ജക്കാർത്ത: ഇന്തോനേഷ്യ ഓപ്പൺ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ സ്റ്റാർ ഡബിൾസ് ജോഡിയായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും. പുരുഷ ഡബിള്‍സിലെ സെമി ഫൈനൽ പോരാട്ടത്തില്‍ കൊറിയയുടെ കാങ് മിൻ ഹ്യൂക്- സിയോ സ്യൂങ് ജേ സഖ്യത്തെയാണ് ഏഴാം സീഡായ ഇന്ത്യന്‍ താരങ്ങള്‍ തോല്‍പ്പിച്ചത്. കനത്ത പോരാട്ടത്തിനൊടുവില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും മത്സരം പിടിച്ചത്.
ആദ്യ സെറ്റ് നഷ്‌ടപ്പെട്ട ഇന്ത്യന്‍ താരങ്ങള്‍ പിന്നില്‍ നിന്നും പൊരുതി കയറുകയായിരുന്നു. 67 മിനിട്ടാണ് മത്സരം നീണ്ടു നിന്നത്. വിജയത്തോടെ ബാഡ്‌മിന്‍റണ്‍ സൂപ്പർ 1000 ടൂർണമെന്‍റിന്‍റെ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ ജോഡിയായി 2022-ലെ ലോക ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാക്കളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും മാറി.
മത്സരത്തിലെ ആദ്യ സെറ്റ് 17-21 എന്ന സ്‌കോറിന് കാങ് മിൻ ഹ്യൂക്- സിയോ സ്യൂങ് ജേ സഖ്യം പിടിച്ചിരുന്നു. എന്നാല്‍ 21-19 എന്ന സ്‌കോറിന് രണ്ടാം സെറ്റുപിടിച്ച ഇന്ത്യന്‍ താരങ്ങള്‍ ശക്തമായ തിരിച്ചുവരവ് നടത്തി. നിര്‍ണായകമായ മൂന്നാം സെറ്റില്‍ ഒപ്പത്തിനൊപ്പമാണ് ഇരു സഖ്യവും പൊരുതിയത്.
സ്‌കോര്‍ ഒരു ഘട്ടത്തില്‍ 16-16 എന്ന നിലയിൽ സമനിലയിലായിരുന്നു. എന്നാല്‍ തുടര്‍ച്ചയായ നാല് പോയിന്‍റുകള്‍ നേടിക്കൊണ്ട് 20-16 എന്ന നിലയിലേക്ക് ലീഡുയര്‍ത്താന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായി. ഒടുവില്‍ 21-18 എന്ന സ്‌കോറില്‍ സെറ്റും മത്സരവും കൈപ്പിടിയിലൊതുക്കാനും സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യത്തിന് കഴിഞ്ഞു.
മത്സരത്തിലുടനീളം, കൊറിയന്‍ താരങ്ങളുടെ നിരവധി സെർവുകൾ തിരിച്ച് അയയ്‌ക്കുന്നതില്‍ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും പരാജയപ്പെട്ടുവെന്നത് ശ്രദ്ധേയമാണ്. ഫൈനലില്‍ ഈ പിഴവ് ആവര്‍ത്തിക്കാതിരിക്കാന്‍ ഇരു താരങ്ങളും ശ്രമിക്കേണ്ടതുണ്ട്. അതേസമയം ക്വാർട്ടർ ഫൈനല്‍ പോരാട്ടത്തിൽ ലോക ഒന്നാം നമ്പര്‍ ജോഡിയായ ഇന്തോനേഷ്യയുടെ ഫജർ അൽഫിയാൻ-മുഹമ്മദ് അർഡിയാൻറോ സഖ്യത്തെ കീഴടക്കിയാണ് ഇന്ത്യന്‍ താരങ്ങള്‍ മുന്നേറ്റം ഉറപ്പിച്ചിരുന്നത്.
ഫജർ അൽഫിയാൻ-മുഹമ്മദ് അർഡിയാൻറോ സഖ്യത്തിനെതിരെ മിന്നും പ്രകടനം നടത്തിയ ഇന്ത്യൻ താരങ്ങൾ ഏകപക്ഷീയമായ രണ്ട് സെറ്റുകൾക്കാണ് കളി പിടിച്ചത്. ഏഴാം സീഡായ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ തങ്ങളുടെ മികവിനൊത്ത പ്രകടനം നടത്താന്‍ ലോക ഒന്നാം നമ്പര്‍ ജോഡിയായ ഇന്തോനേഷ്യന്‍ താരങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല.
ഇതോടെ ആദ്യ സെറ്റ് 21-13 എന്ന സ്‌കോറിന് സ്വന്തമാക്കാന്‍ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യത്തിന് കഴിഞ്ഞു. രണ്ടാം സെറ്റില്‍ ഫജർ അൽഫിയാൻ-മുഹമ്മദ് അർഡിയാൻറോ സഖ്യം വമ്പന്‍ തിരിച്ച് വരവ് നടത്തുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. ഇതോടെ ആദ്യ സെറ്റിലേതിനെന്ന പോലെ 21-13 എന്ന സ്‌കോറിനാണ് രണ്ടാം സെറ്റും സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും പിടിച്ചത്.