ബെംഗളൂരു: തോമസ് കപ്പ് ജേതാവ് ലക്ഷ്യ സെന്നിന് പാരിതോഷികം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. താരത്തിന് അഞ്ച് ലക്ഷം രൂപ പാരിതോഷികമായി നല്‍കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. എല്ലാ കായിക ഇനങ്ങളെയും സർക്കാർ പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാരീസ് ഒളിമ്പിക്‌സിനുള്ള തയ്യാറെടുപ്പിന്‍റെ ഭാഗമായി പ്രത്യേക പരിശീലനത്തിനായി വിവിധ കായിക ഇനങ്ങളില്‍ നിന്നായി 75 താരങ്ങളുടെ സംഘത്തെ തിരഞ്ഞെടുത്തതായും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം തിങ്കളാഴ്ച രാത്രിയോടെയാണ് തന്‍റെ ഹോം ടൗണായ ബെംഗളൂരുവിലേക്ക് താരം മടങ്ങിയെത്തിയത്.
തായ്‌ലന്‍റില്‍ നടന്ന 73 വര്‍ഷം പ്രായമുള്ള ടീം ടൂര്‍ണമെന്‍റായ തോമസ് കപ്പില്‍ ഇന്ത്യയുടെ പ്രഥമ കിരീടത്തില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് ലക്ഷ്യ. ഫൈനലില്‍ 14 തവണ ചാമ്പ്യൻമാരായ ഇന്തോനേഷ്യക്കെതിരെ ആദ്യ മൂന്ന് റൗണ്ട് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ കന്നി കിരീടം സ്വന്തമാക്കിയത്.
ലക്ഷ്യയെക്കൂടാതെ കിഡംബി ശ്രീകാന്ത്, ഡബിൾസ് ജോഡിയായ ചിരാഗ് ഷെട്ടി, സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി എന്നിവരാണ് ഫൈനലിൽ ഇന്ത്യയുടെ വിജയ ശിൽപ്പികൾ.
കലാശപ്പോരില്‍ ഇന്ത്യയ്‌ക്ക് മിന്നുന്ന തുടക്കം നല്‍കാന്‍ ലക്ഷ്യയ്‌ക്ക് കഴിഞ്ഞിരുന്നു. ലോക അഞ്ചാം നമ്പർ താരം ആന്‍റണി സിനിസുക ജിന്‍റിംഗിനെ 2-1ന് തകർത്ത താരം ഇന്ത്യക്ക് ആദ്യ ലീഡ് സമ്മാനിച്ചു. സ്‌കോർ 8-21 21-17 21-16.
പിന്നാലെ സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം മുഹമ്മദ് അഹ്‌സൻ-കെവിൻ സഞ്ജയ സുകമുൽജോ സഖ്യത്തെ 18-21, 23-21, 21-19 എന്ന സ്‌കോറിന് തകർത്ത് ലീഡ് വർധിപ്പിച്ചു.
മൂന്നാം റൗണ്ടിൽ ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവായ ജൊനാഥൻ ക്രിസ്റ്റിയെ 21-15, 23-21 സ്‌കോറിന് മറികടന്ന് കിഡംബി ശ്രീകാന്ത് ഇന്ത്യക്ക് വിജയവും കിരീടവും സമ്മാനിക്കുകയായിരുന്നു. ക്വാര്‍ട്ടറില്‍ മലേഷ്യയെയും സെമിയില്‍ ഡെന്‍മാര്‍ക്കിനെയും അട്ടിമറിച്ചാണ് ഇന്ത്യ ചരിത്രത്തിലാദ്യമായി ഫൈനലില്‍ എത്തിയത്.