്ത് പറഞ്ഞു.