- " class="align-text-top noRightClick twitterSection" data="">
ഹാങ്ങ്‌ചോ: ഏഷ്യന്‍ ഗെയിംസില്‍ നൂറ് മെഡലെന്ന സ്വപ്‌ന നേട്ടത്തിന് പിന്നാലെ വിവിധ ഇനങ്ങളില്‍ സ്വര്‍ണതിളക്കവുമായി ഇന്ത്യ. കബഡി ഫൈനലില്‍ ഇറാനെ തോല്‍പ്പിച്ച് ഇന്ത്യന്‍ പുരുഷ ടീം സ്വര്‍ണം നേടി. 33-29 എന്ന സ്‌കോറിനാണ് ഇന്ത്യയുടെ വിജയം (India Wins Gold In Mens Kabaddi). ടീമുകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇടയ്‌ക്ക് ഫൈനല്‍ മത്സരം താത്‌കാലികമായി റദ്ദാക്കിയിരുന്നു.
ഫൈനല്‍ മത്സരം അവസാനിക്കാന്‍ ഒരു മിനിറ്റ് ശേഷിക്കെയാണ് വിവാദ സംഭവങ്ങള്‍ അരങ്ങേറിയത്. ഇന്ത്യയും ഇറാനും 28 പോയിന്‍റ് വീതം നേടി തുല്യത പാലിച്ചിരിക്കെ ഇന്ത്യയുടെ പവന്‍ ഡു ഓര്‍ ഡൈ റെയ്‌ഡിനിറങ്ങി. തുടര്‍ന്ന് ഇറാന്‍ താരങ്ങള്‍ ഇന്ത്യന്‍ താരത്തെ പിടിച്ചെങ്കിലും ഇറാന്‍ താരങ്ങളെ സ്‌പര്‍ശിക്കുംമുമ്പ് താന്‍ ലൈനിന് പുറത്തുപോയതായി പവന്‍ അവകാശപ്പെട്ടു.
നാല് ഇറാന്‍ പ്രതിരോധ താരങ്ങള്‍ പുറത്തുപോയ പവനെ സ്‌പര്‍ശിച്ചതിനാല്‍ നാല് പോയിന്‍റ് ഇന്ത്യ അവകാശപ്പെട്ടെങ്കിലും വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം റഫറി ഇരു ടീമിനും ഓരോ പോയിന്‍റ് വീതം നല്‍കി. എന്നാല്‍ ഇന്ത്യ നാല് പോയിന്‍റ് തന്നെ നല്‍കണമെന്ന് വാദിച്ച് പ്രതിഷേധിച്ചതോടെ റഫറി ഇന്ത്യയ്‌ക്ക് അനുകൂലമായി തീരുമാനം മാറ്റി. തുടര്‍ന്ന് ഇതില്‍ പ്രതിഷേധവുമായി ഇറാന്‍ ടീം കോര്‍ട്ടില്‍ കുത്തിയിരുന്നു.
പ്രതിഷേധങ്ങളെ തുടര്‍ന്ന് മത്സരം അനിശ്ചിതത്വത്തിലായതോടെ അധികൃതര്‍ ഇടപെട്ട് മത്സരം താത്‌കാലികമായി നിര്‍ത്തിവയ്‌ക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യയ്‌ക്ക് മൂന്നും ഇറാന് ഒരു പോയിന്‍റും അനുവദിച്ച് മത്സരം പുനരാരംഭിച്ചു. പിന്നാലെ ഫൈനലില്‍ രണ്ട് പോയിന്‍റ് കൂടി നേടി ഇന്ത്യ സ്വര്‍ണം ഉറപ്പിക്കുകയായിരുന്നു.
അതേസമയം പുരുഷ ബാഡ്‌മിന്‍റണ്‍ ഡബിള്‍സ് ഫൈനലിലും ഇന്ത്യ സ്വര്‍ണം നേടി (India Wins Gold In Mens Badminton Doubles). സാത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യമാണ് ഫൈനലില്‍ ദക്ഷിണ കൊറിയന്‍ ജോഡിയായ ചോയ് സോല്‍ഗ്യൂ- കിം വോന്‍ഹോയെ 21-18, 21-16 എന്ന സ്‌കോറിന് തോല്‍പ്പിച്ചത്. ചരിത്ര നേട്ടമാണ് ഇന്ത്യന്‍ സഖ്യം ഫൈനലില്‍ നേടിയത്. ഏഷ്യന്‍ ഗെയിസ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ ബാഡ്‌മിന്‍റണില്‍ സ്വര്‍ണം നേടിയത്.
2018 ഏഷ്യന്‍ ഗെയിംസില്‍ വനിത ബാഡ്‌മിന്‍റണില്‍ ഇന്ത്യയ്‌ക്കായി പിവി സിന്ധു വെള്ളി നേടിയിരുന്നു. 41 വര്‍ഷത്തിന് ശേഷമാണ് ഗെയിംസില്‍ പുരുഷ ബാഡ്‌മിന്‍റണ്‍ ഡബിള്‍സില്‍ ഇന്ത്യ ഒരു മെഡല്‍ നേടിയത്. 1982ലെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്‌ക്കായി ലിറോയ്-പ്രദീപ് ഗാന്ധെ സഖ്യം വെങ്കലം നേടിയിരുന്നു.
വനിത വിഭാഗം ഹോക്കിയില്‍ ഇന്ന് ഇന്ത്യ വെങ്കലവും നേടി. ജപ്പാനെ 2-1ന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ വനിതകള്‍ ഗെയിംസില്‍ വെങ്കല മെഡല്‍ ഉറപ്പിച്ചത്. ഏഷ്യന്‍ ഗെയിംസിന്‍റെ 14-ാം ദിവസമായ ശനിയാഴ്‌ച ഇന്ത്യ ആറ് സ്വര്‍ണമാണ് നേടിയത്. കബഡി, ബാഡ്‌മിന്‍റണ്‍ പുരുഷ ഡബിള്‍സ് ഫൈനല്‍ എന്നിവയ്‌ക്ക് പുറമെ, പുരുഷ ക്രിക്കറ്റ്, വനിത കബഡി, വനിത ആര്‍ച്ചറി, പുരുഷ ആര്‍ച്ചറി എന്നിവയിലും ഇന്ത്യ സ്വര്‍ണം നേടി.
വനിത കബഡി ഫൈനലില്‍ ചൈനീസ് തായ്‌പേയിയെ 26-24 എന്ന സ്‌കോറിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. വനിത ആര്‍ച്ചറിയില്‍ ജോത്യ വെന്നം, പുരുഷ ആര്‍ച്ചറിയില്‍ ഓജസ് ഡിയോട്ടലെ എന്നിവരും സ്വര്‍ണം നേടി.