മുംബൈ : ഖത്തറിലെ ഫുട്‌ബോൾ മാമാങ്കത്തിന് വിസിൽ മുഴങ്ങാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ലോകകപ്പിന്‍റെ ആവേശത്തിമര്‍പ്പിലാണ് കായികലോകം. ഇപ്പോൾ ഖത്തർ ലോകകപ്പ് ആരംഭിക്കുന്നതിന് മുന്നോടിയായി തങ്ങളുടെ ഇഷ്‌ട താരത്തേയും ഇഷ്‌ട ടീമിനേയും വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. യുവരാജ് സിങ്, രവിചന്ദ്രൻ അശ്വിൻ, പ്രഗ്യാൻ ഓജ എന്നീ താരങ്ങളാണ് ഇത്തവണത്തെ ലോകകപ്പിലെ തങ്ങളുടെ ഫേവറിറ്റുകളെ പ്രഖ്യാപിച്ചത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് തന്‍റെ ഇഷ്‌ട താരമെന്നും അതിനാൽ തന്നെ പോർച്ചുഗലാണ് ഇഷ്‌ട ടീമെന്നും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ് വ്യക്‌തമാക്കി. 'ഈ ലോകകപ്പിൽ പോർച്ചുഗലാണ് എന്‍റെ പ്രിയപ്പെട്ട ടീം. ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് എന്‍റെ പ്രിയപ്പെട്ട ഫുട്‌ബോൾ താരം. 2002ലെ ഫിഫ ലോകകപ്പാണ് ഞാൻ ആദ്യമായി കണ്ടത്. അന്ന് ബ്രസീലായിരുന്നു കിരീടം സ്വന്തമാക്കിയത്' - യുവരാജ് പറഞ്ഞു.
സ്‌പെയിനിന്‍റെ ആരാധകൻ : താൻ എക്കാലവും സ്‌പെയിനിന്‍റെ ആരാധകനാണെന്നും എന്നാൽ ഇത്തവണ ഫ്രാൻസിന്‍റെ കിലിയൻ എംബാപ്പെയുടെ കളി കാണാനാണ് കാത്തിരിക്കുന്നതെന്നും ഇന്ത്യൻ സ്‌പിന്നർ അശ്വിനും വ്യക്‌തമാക്കി. 'ഞാൻ എല്ലായ്‌പ്പോഴും സ്‌പെയിനിന്‍റെ ആരാധകനാണ്. ഈ വർഷം അവരുടെ പ്രകടനം എങ്ങനെയായിരിക്കും എന്ന് ഉറപ്പില്ല.
എന്നിരുന്നാലും സ്‌പെയിനിന്‍റെ കളി കാണാനുള്ള ആകാംക്ഷയിലാണ് ഞാൻ. കഴിഞ്ഞ ലോകകപ്പിൽ അതിശയിപ്പിക്കുന്ന പ്രകടനമാണ് ടീമുകൾ കാഴ്‌ചവച്ചത്. ഇത്തവണയും എല്ലാ ടീമുകളും ഒന്നിനൊന്ന് മികച്ചതാണ്. കഴിഞ്ഞ തവണ എംബാപ്പെയുടെ കളി ഞാൻ ആസ്വദിച്ചു. ഇത്തവണയും അതിനായാണ് ഞാൻ കാത്തിരിക്കുന്നത്' - അശ്വിൻ പറഞ്ഞു.
റൊണാൾഡോയെ കാണാൻ : അതേസമയം ഖത്തർ ലോകകപ്പ് കാണാൻ താൻ പോകുന്നുണ്ട് എന്ന വാർത്തയാണ് ഇന്ത്യൻ മുൻ സ്‌പിന്നർ പ്രഗ്യാൻ ഓജ പങ്കുവച്ചത്. 'അതെ, ഞാൻ 2022 ഫിഫ ലോകകപ്പിലെ പോർച്ചുഗലും ഉറുഗ്വേയും തമ്മിലുള്ള മത്സരം കാണാൻ ഖത്തറിലേക്ക് പോകുന്നു. ഇതിന് പിന്നിലെ ഒരേയൊരു കാരണം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.
ഞാൻ വലിയൊരു ഫുട്‌ബോൾ ആരാധകൻ ഒന്നുമല്ല. പക്ഷേ റൊണാൾഡോയുടെ കളി തത്സമയം കാണാൻ ആഗ്രഹിക്കുന്നു. ലോകകപ്പിൽ ഏത് ടീമുകൾ ഫൈനലിൽ മത്സരിക്കണം എന്ന് തെരഞ്ഞെടുക്കേണ്ടി വന്നാൽ അത് മെസി vs ക്രിസ്റ്റ്യാനോ ആയിരിക്കും. അതായത് അർജന്‍റീനയും പോർച്ചുഗലും തമ്മിലുള്ള ഫൈനൽ കാണണമെന്നാണ് ആഗ്രഹം'- ഓജ വ്യക്‌തമാക്കി.
അവസാന അങ്കത്തിനായി : 32 ടീമുകൾ പങ്കെടുക്കുന്ന ഖത്തർ ലോകകപ്പ് നവംബർ 20 നാണ് ആരംഭിക്കുക. ആദ്യമായാണ് ഒരു മിഡിൽ ഈസ്റ്റേൺ രാജ്യം ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ബ്രസീൽ, അർജന്‍റീന, നിലവിലെ ജേതാക്കളായ ഫ്രാൻസ് എന്നിവരാണ് ലോകകപ്പ് ഫേവറിറ്റുകൾ. 2018ൽ റഷ്യയിൽ നടന്ന ലോകകപ്പിൽ ടീമിനെ കിരീടത്തിലേക്കെത്തിച്ച കിലിയൻ എംബാപ്പെയായിരിക്കും ഇത്തവണയും ഫ്രാൻസിന്‍റെ തുറുപ്പുചീട്ട്.
അതേസമയം അവസാന ലോകകപ്പിനിറങ്ങുന്ന ലയണൽ മെസിയും, ക്രിസ്റ്റ്യാനോ റൊണാൾഡോയുമാകും ഇത്തവണത്തെ പ്രധാന ശ്രദ്ധാ കേന്ദ്രങ്ങൾ. ഫുട്‌ബോളിൽ ഒട്ടനവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ഇരുവർക്കും ഒരു ലോകകപ്പ് കിരീടം സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. അതിനാൽ തന്നെ തങ്ങളുടെ അവസാന ലോകകപ്പിൽ കിരീടം മാത്രം ലക്ഷ്യമിട്ടാകും ഇരു താരങ്ങളും മൈതാനത്തിലേക്കെത്തുക.