ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ ആരംഭിക്കാനിരിക്കുന്ന ഷൂട്ടിങ് ലോകകപ്പില്‍ നിന്നും ആറ് രാജ്യങ്ങൾ പിന്‍മാറി. കൊവിഡ് 19 ഭീഷണിയെ തുടർന്നാണ് തീരുമാനം. വൈറസ് ബാധ രൂക്ഷമായ ചൈന ഉൾപ്പെടെയുള്ള ആറ് രാജ്യങ്ങളാണ് ലോകകപ്പ് മത്സരങ്ങളില്‍ നിന്നും പിന്മാറിയത്. നാഷണല്‍ റൈഫിൾ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്‍റ് നരീന്ദ്രർ സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചൈനയെ കൂടാതെ തായ്‌വാന്‍, ഹോങ്കോങ്ങ്, മക്കാവു, ഉത്തര കൊറിയ, തുർക്ക്‌മെനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളും മത്സരത്തില്‍ നിന്നും വിട്ടുനിന്നതായും അദ്ദേഹം പറഞ്ഞു.
മാർച്ച് 15 മുതല്‍ 26 വരെ കർണി സിംഗ് ഷൂട്ടിങ് റേഞ്ചില്‍ വെച്ച് ലോകകപ്പ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. നേരത്തെ ഈ മാസം രാജ്യത്ത് നടന്ന ലോക ഗുസ്‌തി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായി ചൈനീസ് താരങ്ങൾക്കുള്ള വിസ ഇന്ത്യ നിഷേധിച്ചിരുന്നു. അതേസമയം കൊവിഡ് 19 ബാധയെ തുടർന്ന് ലോകത്ത് മരിച്ചവരുടെ എണ്ണം 2600 ആയി. 80,000-ത്തില്‍ അധികം പേർക്ക് വൈറസ് ബാധ ഉണ്ടായതായാണ് വിവരം. അതേസമയം പാകിസ്ഥാനില്‍ നിന്നുള്ള താരങ്ങൾ ലോകകപ്പില്‍ പങ്കെടുക്കില്ലെന്നും എന്‍ആർഎ അധ്യക്ഷന്‍ കൂട്ടിച്ചേർത്തു. പുതിയ പരിശീലകന്‍ ചുമതലയേറ്റ സാഹചര്യത്തിലാണ് പാകിസ്ഥാന്‍ ലോകകപ്പില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.