ഭുവനേശ്വര്‍: ഇന്‍റർകോണ്ടിനെന്‍റൽ കപ്പ് ജേതാക്കളായ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ഒഡിഷ സര്‍ക്കാര്‍. ടീമിന് ഒരു കോടി രൂപ നല്‍കുമെന്നാണ് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് അറിയിച്ചിരിക്കുന്നത്. ഒഡിഷയിലെ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന ഇന്‍റർകോണ്ടിനെന്‍റൽ കപ്പ് ഫൈനലില്‍ ലെബനനെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യ കിരീടം ഉയര്‍ത്തിയത്.
എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ആതിഥേയരുടെ വിജയം. ഇന്ത്യയ്‌ക്കായി നായകൻ സുനിൽ ഛേത്രി, ലാല്യൻസ്വാല ചാങ്‌തെ എന്നിവരാണ് ഗോളടിച്ചത്. ഒഡിഷയിൽ ഇനിയും നിരവധി ഫുട്ബോൾ മത്സരങ്ങള്‍ നടത്തുമെന്നും ഇന്ത്യയില്‍ അതിന്‍റെ വളര്‍ച്ചയ്‌ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും നവീൻ പട്‌നായിക് പറഞ്ഞു.
"ഇന്‍റർകോണ്ടിനെന്‍റൽ കപ്പിന് ആതിഥേയത്വം വഹിക്കാന്‍ കഴിഞ്ഞത് സംസ്ഥാനത്തെ സംബന്ധിച്ച് അഭിമാനകരമായ കാര്യമാണ്. കഠിനമായ മത്സരങ്ങള്‍ക്കൊടുവില്‍ കപ്പ് നേടിയ ഇന്ത്യന്‍ ടീമിന് അഭിനന്ദനങ്ങൾ. ഒഡിഷയിൽ ഇനിയും നിരവധി ഫുട്ബോൾ മത്സരങ്ങള്‍ നടത്താനും ഇന്ത്യയില്‍ അതിന്‍റെ വളർച്ചയെ പൂര്‍ണമായും പിന്തുണയ്‌ക്കുകയാണ് ഞങ്ങളുടെ തീരുമാനം", സമാപന ചടങ്ങിൽ പട്‌നായിക് പറഞ്ഞു.
ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനിൽ (എഎഫ്‌സി) നിന്ന് ആതിഥേയരായ ഇന്ത്യയ്‌ക്ക് പുറമെ ലെബനനും മംഗോളിയയും, ഓഷ്യാനിയ ഫുട്ബോൾ കോൺഫെഡറേഷനിൽ (ഒഎഫ്‌സി) നിന്ന് വനൗതുവുമായിരുന്നു ഇന്‍റര്‍കോണ്ടിനെന്‍റൽ കപ്പില്‍ പോരിനിറങ്ങിയത്. പ്രാഥമിക റൗണ്ടില്‍ യഥാക്രമം ആദ്യ രണ്ട് സ്ഥാനക്കാരായാണ് ഇന്ത്യയും ലെബനനും ഫൈനലിന് ഇറങ്ങിയത്. മൂന്ന് മത്സരങ്ങളില്‍ നിന്നും രണ്ട് വിജയവും ഒരു സമനിലയുമടക്കം ഏഴ് പോയിന്‍റായിരുന്നു ഇന്ത്യയ്‌ക്കുണ്ടായിരുന്നത്. രണ്ടാം സ്ഥാനക്കാരായ ലെബനന് അഞ്ച് പോയിന്‍റായാണ് ലഭിച്ചത്.
പതിഞ്ഞ തുടക്കം പിന്നെ ഇരട്ട പ്രഹരം: കരുത്തുറ്റ നിരയുമായാണ് ലെബനനെതിരായ കലാശപ്പോരിന് ഇന്ത്യ ഇറങ്ങിയത്. സുനില്‍ ഛേത്രി, നിഖില്‍ പൂജാരി, അന്‍വര്‍ അലി, സന്ദേശ് ജിങ്കന്‍, ആകാശ് മിശ്ര, അനിരുദ്ധ് ഥാപ്പ, ജീക്‌സണ്‍ സിങ്, സഹല്‍ അബ്‌ദുൾ സമദ്, ലാലിയന്‍സ്വാല ചാങ്തെ, ആഷിഖ് കുരുണിയന്‍ എന്നിവര്‍ക്കൊപ്പം ഗുര്‍പ്രീത് സിങ് സന്ധുവിനെയാണ് ഗോൾ കീപ്പറായി കോച്ച് ഇഗോര്‍ സ്റ്റിമാക് സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇറക്കിയത്.
പതിഞ്ഞ തുടക്കമായിരുന്നു ഇന്ത്യയുടേത്. ഇടയ്‌ക്ക് ചില മുന്നേറ്റങ്ങളുണ്ടായിരുന്നെങ്കിലും ആദ്യ പകുതിയില്‍ ഇന്ത്യയ്‌ക്ക് ഗോളടിക്കാന്‍ കഴിഞ്ഞിരുന്നില്ല. ലെബനന്‍റെ ഭാഗത്ത് നിന്നും ചില പ്രത്യാക്രമണങ്ങളുണ്ടായുന്നു. എന്നാല്‍ സംഘത്തിനും ലക്ഷ്യം കാണാന്‍ കഴിയാതെ വന്നതോടെ ആദ്യ പകുതി സമനിലയില്‍ അവസാനിച്ചു.
രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമിച്ചായിരുന്നു ഇന്ത്യ കളിച്ചത്. ഇതിന്‍റെ ഫലമായി 46-ാം മിനിട്ടില്‍ ആദ്യ ഗോളടിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞു. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ തകര്‍പ്പന്‍ ഗോളിന് വഴിയൊരുക്കിയത് ലാല്യൻസ്വാല ചാങ്‌തെയാണ്. ഛേത്രിയുടെ രാജ്യാന്തര കരിയറിലെ 87- ഗോളാണിത്. തുടര്‍ന്ന് 66-ാം മിനിട്ടിലാണ് ഇന്ത്യ ചാങ്തെയിലൂടെ രണ്ടാം ഗോളടിക്കുന്നത്.
താരത്തിന്‍റെ കിടുക്കാച്ചി ഇടങ്കാലന്‍ ഷോട്ട് ലെബനൻ ഗോളിയെ നിഷ്‌പ്രഭനാക്കിയാണ് വലയില്‍ കടന്നത്. രണ്ട് ഗോളുകള്‍ക്ക് പിന്നിലായതോടെ തിരിച്ചടിക്കാന്‍ ലെബനൻ കിണഞ്ഞ് ശ്രമിച്ചെങ്കിലും ഇന്ത്യന്‍ പ്രതിരോധം ഉലയാതെ നില്‍ക്കുകയായിരുന്നു.