മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്‌എല്‍) നോക്കൗട്ടില്‍ ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തിനിടെ നടത്തിയ വാക്കൗട്ടില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്‍ (എഐഎഫ്എഫ്) കടുത്ത നടപടിയെടുത്തേക്കില്ല. ബ്ലാസ്‌റ്റേഴ്‌സിനെ വിലക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടിക്ക് എഐഎഫ്എഫ് അച്ചടക്ക സമിതി മുതിരില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ ക്ലബില്‍ നിന്നും വമ്പന്‍ തുക പിഴ ഈടാക്കിയേക്കുമെന്നും ഈ തുക അഞ്ച് മുതല്‍ ഏഴ് വരെ കോടി രൂപ വരെയാവാമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
എഐഎഫ്എഫ് ഡിസിപ്ലിനറി കോഡിലെ ആർട്ടിക്കിൾ 58 പ്രകാരമാണ് ബ്ലാസ്‌റ്റേഴ്‌സിനെതിരെ നടപടിയുണ്ടാവുക. ഇതു പ്രകാരം മത്സരം പൂര്‍ത്തിയാക്കാതിരുന്നതിന് കുറഞ്ഞത് ആറ് ലക്ഷം രൂപയാണ് പിഴ ലഭിക്കുക. നോക്കൗട്ട് മത്സരത്തിന്‍റെ എക്‌സ്‌ട്രാ ടൈമില്‍ ബെംഗളൂരു നായകന്‍ സുനില്‍ ഛേത്രി നേടിയ വിവാദ ഫ്രീ കിക്ക് ഗോളിന് പിന്നാലെ പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചിന്‍റെ നിര്‍ദേശപ്രകാരമായിരുന്നു ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഗ്രൗണ്ട് വിട്ടത്.
ക്ലബിന് അയോഗ്യതയും അല്ലെങ്കില്‍ വരാനിരിക്കുന്ന ഐഎസ്എൽ സീസണിൽ നിന്ന് പോയിന്‍റുകൾ വെട്ടിക്കുറയ്‌ക്കുന്നതുള്‍പ്പെടെയുള്ള ശിക്ഷകളും ഇതിന് ലഭിക്കുമായിരുന്നു. ടീമിനെ തിരികെ വിളിച്ചതിന് ഇവാന്‍ വുകോമാനോവിച്ചിനെതിരെ നടപടിയുണ്ടാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ എന്ത് നടപടിയാണ് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന് നേരിടേണ്ടിവരികയെന്നത് വ്യക്തമല്ല. കഴിഞ്ഞ സീസണില്‍ ഉള്‍പ്പെടെ തങ്ങള്‍ക്കെതിരെയുണ്ടാവുന്ന റഫറിയുടെ വിവാദ തീരുമാനങ്ങളില്‍ പ്രതിഷേധിച്ചാണ് മത്സരത്തില്‍ വാക്കൗട്ട് നടത്തിയതെന്ന് എഐഎഫ്എഫ്‌യ്‌ക്ക് നേരത്തെ ഇവാന്‍ വുകോമാനോവിച്ച് വിശദീകരണം നല്‍കിയിരുന്നു. ഐഎസ്എല്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ടീം മത്സരം പൂര്‍ത്തിയാക്കാതെ വാക്കൗട്ട് നടത്തുന്നത്.
അതേസമയം എഐഎഫ്എഫ് എത്ര പിഴ ചുമത്തിയാലും അതിനെതിരെ അപ്പീൽ നല്‍കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞേക്കും. ബെംഗളൂരുവിന്‍റെ തട്ടകമായ ശ്രീകണ്‌ഠീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെയാണ് വിവാദ സംഭവം അരങ്ങേറിയത്. നിശ്ചിത സമയത്ത് ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനാവാതെ വന്നതോടെ മത്സരം അധിക സമയത്തേക്ക് നീളുകയായിരുന്നു. തുടര്‍ന്ന് 96ാം മിനിട്ടിലാണ് ഛേത്രിയുടെ വിവാദ ഫ്രീ കിക്ക് ഗോള്‍ വന്നത്.
ബ്ലാസ്‌റ്റേഴ്‌സിന്‍റെ ബോക്‌സിന് പുറത്ത് സുനിൽ ഛേത്രിയെ ഫൗൾ ചെയ്‌തതിനായിരുന്നു ബെംഗളൂരുവിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചത്. ഫ്രീകിക്ക് പ്രതിരോധിക്കാൻ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ തയ്യാറെടുക്കുന്നതിനിടെ അപ്രതീക്ഷിതമായി ഛേത്രി പോസ്റ്റിലേക്ക് പന്തടിച്ച് കയറ്റുകായിരുന്നു.
ഈ സമയം താരങ്ങളുടെ പൊസിഷൻ നിയന്ത്രിക്കുന്നതിനായി ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ പ്രഭ്‌സുഖൻ സിങ് പോസ്റ്റിന് ഒരുപാട് പുറത്തേക്ക് ഇറങ്ങി നിൽക്കുകായിരുന്നു. ക്വിക്ക് റീ സ്റ്റാര്‍ട്ടിലാണ് തങ്ങള്‍ ഗോളടിച്ചതെന്നാണ് ബെംഗളൂരു ഉയര്‍ത്തുന്ന വാദം. ഫൗളിന് പിന്നാലെ പിന്നാലെ അതിവേഗം മത്സരം പുനരാരംഭിക്കുന്നതിനെയാണ് ക്വിക്ക് റീ സ്റ്റാര്‍ട്ട് എന്ന് പറയുന്നത്.
ഇതിനായി റഫറി വിസില്‍ നല്‍കേണ്ടതില്ല. എന്നാല്‍ ഫൗളിന് ശേഷം അല്‍പ്പ സമയം കഴിഞ്ഞാണ് ഛേത്രി ഫ്രീ കിക്ക് എടുത്തതെന്നാണ് ബ്ലാസ്‌റ്റേഴസിന്‍റെ വാദം. ബെംഗളൂരുവിനെതിരായ മത്സരം വീണ്ടും നടത്തണമെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും എഐഎഫ്എഫ് തള്ളിയിരുന്നു. എന്തുതന്നെയായാലും ബ്ലാസ്‌റ്റേഴ്‌സ് മത്സരം പൂര്‍ത്തിയാക്കണമായിരുന്നുവെന്ന നിലപാടിലായിരുന്നു എഐഎഫ്എഫ് ഉറച്ച് നിന്നത്.
ALSO READ: സെഞ്ചൂറിയൻ മെസി; രാജ്യാന്തര കരിയറിൽ നൂറ് ഗോളുകൾ തികച്ച് സൂപ്പർ താരം ലയണൽ മെസി