എറണാകുളം: ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ ഒമ്പതാം സീസണിന് ഇന്ന്(ഒക്‌ടോബര്‍ 7) കൊച്ചിയിൽ തുടക്കമാകും. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്‌ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെയാണ് നേരിടുക. വൈകുന്നേരം 7.30 നാണ് മത്സരം. നിലവിലെ റണ്ണേഴ്‌സ് അപ്പായ ബ്ലാസ്റ്റേഴ്‌സ് കിരീട പ്രതീക്ഷയോടെയാണ് പുതിയ സീസണിൽ കളിക്കാനിറങ്ങുന്നത്.
ഉദ്ഘാടന മത്സരത്തിൽ സ്വന്തം കാണികൾക്ക് മുമ്പിൽ വിജയത്തിൽ കുറഞ്ഞൊന്നും മഞ്ഞപ്പട പ്രതീക്ഷിക്കുന്നില്ല. അതേസമയം കഴിഞ്ഞതവണ ലീഗിൽ അവസാന സ്ഥാനക്കാരായ ഈസ്റ്റ് ബംഗാൾ വിജയ തുടക്കത്തോടെ തിരിച്ചുവരവ് അറിയിക്കാനാണ് ആഗ്രഹിക്കുന്നത്. രണ്ടുവർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഐഎസ്എൽ ഹോം- ആൻഡ് എവേ അടിസ്ഥാനത്തിലേക്ക് തിരിച്ചെത്തുന്നത് .
മഞ്ഞക്കടലിരമ്പും: പൂർണമായും കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിച്ചുള്ള ഐഎസ്എൽ മത്സരം പുനരാംരംഭിക്കുന്നതും രണ്ട് വർഷത്തിന് ശേഷമാണ്. ഇത്തവണ ഉദ്ഘാടന മത്സരം ഉള്‍പ്പടെ ബ്ലാസ്റ്റേഴ്‌സിന്‍റെ 10 ഹോം മത്സരങ്ങള്‍ക്ക് കൊച്ചി വേദിയാവും. ഒക്‌ടോബർ 16ന് മോഹൻ ബഗാനുമായാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ രണ്ടാം മത്സരം. 23ന് ഒഡീഷ എഫ്‌സിക്കെതിരെയാണ് മഞ്ഞപ്പടയുടെ പോരാട്ടം.
സെർബിയക്കാരനായ ഇവാൻ വുകോമാനോവിച്ച് എന്ന കരുത്തനായ കോച്ചിന്‍റെ പരിശീലന മികവിലാണ് ബ്ലാസ്റ്റേഴ്‌സ് കളിക്കാനിറങ്ങുന്നത്. കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന 16 പേരെ നിലനിർത്തിയപ്പോൾ 12 പേർ പുതുതായെത്തി. 14 യുവതാരങ്ങളാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സ് നിരയിലുള്ളത്.
കരുത്തുറ്റ താരങ്ങൾ: ഫൈനൽ വരെയെത്തിയ കഴിഞ്ഞ സീസണിൽ ടീമിന്‍റെ ഹീറോ ആയിരുന്ന യുറഗ്വായ് താരം അഡ്രിയാൻ ലൂണ തന്നെയാകും ഇത്തവണയും ബ്ലാസ്റ്റേഴ്‌സിന്‍റെ പ്ലേ മേക്കർ. മധ്യനിരയിൽ ഡിഫൻസീവ് മിഡ്‌ഫീൽഡർ അപ്പോസ്തോലോസ് ജിയാനുവും പ്രതിരോധത്തിൽ മാർക്കോ ലെസ്കോവിച്ചോ വിക്‌ടർ മോംഗിലോയും അണിനിരക്കും.
മലയാളി താരങ്ങളായ കെപി രാഹുൽ മുന്നേറ്റത്തിലും സഹൽ അബ്ദുൽ സമദ് മധ്യനിരയിലും ആദ്യ ഇലവനിലുണ്ടാകാനാണ് സാധ്യത. പ്രതിരോധത്തിൽ ക്യാപ്റ്റൻ ജെസെൽ കാർനെയ്റോക്കൊപ്പം ഇന്ത്യൻ താരങ്ങളായ നിഷുകുമാറും ഹർമൻജോത് ഖബ്രയും അണിനിരക്കുന്നതും ബ്ലാസ്റ്റേഴ്‌സിന് കരുത്ത് പകരും.
മുൻ ഇന്ത്യൻ കോച്ച് സ്റ്റീഫൻ കോൺസ്റ്റന്‍റൈനിന്‍റെ കീഴിൽ ഇറങ്ങുന്ന ഈസ്റ്റ് ബംഗാളിന് ഇത്തവണ മികച്ച താരങ്ങളുടെ കരുത്തുണ്ട്. ഇത്തവണ നാല് ടീമുകൾക്ക് പകരം ആറ് ടീമുകൾ പ്ലേ ഓഫിൽ ഏറ്റുമുട്ടും. ലീഗ് ഘട്ടത്തില്‍ ആദ്യ രണ്ട് സ്ഥാനക്കാർ നേരിട്ട് സെമി ഫൈനൽ ഉറപ്പിക്കും.
എലിമിനേറ്റർ മത്സരങ്ങളിൽ മൂന്നാം സ്ഥാനക്കാരും ആറാം സ്ഥാനക്കാരും, നാല്, അഞ്ച് സ്ഥാനങ്ങളിലെ ടീമുകളും തമ്മിൽ ഏറ്റുമുട്ടിയാകും മറ്റ് സെമി ഫൈനലിസ്റ്റുകളെ തീരുമാനിക്കുക. പത്ത് ഹോം മത്സരങ്ങളടക്കം ഒരോ ടീമുകളും 20 മത്സരങ്ങളാണ് കളിക്കുക. ഫെബ്രുവരി 26 വരെയാണ് ലീഗ് മത്സരങ്ങൾ ക്രമീകരിച്ചിട്ടുള്ളത്.