ബെംഗളൂരു: സാഫ് കപ്പ് (സൗത്ത് ഏഷ്യൻ ഫുട്‌ബോൾ ഫെഡറേഷൻ) ചാമ്പ്യൻഷിപ്പിന് ഇന്ന് ബെംഗളൂരുവിൽ തുടക്കമാകും. പതിനാലാമത് ടൂർണമെന്‍റിന്‍റെ ഉദ്‌ഘാടന മത്സരത്തിൽ ശ്രീ കണ്ഡീരവ സ്റ്റേഡിയത്തിൽ കുവൈത്ത് നേപ്പാളിനെ നേരിടും. വൈകിട്ട് 3.30നാണ് മത്സരം.
ആതിഥേയരായ ഇന്ത്യ ആദ്യ മത്സരത്തിൽ ചിരവൈരികളായ പാകിസ്ഥാനുമായി ഏറ്റുമുട്ടാനൊരുങ്ങുമ്പോൾ ആരാധകരും ആവേശത്തിലാണ്. അഭിമാനപ്പോരാട്ടത്തിൽ ഇരു ടീമുകളും മികച്ച കളി തന്നെ പുറത്തെടുക്കുമെന്നാണ് പ്രതീക്ഷ. രാത്രി 7.30നാണ് മത്സരം.
ഇന്‍റർ കോണ്ടിനന്‍റൽ കപ്പിൽ ലെബനനെ കീഴടക്കി ജേതാക്കളായതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇത്തവണത്തെ സാഫ് കപ്പിനെത്തുന്നത്. അതേസമയം, മൂന്നാം കക്ഷിയുടെ ഇടപെടലുകൾ കാരണം 15 മാസത്തെ സസ്‌പെന്‍ഷന്‍ നേരിട്ട പാകിസ്ഥാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍റെ വിലക്ക്, 2022 ജൂലൈയില്‍ ഫിഫ പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് അന്താരാഷ്‌ട്ര മത്സരപരിചയത്തിന്‍റെ അഭാവത്തിലാണ് പാകിസ്ഥാന്‍ ഇന്ന് ഇന്ത്യക്കെതിരെ ഇറങ്ങുന്നത്. നിലവിലെ ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 98-ാം സ്ഥാനത്തും പാകിസ്ഥാൻ 195-ാം സ്ഥാനത്തുമാണ്. അവസാനം കളിച്ച നാല് മത്സരങ്ങളിലും തോൽവിയോടെയാണ് പാകിസ്ഥാൻ എത്തുന്നത്.
1959 ലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ആദ്യമായി ഫുട്‌ബോളിൽ ഏറ്റുമുട്ടിയത്. സമീപകാലത്ത് ഫുട്‌ബോളിൽ പാകിസ്ഥാനെതിരെ വ്യക്തമായ ആധിപത്യം ഇന്ത്യയ്‌ക്കുണ്ട്. ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയ അഞ്ച് മത്സരങ്ങളിൽ നാലിലും ഇന്ത്യക്കായിരുന്നു ജയം. 2018ൽ ബംഗ്ലാദേശിൽ നടന്ന സാഫ് കപ്പിൽ നേടിയ 3-1ന്‍റെ വിജയവും ഇതിൽ ഉൾപ്പെടുന്നു. 2014ലാണ് പാകിസ്ഥാൻ ഇന്ത്യയിൽ അവസാന മത്സരം കളിച്ചത്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരുടീമുകളും ഓരോ മത്സരങ്ങൾ വീതം ജയിച്ച് കിരീടം പങ്കുവയ്‌ക്കുകയായിരുന്നു.
മൗറീഷ്യസിൽ നടന്ന ടൂർണമെന്‍റിൽ പങ്കെടുത്തിരുന്ന പാക് ടീമിന് വിസ ലഭിക്കുന്നതിൽ ചില സാങ്കേതിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. ഇതിന് പിന്നാലെ ടീമിന് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കഴിയുമെന്നതിൽ വ്യക്തതയില്ലായിരുന്നു. എന്നാൽ കഴിഞ്ഞ തിങ്കളാഴ്‌ച രാത്രി വിസ ലഭിച്ചതോടെ പാക് ടീമിന്‍റെ പ്രതിനിധീകരണത്തിൽ തീരുമാനമായി. ഇന്ന് ഉച്ചയോടെ ബെംഗളൂരുവിൽ എത്തുന്ന ടീം മണിക്കൂറുകൾക്കകം ഇന്ത്യയ്‌ക്കെതിരായ മത്സരത്തിനിറങ്ങും.
എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചാണ് സാഫ് കപ്പ് മത്സരങ്ങൾ നടക്കുന്നത്. ഗ്രൂപ്പ് എയിൽ നേപ്പാൾ, കുവൈത്ത്, പാകിസ്ഥാൻ ടീമുകൾക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം. ബംഗ്ലാദേശ്, ഭൂട്ടാൻ, ലെബനൻ, മാൽദീവ്സ് എന്നീ ടീമുകളാണ് ബി ഗ്രൂപ്പിൽ ഉൾപ്പെടുന്നത്. ഇതിൽ കുവൈത്ത്, ലെബനൻ എന്നീ രാജ്യങ്ങൾ ആദ്യമായാണ് സാഫ് കപ്പ് കളിക്കുന്നത്. ഗവേണിങ് ബോഡിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ഈ രണ്ട് ടീമുകൾ ടൂർണമെന്‍റിനെത്തുക. ഫിഫയുടെ വിലക്ക് നേരിടുന്നതിനാൽ മുൻ കാല സാഫ് ചാമ്പ്യൻഷിപ്പുകളിലെ സജീവ സാന്നിധ്യമായിരുന്ന ശ്രീലങ്ക ഇത്തവണ പങ്കെടുക്കുന്നില്ല. സാഫ് അംഗത്വത്തിൽ നിന്ന് പിന്മാറിയ അഫ്‌ഗാനിസ്ഥാൻ സെൻട്രൽ ഏഷ്യൻ ഫുട്ബോൾ ഫെഡറേഷന്‍റെ ഭാഗമായിരുന്നു.
പാകിസ്ഥാന്‍റെ വരവ് ശുഭസൂചനയോ...? നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് പാകിസ്ഥാൻ ടീം ഇന്ത്യയിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നത്. 2008 ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കായിക ബന്ധത്തിൽ വിള്ളൽ വീണത്. 2019ല്‍ ഇന്ത്യന്‍ അധീന കശ്‌മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതോടെ ബന്ധം കൂടുതൽ വഷളായിരുന്നു.
ഇങ്ങനെയൊരു സാഹചര്യത്തിൽ പാകിസ്ഥാൻ ഫുട്‌ബോൾ ടീം ഇന്ത്യയിൽ കളിക്കുന്നത് ശുഭസൂചനയാണ് നൽകുന്നത്. ഇതോടെ ഒക്‌ടോബറിൽ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഐസിസി ലോകകപ്പിലും പാക് ക്രിക്കറ്റ് ടീം പങ്കെടുത്തേക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പാകിസ്ഥാനിൽ വച്ച് നടത്താനിരുന്ന ഏഷ്യ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ പങ്കെടുക്കില്ലെന്ന് ബിസിസിഐ അറിയിച്ചതിന് പിന്നാലെയായിരുന്നു ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് പാകിസ്ഥാൻ ഭീഷണി ഉയർത്തിയത്.