ടൂറിന്‍: ഇറ്റാലിയന്‍ ക്ലബ് യുവന്‍റസിന്‍റെ ഡയറക്‌ടര്‍ ബോർഡിലെ മുഴുവന്‍ അംഗങ്ങളും രാജിവച്ചു. പ്രസിഡന്‍റ് ആൻഡ്രിയ ആഗ്നെല്ലിയും വൈസ് പ്രസിഡന്‍റ് പവൽ നെഡ്‌വെഡും ഉൾപ്പെടെയുള്ള അംഗങ്ങളാണ് രാജിവച്ചതെന്ന് ഇറ്റാലിയൻ സീരി എ ക്ലബ് പ്രസ്‌താവനയിൽ അറിയിച്ചു. തെറ്റായ അക്കൗണ്ടിങ്ങും മാർക്കറ്റ് മാനിപുലേഷനും ആരോപിച്ച് യുവന്‍റസിന്‍റെ ഫിനാന്‍ഷ്യല്‍ സ്‌റ്റേറ്റ്‌മെന്‍റ് പ്രോസിക്യൂട്ടർമാരും ഇറ്റാലിയൻ മാർക്കറ്റ് റെഗുലേറ്റർ കോൺസോബും പരിശോധിച്ചതിന് പിന്നാലെയാണ് രാജി.
എന്നാല്‍ തെറ്റായ നടപടികള്‍ കമ്പനി നിഷേധിച്ചിരുന്നു. വൈകാതെ തന്നെ പുതിയ ബോര്‍ഡ് രൂപീകരിക്കുമെന്ന് ക്ലബ് പ്രസ്‌താവനയില്‍ അറിയിച്ചു. ഇതിനായി ജനുവരി 18 ന് ഓഹരി ഉടമകളുടെ യോഗം വിളിച്ചതായും യുവന്‍റസ് പ്രസ്‌താവനയില്‍ വ്യക്തമാക്കി.
അതേസമയം, 2010 മുതൽ പ്രസിഡന്‍റ് സ്ഥാനത്തുണ്ടായിരുന്ന ആൻഡ്രിയ ആഗ്നെല്ലി വീണ്ടും അപേക്ഷിക്കില്ലെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. ആഗ്നെല്ലി കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള എക്സോർ എക്സോർ.എഎസിന്‍റെ നിയന്ത്രണത്തിലാണ് യുവന്‍റസുള്ളത്. കമ്പനിയുടെ അവസ്ഥ മോശമാണെന്ന് യുവന്‍റസ് സ്റ്റാഫിന് അയച്ച കത്തിൽ ആഗ്നെല്ലി അറിയിച്ചു.
യോജിപ്പില്ലായ്‌മ അതുകൂടുതല്‍ മാരകമാകുകയും ചെയ്യുമെന്നും കത്തില്‍ അദ്ദേഹം വ്യക്തമാക്കി. അതേസമയം കഴിഞ്ഞ സീസണിൽ ഇറ്റാലിയന്‍ ലീഗിൽ നാലാമതായി ഫിനിഷ് ചെയ്‌ത യുവന്‍റസ് 220 മില്യന്‍ പൗണ്ടിന്‍റെ നഷ്‌ടമാണ് രേഖപ്പെടുത്തിയത്. ഇറ്റലിയില്‍ ഒരു ക്ലബിന്‍റെ റെക്കോഡ് നഷ്‌ടമാണിത്.