ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 16-ാം പതിപ്പില്‍ നിന്നും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് നായകന്‍ കെഎല്‍ രാഹുല്‍ പുറത്ത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ കഴിഞ്ഞ മത്സരത്തിനിടെ രാഹുലിന്‍റെ തുടയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. രാഹുലിന്‍റെ അഭാവത്തില്‍ ഓള്‍റൗണ്ടര്‍ ക്രൂനാല്‍ പാണ്ഡ്യയാണ് ഇന്ന് ചെന്നൈക്കെതിരായ മത്സരത്തില്‍ ലഖ്‌നൗ ടീമിനെ നയിക്കുന്നത്.
ആര്‍സിബിക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ രാഹുല്‍ പതിനൊന്നാമനായാണ് മറുപടി ബാറ്റിങ്ങില്‍ ടീമിനായി ഇറങ്ങിയത്. മത്സരത്തില്‍ 127 എന്ന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ലഖ്‌നൗ 18 റണ്‍സിന് ബാംഗ്ലൂരിനോട് തോറ്റിരുന്നു. രാഹുലിന് പുറമെ വെറ്ററന്‍ പേസര്‍ ജയ്‌ദേവ് ഉനദ്‌ഘട്ടിനും പരിക്കിനെ തുടര്‍ന്ന് ഐപിഎല്ലില്‍ ഇനിയുളള മത്സരങ്ങള്‍ നഷ്‌ടമാവും. ഇരുവരും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുളള ഇന്ത്യന്‍ ടീമില്‍ ഭാഗമാണ്.
ജൂണ്‍ 7 മുതല്‍ 11 വരെ ലണ്ടനില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന് രാഹുലിന്‍റെയും ഉനദ്‌ഘട്ടിന്‍റെയും പരിക്ക് തിരിച്ചടിയാണ്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്‍പ് ടീമിലെ സീനിയര്‍ പ്ലെയറായ രാഹുലിനെ സജ്ജമാക്കുക എന്നത് ബിസിസിഐ മെഡിക്കല്‍ ടീമിന് ബുദ്ധിമുട്ടേറിയ കാര്യമായിരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആര്‍സിബിക്കെതിരായ മത്സരത്തില്‍ ഫാഫ് ഡുപ്ലസിസിന്‍റെ കവര്‍ ഡ്രൈവ് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് രാഹുലിന്‍റെ വലത് തുടയ്‌ക്ക് പരിക്കേറ്റത്.
നിലവില്‍ ടീമിനൊപ്പമുളള രാഹുല്‍ ചെന്നൈയ്‌ക്കെതിരായ മത്സരത്തിന് ശേഷം വ്യാഴാഴ്‌ച ലഖ്‌നൗ ക്യാമ്പ് വിടുമെന്നാണ് അറിയുന്നത്. രാഹുലിന്‍റെയും ഉനദ്‌ഘട്ടിന്‍റെയും സ്‌കാനിംഗ് മുംബൈയില്‍ നടക്കുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്‌തു. "സാധാരണ ആർക്കെങ്കിലും ഇത്തരത്തിൽ പരിക്കേൽക്കുമ്പോൾ, പരിക്കേറ്റ ഭാഗത്തായി കാര്യമായ അളവിൽ വേദനയും വീക്കവും ഉണ്ടാകും. വീക്കം ഭേദമാകാൻ ഏകദേശം 24 മുതൽ 48 മണിക്കൂർ വരെ എടുക്കും, അതിനുശേഷം മാത്രമേ നിങ്ങൾക്ക് സ്‌കാൻ ചെയ്യാൻ കഴിയൂ.
ടെസ്റ്റ് ടീമിലെ പ്രധാന അംഗമായ രാഹുല്‍ ഐപിഎല്ലിൽ ഇനിയുളള മത്സരങ്ങള്‍ കളിക്കില്ല എന്നത് വിവേകമുള്ള കാര്യമാണ്. സ്‌കാനിങ്ങ് റിസള്‍ട്ട് വന്ന ശേഷമാകും ഇനിയുളള കാര്യങ്ങള്‍ ബിസിസിഐ മെഡിക്കല്‍ ടീം തീരുമാനിക്കുക. ഉനദ്‌ഘട്ടിന്‍റെ പരിക്കിനെ കുറിച്ചും അത്ര നല്ല കാര്യങ്ങളല്ല മനസിലാക്കാന്‍ സാധിക്കുന്നത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സമയത്ത് ഫിറ്റ്‌നെസ് വീണ്ടെടുത്ത് ഉനദ്‌ഘട്ട് കളിക്കുമോ എന്ന കാര്യവും ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഐപിഎല്‍ പോയിന്‍റ് പട്ടികയില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്. ബാംഗ്ലൂരിനെതിരായ കഴിഞ്ഞ മത്സരത്തിലെ തോല്‍വിയിലൂടെ പോയിന്‍റ് ടേബിളില്‍ തലപ്പത്ത് എത്താനുളള അവസരം ലഖ്‌നൗ നഷ്‌ടപ്പെടുത്തിയിരുന്നു. ഇന്ന് ചെന്നൈയ്‌ക്കെതിരെ വിജയത്തില്‍ കുറഞ്ഞതൊന്നും ലഖ്‌നൗ പ്രതീക്ഷിക്കുന്നില്ല. കെയ്‌ല്‍ മേയേഴ്‌സ്, മാര്‍ക്കസ് സ്റ്റോയിനസ്, നിക്കോളാസ് പുരാന്‍, ആയുഷ് ബദോനി എന്നീ ലഖ്‌നൗവിന്‍റെ പ്രധാന താരങ്ങളെല്ലാം മികച്ച ഫോമിലാണ്.