കൊച്ചി: യുക്രൈനിൽ നിന്നുള്ള മധ്യനിര താരം ഇവാൻ കലിയൂഷ്‌നിയെ സ്വന്തമാക്കി ഐഎസ്‌എല്‍ ക്ലബ് കേരള ബ്ലാസ്‌റ്റേഴ്‌സ്. എഫ്‌കെ ഒലക്‌സാണ്ട്രിയയിൽ നിന്ന് വായ്‌പാടിസ്ഥാനത്തിലാണ് താരം ബ്ലാസ്‌റ്റേഴ്‌സില്‍ എത്തുന്നത്. 24കാരനായ കലിയൂഷ്‌നിയുമായി ഒരു വര്‍ഷത്തേക്ക് കരാര്‍ ഒപ്പുവച്ചതായി ബ്ലാസ്‌റ്റേഴ്‌സ് അറിയിച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബ്ബിൽ ചേരുന്നതിൽ ആവേശഭരിതനാണെന്ന് ഇവാൻ കലിയൂഷ്‌നി പറഞ്ഞു. പുതിയ വെല്ലുവിളികള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പ്രശസ്‌തമായ മഞ്ഞപ്പടയെ കാണാനും, അവർക്കും ക്ലബ്ബിനും വേണ്ടി എല്ലാം നൽകാനും അതിയായ സന്തോഷമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
യുക്രൈൻ ക്ലബ്ബ് മെറ്റലിസ്റ്റ് ഖാർകിവിനൊപ്പമാണ് താരം തന്‍റെ യൂത്ത് കരിയർ ആരംഭിച്ചത്. തുടർന്ന് യുക്രൈന്‍ വമ്പന്മാരായ ഡൈനാമോ കീവിന് വേണ്ടിയും കളത്തിലിറങ്ങിയ താരം ടീമിനെ യുവേഫ യൂത്ത് ലീഗിൽ പ്രതിനിധീകരിച്ചു. പിന്നാലെ മെറ്റലിസ്‌റ്റ് 1925 ഹർകീവിനൊപ്പമാണ് കലിയൂഷ്‌നി സീനിയർ കരിയർ ആരംഭിച്ചത്.
അവര്‍ക്കൊപ്പം 27 മത്സരങ്ങളിലാണ് കളിച്ചത്. അടുത്ത സീസണിൽ യുക്രൈനിലെ റൂഖ് ലിവിനൊപ്പവും താരം കളിച്ചു. 32 മത്സരങ്ങളില്‍ രണ്ട് ഗോളുകളാണ് സമ്പാദ്യം. ഇവിടെ നിന്നും 2021 ഫെബ്രുവരിയിലാണ് ഒലക്‌സാണ്ട്രിയയിൽ എത്തുന്നത്. ക്ലബ്ബിനൊപ്പം 23 മത്സരങ്ങളിൽ രണ്ട് ഗോളുകള്‍ അടിക്കുകയും നാല് അസിസ്റ്റുകള്‍ സ്വന്തമാക്കുകയും ചെയ്‌തു.
അതേസമയം അടുത്ത സീസണിലേക്കായി ബ്ലാസ്‌റ്റേഴ്‌സിന്‍റെ മൂന്നാമത്തെ വിദേശ സൈനിങ് ആണിത്. മുന്നേറ്റ താരം അപ്പോസ്‌തൊലോസ് ജിയാനുവിനെയും, പ്രതിരോധ താരം വിക്‌ടർ മോംഗിലിനെയേയുമാണ് അടുത്തിടെയായി ബ്ലാസ്റ്റേഴ്‌സ് കൂടാരത്തില്‍ എത്തിച്ചത്.