വാസ്‌കോ: ഐഎസ്‌എല്ലില്‍ നിര്‍ണായക മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് നാളെ മുംബൈ സിറ്റി എഫ്‌സിക്കെതിരെയിറങ്ങും. സീസണില്‍ 18 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇരും സംഘവും ഒരു പോയിന്‍റ് വ്യത്യാസത്തില്‍ നാലും അഞ്ചും സ്ഥാനത്താണ്.
31 പോയിന്‍റുള്ള മുംബൈ നാലാം സ്ഥാനത്തുള്ളപ്പോള്‍ 30 പോയിന്‍റുള്ള ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്. ഇതോടെ ജയിക്കുന്ന ടീമിന് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാം. എന്നാല്‍ വിജയത്തില്‍ കുറഞ്ഞതൊന്നും മുന്നോട്ടുള്ള യാത്രയ്‌ക്ക് ബ്ലാസ്‌റ്റേഴ്‌സിന് തുണയാവില്ല.
ചെന്നൈയിന്‍ എഫ്‌സിക്കെതിരെ 3-0ന്‍റെ മികച്ച വിജയം നേടിയതിന്‍റെയും സീസണില്‍ ആദ്യവട്ടം ഏറ്റുമുട്ടിയപ്പോള്‍ മൂന്ന് ഗോളിന് മുംബൈ പരാജയപ്പെടുത്തിയതിന്‍റേയും ആത്മവിശ്വാസം ബ്ലാസ്‌റ്റേഴ്‌സിനുണ്ട്. അതേസമയം നോര്‍ത്ത് ഈസ്റ്റിനും ഗോവയ്‌ക്കുമെതിരായ തുടര്‍വിജയങ്ങളുമായാണ് മുംബൈയുടെ വരവ്.
നാളത്തേത് ജീവന്‍ മരണപ്പോരാട്ടം തന്നെയാണെന്നാണ് ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാൻ വുകോമാനോവിച്ചിനും പറയാനുള്ളത്. "ഒരു ഫുട്ബോൾ കളിക്കാരനെന്ന നിലയിൽ നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നാളത്തെ കളിയാണ്. ഒരു മുൻനിര ടീമിനെതിരെ കളിക്കുന്നത് സന്തോഷകരമാണ്.
ഞങ്ങള്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട്. മറ്റ് ഗെയിമുകളെ അപേക്ഷിച്ച് അതിന് വലിയ മാറ്റമൊന്നുമില്ല. മൈതാനത്ത് ഞങ്ങളുടെ ശക്തി കാണിക്കാൻ ഞങ്ങൾ തയ്യാറാണ് " ഇവാൻ വുകോമാനോവിച്ച് പറഞ്ഞു. ക്യാപ്റ്റന്‍ അഡ്രിയാൻ ലൂണ തന്നെയാണ് ബ്ലാസ്‌റ്റേഴ്സിന്‍റെ തുറപ്പുചീട്ട്. ഗോളടിക്കാനും അടിപ്പിക്കാനുമുള്ള ലൂണയുടെ കഴിവ് നിര്‍ണായകമാവും.
അതേസമയം ടേബിള്‍ ടോപ്പേഴ്‌സായ ഹൈദരാബാദ് എഫ്‌സി 35 പോയിന്‍റോടെ പ്ലേ ഓഫിലെത്തിയിട്ടുണ്ട്. രണ്ടും മൂന്നും സ്ഥാനത്തുള്ള ജംഷഡ്‌പൂരിനും എടികെ മോഹന്‍ ബഹഗാനും ഒരു പോയിന്‍റ് ലഭിച്ചാല്‍ അവസാന നാലില്‍ ഇടം ഉറപ്പിക്കാം. ഇതോടെ പ്ലേ ഓഫില്‍ ബാക്കിയുള്ള ഒരു സ്ഥാനത്തിനായാണ് ബ്ലാസ്‌റ്റേഴ്‌സും മുംബൈയും പോരടിക്കാനിറങ്ങുന്നത്.