പോച്ചെഫ്‌സ്‌ട്രൂം (ദക്ഷിണാഫ്രിക്ക) : എഫ്‌ഐഎച്ച് വനിത ജൂനിയര്‍ ഹോക്കി ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച വിജയം. വെയ്ല്‍സിനെതിരെ പൂള്‍ ഡിയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ അഞ്ചുഗോളുകള്‍ക്കാണ് ഇന്ത്യ ജയം പിടിച്ചത്.
ഇന്ത്യയ്ക്കായി ലാല്‍റിന്‍ഡികി ഇരട്ട ഗോള്‍ നേടിയപ്പോള്‍ ലാല്‍റെംസിയാമി, മുംതാസ് ഖാന്‍, ദീപിക എന്നിവരും ലക്ഷ്യം കണ്ടു. മില്ലി ഹോമിയാണ് വെയ്ല്‍സിന്‍റെ ആശ്വാസ ഗോള്‍ നേടിയത്. സലിമ ടെറ്റെ നയിക്കുന്ന ഇന്ത്യന്‍ ടീം മത്സരത്തിന്‍റെ തുടക്കം മുതല്‍ ആക്രമിച്ച് കളിച്ചിരുന്നു.
ഇതിന്‍റെ ഫലമായി ആദ്യ ക്വാര്‍ട്ടറിന്‍റെ നാലാം മിനിട്ടില്‍ തന്നെ ലാല്‍റെംസിയാമിയിലൂടെ സംഘം മുന്നിലെത്തി. എന്നാല്‍ രണ്ടാം ക്വാര്‍ട്ടറില്‍ 26ാം മിനിട്ടില്‍ മില്ലി ഹോമിയിലൂടെ വെയ്‌ല്‍സ് ഒരു ഗോള്‍ മടക്കി. തുടര്‍ന്ന് മൂന്നും നാലും ക്വാര്‍ട്ടറുകളിലാണ് ഇന്ത്യ വെയ്‌ല്‍സിന്‍റെ വല നിറച്ചത്.
also read: IPL 2022 | മുംബൈക്കെതിരെ രാജസ്ഥാന് മികച്ച വിജയം
32, 57 മിനിട്ടുകളാണ് ലാല്‍റിന്‍ഡികിയുടെ ഇരട്ട ഗോള്‍ നേട്ടം. മുംതാസ് ഖാന്‍ 41ാം മിനിട്ടിലും ദീപിക 58ാം മിനിട്ടിലുമാണ് ലക്ഷ്യം കണ്ടത്. അടുത്ത മത്സരത്തില്‍ ജര്‍മനിയാണ് ഇന്ത്യയുടെ എതിരാളി.