പനാജി : ഐഎസ്‌എല്ലില്‍ ശനിയാഴ്‌ച നടന്ന മത്സരത്തില്‍ എടികെ മോഹന്‍ ബഗാനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന് സമനിലക്കുരുക്ക്. രണ്ട് ഗോളുകള്‍ വീതം നേടിയാണ് ഇരു സംഘവും സമനിലയില്‍ പിരിഞ്ഞത്. ഇഞ്ച്വറി ടൈമിന്‍റെ അവസാന മിനിട്ടിലാണ് ബ്ലാസ്‌റ്റേഴ്‌സ് സമനില ഗോള്‍ വഴങ്ങിയത്.
മഞ്ഞപ്പടയ്‌ക്കായി ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഡേവിഡ് വില്യംസും ജോണി കൗക്കോയും എടികെയ്‌ക്കായി ലക്ഷ്യം കണ്ടു.
മത്സരത്തിന്‍റെ ഏഴാം മിനിട്ടില്‍ തന്നെ ലൂണയുടെ ഫ്രീകിക്ക് ഗോളിലൂടെ മുന്നിലെത്താന്‍ ബ്ലാസ്റ്റേഴ്‌സിനായിരുന്നു. എന്നാല്‍ എട്ടാം മിനിട്ടില്‍ ഡേവിഡ് വില്യംസിന്‍റെ ഗോളില്‍ എടികെ ഒപ്പം പിടിച്ചു. തുടര്‍ന്ന് 64ാം മിനിട്ടില്‍ ലൂണ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും മുന്നിലെത്തി.
പിന്നിലായതോടെ എടികെ ആക്രമണം കടുപ്പിച്ചെങ്കിലും കേരള പ്രതിരോധവും ഗോള്‍ കീപ്പര്‍ പ്രഭ്‌സുഖന്‍ ഗില്ലും ഗോള്‍ നിഷേധിച്ചു. എന്നാല്‍ 97ാം മിനിട്ടില്‍ എടികെയ്‌ക്കായി കോകോ ലക്ഷ്യം കണ്ടത് ബ്ലാസ്‌റ്റേഴ്‌സിന് കുരുക്കായി.
92ാം മിനിട്ടില്‍ എടികെയുടെ പ്രബീര്‍ ദാസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായപ്പോള്‍ അധിക സമയത്തിന്‍റെ അവസാന നിമിഷം സൈഡ് ബഞ്ചിലിരുന്ന ബ്ലാസ്‌റ്റേഴ്‌സിന്‍റെ ജോര്‍ജെ പെരേര ഡയസിനും എടികെ കോച്ചിങ് സ്റ്റാഫിനും ചുവപ്പ് കാര്‍ഡ് ലഭിച്ചു. റഫറിയോട് കയര്‍ത്തതിനാണ് ഇവര്‍ക്ക് ചുവപ്പ് കിട്ടിയത്.
മത്സരം സമനിലയിലായതോടെ 16 കളികളില്‍ 30 പോയിന്‍റുള്ള എടികെ ഒന്നാമതെത്തി. 16 കളികളില്‍ 27 പോയിന്‍റുള്ള ബ്ലാസ്‌റ്റേഴ്‌സ് നാലാം സ്ഥാനത്ത് തുടരുകയാണ്.