ന്യൂഡല്‍ഹി : ബഹ്‌റൈൻ, ബെലാറുസ് ടീമുകൾക്കെതിരെ നടക്കാനിരിക്കുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്‍റെ സൗഹൃദ മത്സരങ്ങൾ ഇന്ത്യയിൽ സംപ്രേഷണം ചെയ്യില്ലെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്).
മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യാനും സ്ട്രീം ചെയ്യാനും ബഹ്‌റൈൻ എഫ്‌എയുമായി സഹകരിച്ച് പ്രവർത്തിച്ചിട്ടും, പിന്തുണയുടെ അഭാവവും സാങ്കേതികതയുടെ പോരായ്‌മയുമാണ് ഇന്ത്യയിൽ മത്സരങ്ങൾ സംപ്രേഷണം ചെയ്യാന്‍ സാധിക്കാത്തതിന് പിന്നിലെന്ന് എഐഎഫ്എഫ് പ്രസ്‌താവനയില്‍ അറിയിച്ചു.
രണ്ട് മത്സരങ്ങളുടേയും സംപ്രേഷണ ചുമതല ആതിഥേയ ഫെഡറേഷനാണ്. എ.എഫ്.സി ചാമ്പ്യന്‍ഷിപ്പ് യോഗ്യത മത്സരങ്ങളുടെ അവസാന റൗണ്ടിനുള്ള തയ്യാറെടുപ്പിന്‍റെ ഭാഗമായി ദേശീയ ടീമിന് ആവശ്യമായ എക്സ്പോഷർ നൽകാൻ എഐഎഫ്എഫ് പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്‌താവനയില്‍ വ്യക്തമാക്കുന്നുണ്ട്.
ഈ മാസം 23, 26 തിയതികളില്‍ മനാമയിലാണ് ബഹ്റൈന്‍, ബെലാറുസ് എന്നീ ടീമുകള്‍ക്കെതിരെ ഇന്ത്യ സൗഹൃദ മത്സരങ്ങള്‍ കളിക്കുന്നത്. രണ്ട് മത്സരങ്ങളും ഇന്ത്യൻ സമയം രാത്രി 9.30 ന് കിക്ക് ഓഫ് ചെയ്യും. റാങ്കിങ്ങില്‍ ഇന്ത്യയേക്കാള്‍ മുന്നിലുള്ള രാജ്യങ്ങളാണ് ബഹ്‌റൈനും ബെലാറുസും.
ഇന്ത്യ 104-ാം സ്ഥാനത്തുള്ളപ്പോൾ ബഹ്‌റൈൻ 91-ാം സ്ഥാനത്തും ബെലാറുസ് 94-ാം സ്ഥാനത്തുമാണ്. ജൂൺ 8 മുതൽ കൊൽക്കത്തയിൽ നടക്കുന്ന എ.എഫ്.സി ചാമ്പ്യന്‍ഷിപ്പ് യോഗ്യത മത്സരങ്ങളുടെ അവസാന റൗണ്ടിനുള്ള തയ്യാറെടുപ്പിന്‍റെ ഭാഗമായിട്ടാണ് സൗഹൃദ മത്സരങ്ങൾ നടക്കുന്നത്. 24 ടീമുകളെ ആറ് ഗ്രൂപ്പുകളായി തിരിച്ചാണ് യോഗ്യത മത്സരങ്ങള്‍ നടക്കുക.
also read: ഓവന്‍ കോയ്ല്‍ ജംഷഡ്‌പൂര്‍ എഫ്‌സിയുടെ പരിശീലകസ്ഥാനം ഒഴിഞ്ഞു
ഹോങ്കോങ്, അഫ്‌ഗാനിസ്ഥാൻ, കംബോഡിയ എന്നിവർക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് ഇന്ത്യ. ഗ്രൂപ്പ് വിജയികൾക്കും, മികച്ച അഞ്ച് രണ്ടാം സ്ഥാനക്കാർക്കും ചൈനയിൽ നടക്കുന്ന ഏഷ്യൻ കപ്പിലേക്ക് യോഗ്യത ലഭിക്കും.