എറണാകുളം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (Indian Super League - ISL) മുംബൈ സിറ്റി എഫ്‌സിയെ (Mumbai City FC) തകര്‍ത്ത് തരിപ്പണമാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ് (Kerala Blasters). ക്രിസ്‌തുമസ് തലേന്ന് കൊച്ചിയിലെത്തിയ മുംബൈയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത് (KBFC vs MCFC Match Result ISL). ദിമിത്രിയോസ് ഡയമന്‍റക്കോസും (Dimitrios Diamantakos) ക്വാമി പെപ്രയുമാണ് (Kwame Peprah) കേരളത്തിന് വേണ്ടി ഗോളുകള്‍ നേടിയത്.
മുംബൈ ഫുട്‌ബോള്‍ അരീനയിലെ തോല്‍വിക്ക് പകരം വീട്ടുന്നതായി മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ ജയം. സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്‍റെ ഏഴാം ജയവും മുംബൈയുടെ ആദ്യ തോല്‍വിയുമാണിത്. 11 മത്സരം പൂര്‍ത്തിയായപ്പോള്‍ 23 പോയിന്‍റുമായി പോയിന്‍റ് പട്ടികയില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് (ISL Points Table).