ഭുവനേശ്വർ : സന്തോഷ് ട്രോഫി ഫുട്‌ബോൾ ടൂർണമെന്‍റിൽ നിലവിലെ ചാമ്പ്യൻമാരായ കേരളം പുറത്ത്. ഗ്രൂപ്പ് ഘട്ടത്തിലെ നിർണായകമായ അവസാന മത്സരത്തിൽ പഞ്ചാബിനോട് സമനില വഴങ്ങിയതോടെയാണ് കേരളത്തിന് പുറത്തേക്കുള്ള വഴി തുറന്നത്. സെമി ഫൈനൽ ഉറപ്പിക്കാൻ കേരളത്തിന് വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോളുകൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു.
കേരളത്തിനായി വിശാഖ് മോഹനനും പഞ്ചാബിനായി കമല്‍ദീപ് ഷെയ്ഖും ഗോളടിച്ചു. ജയത്തോടെ പഞ്ചാബും, ഒഡിഷയെ സമനിലയിൽ തളച്ചതോടെ കർണാടകയും ഗ്രൂപ്പ് എയിൽ നിന്ന് സെമിയിലെത്തി. മത്സരത്തിന്‍റെ തുടക്കം മുതൽ ആക്രമിച്ചാണ് കേരളം പന്തുതട്ടിയത്. ഇതിന്‍റെ ഫലമായി 24-ാം മിനിട്ടിൽ തന്നെ കേരളം മുന്നിലെത്തി. അബ്‌ദുൾ റമീസിന്‍റെ അസിസ്റ്റിൽ നിന്ന് വിശാഖ് മോഹനന്‍റെ വകയായിരുന്നു ഗോൾ.
എന്നാൽ കേരളത്തിന്‍റെ ആവേശം അടങ്ങുന്നതിന് മുന്നേ പഞ്ചാബ് തിരിച്ചടിച്ചു. 34-ാം മിനിട്ടിൽ രോഹിത് ഷെയ്‌ഖിന്‍റെ വകയായിരുന്നു പഞ്ചാബിന്‍റെ സമനില ഗോൾ. കമൽദീപ് നൽകിയ ക്രോസ് രോഹിത് അനായാസം വലയ്‌ക്കുള്ളിലാക്കുകയായിരുന്നു. മത്സരം സമനിലയിലായതോടെ ഇരു ടീമുകളും ആക്രമണം വീണ്ടും കടുപ്പിച്ചു. പലതവണ കേരളത്തിന്‍റെ ഗോൾ മുഖത്തേക്ക് അപകടം വിതച്ചുകൊണ്ട് പഞ്ചാബ് ഇരച്ചെത്തി.
എന്നാൽ കേരളത്തിന്‍റെ പ്രതിരോധക്കോട്ടയും ഗോൾകീപ്പർ മിഥുനും അവയെല്ലാം വിഫലമാക്കി. ഇതോടെ മത്സരത്തിന്‍റെ ആദ്യ പകുതി സമനിലയിൽ അവസാനിച്ചു. വിജയത്തിനായി രണ്ടാം പകുതിയിലും കേരളം ആക്രമിച്ചാണ് കളിച്ചത്. ഇടയ്ക്ക് ഗോളെന്നുറച്ച നിരവധി അവസരങ്ങൾ സൃഷ്‌ടിക്കാനായെങ്കിലും അവയൊന്നും കൃത്യമായി ഫിനിഷ് ചെയ്യാനാകാത്തത് കേരളത്തിന് തിരിച്ചടിയായി. ഇതോടെ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു.