ന്യൂഡൽഹി : സാഫ് കപ്പ് അടക്കമുള്ള മിന്നും വിജയങ്ങളോടെ അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധേയമാവുകയാണ് ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീം. ഫിഫ റാങ്കിങ്ങില്‍ മുന്നിലുള്ള ടീമുകളെ അടക്കം തോല്‍പ്പിച്ചാണ് ഇന്ത്യയുടെ നേട്ടം. എന്നാല്‍ തുടർച്ചയായ രണ്ടാം തവണയും ഇന്ത്യൻ പുരുഷ ഫുട്ബാൾ ടീമിന് ഏഷ്യൻ ഗെയിംസ് (Asian Games ) നഷ്‌ടമാവും.
ഏഷ്യൻ ഗെയിംസില്‍ പങ്കെടുക്കുന്നതിനായി കേന്ദ്ര കായിക മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള യോഗ്യത മാനദണ്ഡമാണ് പുരുഷ ഫുട്ബാൾ ടീമിന് തിരിച്ചടിയായത്. ഏഷ്യന്‍ റാങ്കിങ്ങില്‍ ആദ്യ എട്ട് സ്ഥാനങ്ങളില്‍ ഉള്‍പ്പെട്ട ടീമുകളില്‍ ഒന്നാണെങ്കില്‍ മാത്രമേ വിവിധയിനങ്ങളിലുള്ള ടീമുകളെ ഏഷ്യൻ ഗെയിംസിന് അയക്കേണ്ടതുള്ളൂ എന്നാണ് കേന്ദ്ര കായിക മന്ത്രാലയം നിശ്ചയിച്ചിരിക്കുന്നത്.
ടീം ഇവന്‍റുകളില്‍, കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഏഷ്യന്‍ റാങ്കിങ്ങില്‍ ആദ്യ എട്ട് സ്ഥാനങ്ങളില്‍ ഉള്‍പ്പെട്ട ടീമുകളില്‍ ഒന്നാണെങ്കില്‍ മാത്രമേ ഏഷ്യൻ ഗെയിംസിനായി ടീമുകളെ അയയ്‌ക്കേണ്ടതുള്ളൂവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും (ഐഒഎ) രാജ്യത്തെ എല്ലാ ദേശീയ സ്‌പോർട്‌സ് ഫെഡറേഷനുകള്‍ക്കും (എൻഎസ്‌എഫ്) കേന്ദ്ര കായിക മന്ത്രാലയം കത്തയച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ യോഗ്യത മാനദണ്ഡമായ ഏഷ്യയിലെ ആദ്യ എട്ടിന് അടുത്തെങ്ങും ഇന്ത്യയ്‌ക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല. നിലവിൽ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്‍റെ കീഴിലുള്ള രാജ്യങ്ങളിൽ 18-ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്.
ഇതോടെയാണ് ഏഷ്യൻ ഗെയിംസില്‍ പന്തുതട്ടാമെന്ന ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീമിന്‍റെ സ്വപ്‌നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീണത്. ഫുട്‌ബോളിന്‍റെ കാര്യത്തില്‍ തീരുമാനം പുനഃപരിശോധിക്കാൻ കായിക മന്ത്രാലയത്തോട് അഭ്യർഥിക്കുമെന്ന് എഐഎഫ്എഫ് സെക്രട്ടറി ജനറല്‍ ഷാജി പ്രഭാകരൻ പ്രതികരിച്ചു.
"ഇത് സർക്കാർ എടുത്ത തീരുമാനമാണ്. അതിനാൽ ഞങ്ങൾ അത് പാലിക്കണം. എന്നിരുന്നാലും, ഫുട്ബോളിനെ സംബന്ധിച്ചിടത്തോളം തീരുമാനം പുനഃപരിശോധിക്കണമെന്ന് ഞങ്ങൾ സർക്കാരിനോട് അഭ്യർഥിക്കും. ഇന്ത്യൻ ടീമിന്‍റെ ഈ വർഷത്തെ പ്രകടനം അങ്ങേയറ്റം പ്രോത്സാഹജനകമാണ്. ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നത് രാജ്യത്തെ ഫുട്ബാളിനും അണ്ടർ 23 ടീമിനും വലിയ ഉത്തേജനമായിരിക്കും" - ഷാജി പ്രഭാകരൻ പറഞ്ഞു.
ALSO READ: WATCH: വന്‍ ആശ്വാസത്തില്‍ കായികലോകം; ലയണല്‍ മെസി അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
2018-ലെ ഏഷ്യൻ ഗെയിംസിലും ഏഷ്യന്‍ റാങ്കിങ്ങില്‍ ആദ്യ എട്ടില്‍ ഇടം പിടിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ കളിപ്പിക്കാതിരുന്നത്. അതേസമയം നേരത്തെ തായ്‌ലൻഡിൽ നടക്കുന്ന കിങ്‌സ് കപ്പിന് ശേഷം (സെപ്റ്റംബർ 7-ന്) ചൈനയിലെ ഹാങ്‌ഷൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനായി ദേശീയ സീനിയർ ടീം പരിശീലകന്‍ ഇഗോർ സ്റ്റിമാകിന്‍റെ കീഴില്‍ അണ്ടർ -23 ടീമിനെ അയയ്‌ക്കാനായിരുന്നു ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പദ്ധതിയിട്ടിരുന്നത്. 2002 മുതൽ, ഏഷ്യൻ ഗെയിംസ് ഫുട്ബോൾ കളിക്കുന്നതിന്‍റെ പ്രായപരിധി 23 വയസാണ്. ഇതിന് മുകളിലുള്ള മൂന്ന് കളിക്കാര്‍ ഒരു ടീമിൽ അനുവദനീയമാണ്.