ടോക്കിയോ: ടോക്കിയോയിൽ ഇന്ന് ആരംഭിക്കുന്ന പാരാലിമ്പിക്‌സ് മാർച്ച് പാസ്റ്റിൽ ജാവലിൽ ത്രോയിൽ എഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവായ ടെക്‌ചന്ദ് ഇന്ത്യൻ പതാകയേന്തും. ഇന്ത്യൻ പതാകയേന്താൻ നിശ്ചയിച്ചിരുന്ന ഹൈജംപ് താരം മാരിയപ്പൻ തങ്കവേലു ക്വാറന്‍റൈനിലായതിനാലാണ് ടെക്ക്‌ചന്ദിന് നറുക്കുവീണത്.
ടോക്കിയോയിലേക്കുള്ള യാത്രയിൽ വിമാനത്തിൽ വച്ച് കൊവിഡ് ബാധബാധിതനുമായി സമ്പർക്കമുണ്ടായെന്ന സംശയത്തെ തുടർന്നാണ് താരം ക്വാറന്‍റീനിൽ പ്രവേശിച്ചത്. റിയോ പാരാലിമ്പിക്സിൽ ഹൈജംപിൽ സ്വർണം നേടിയ താരമാണ് മാരിയപ്പൻ തങ്കവേലു.
ടോക്കിയോയിലേക്കുള്ള യാത്രയിൽ വിമാനത്തിൽ വച്ച് കൊവിഡ് ബാധിതനായ വിദേശിയുമായി മാരിയപ്പൻ തങ്കവേലുവിന് സമ്പർക്കമുണ്ടായതായി സംശയിക്കുന്നതായി പാരാലിമ്പിക് കൊവിഡ് കൺട്രോൾ റൂമിൽ നിന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആറ് അത്ലറ്റുകൾ ഇപ്പോൾ നിരീക്ഷണത്തിലാണ്, ഇന്ത്യൻ ടീം ഹെഡ് ഗുർശരൺ സിങ് അറിയിച്ചു.
മാരിയപ്പനും, ഡിസ്കസ് ത്രോ താരം വിനോദ് കുമാറും ഇപ്പോൾ നിരീക്ഷണത്തിലാണ്. അതിനാൽ ഇരുവർക്കും ഇന്ന് നടക്കുന്ന മാർച്ച് പാസ്റ്റിൽ പങ്ക്ചേരാനാകില്ല. മാരിയപ്പന് പകരം ടെക്ക്‌ചന്ദ് ഇന്ത്യൻ പതാകയേന്തും, ഗുർശരൺ സിങ് കൂട്ടിച്ചേർത്തു.
പാരാ ആർച്ചറി, പാരാ അത്ലറ്റിക്‌സ്, പാരാ ബാഡ്മിന്‍റൺ, പാരാ കാനോയിങ്, പാരാ ഷൂട്ടിങ്, പാരാ സ്വിമ്മിങ്, പാരാ പവർലിഫ്റ്റിങ്, പാരാ ടേബിൾ ടെന്നീസ്, പാരാ തായ്ക്വോണ്ടോ തുടങ്ങി ഒൻപത് കായിക ഇനങ്ങളിലായി 54 ഇന്ത്യൻ താരങ്ങളാണ് ഇത്തവണ മത്സരത്തിനിറങ്ങുന്നത്. പാരാലിമ്പിക്‌സിലെ ഏറ്റവും വലിയ ഇന്ത്യൻ സംഘമാണ് ഇത്തവണ ടോക്കിയോയിലെത്തിയിരിക്കുന്നത്.
ALSO READ: നിങ്ങൾ രാജ്യത്തിന് അഭിമാനമായി മാറും; പാരാലിമ്പിക്‌സ് താരങ്ങൾക്ക് ആശംസയുമായി വിരാട് കോലി
11 പാരാലിമ്പിക്‌സുകളിൽ നിന്നായി നാല് സ്വർണമടക്കം 12 മെഡലുകൾ ഇന്ത്യ ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്. 160 രാജ്യങ്ങളില്‍ നിന്നായി 4400 അത്‌ലറ്റുകളാണ് ഇക്കുറി പാരാലിമ്പിക്‌സിന്‍റെ ആവേശപ്പോരിനെത്തുന്നത്. സെപ്റ്റംബര്‍ അഞ്ച് വരെയാണ് മത്സരങ്ങള്‍ നടക്കുക. തെയ്‌ക്കോണ്‍ഡോയും ബാഡ്മിന്‍റണും ഉള്‍പ്പെടെ 22 മത്സര ഇനങ്ങളാണ് ടോക്കിയോയില്‍ നടക്കുക.