ആംസ്റ്റല്‍വീന്‍ (നെതര്‍ലന്‍ഡ്‌സ്): വനിത ഹോക്കി ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്‌ക്ക് സമനില. പൂള്‍ ബിയില്‍ കരുത്തരായ ഇംഗ്ലണ്ടിനോടാണ് ഇന്ത്യ സമനില വഴങ്ങിയത്. ഓരോ ഗോളുകള്‍ വീതം നേടിയാണ് ഇരു ടീമുകളും പിരിഞ്ഞത്.
ഇംഗ്ലണ്ടിനായി ഇസബെല്ല പീറ്ററും, ഇന്ത്യയ്‌ക്കായി വന്ദന കടാരിയയും ലക്ഷ്യം കണ്ടു. മത്സരത്തിന്‍റെ എട്ടാം മിനുട്ടില്‍ ഇസബെല്ലയിലൂടെ ഇംഗ്ലണ്ടാണ് ആദ്യം മുന്നില്‍ എത്തിയത്. തുടര്‍ന്ന് 28-ാം മിനുട്ടിലാണ് വന്ദനയിലൂടെ ഇന്ത്യ ഒപ്പമെത്തിയത്.
പെനാല്‍റ്റിയില്‍ ലഭിച്ച റീബോണ്ടാണ് വന്ദന വലയിലാക്കിയത്. ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഫിനിഷിങ്ങിലെ പിഴവാണ് തിരിച്ചടിയായത്. ഗോള്‍ വലയ്‌ക്ക് മുന്നില്‍ ക്യാപ്‌റ്റന്‍ സവിത പുനിയയുടെ മികച്ച സേവുകളും ഇന്ത്യയ്‌ക്ക് നിർണായകമായി.
ഇംഗ്ലണ്ടിനെ കൂടാതെ ചൈന, ന്യൂസിലന്‍ഡ് എന്നിവരാണ് പൂള്‍ ബിയില്‍ ഇന്ത്യയുടെ എതിരാളികള്‍. നാളെ ചൈനക്ക് എതിരെയും തുടര്‍ന്ന് ജൂലൈ ഏഴിന് ന്യൂസിലന്‍ഡിന് എതിരെയുമാണ് ഇന്ത്യയുടെ അടുത്ത മത്സരങ്ങള്‍.
സ്റ്റാർ സ്‌പോർട്‌സ് 1, സ്റ്റാർ സ്‌പോർട്‌സ് 1 എച്ച്‌ഡി ചാനലുകളില്‍ എഫ്‌ഐഎച്ച് ഹോക്കി വനിത ലോകകപ്പ് 2022 മത്സരം തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലും മത്സരം ലഭ്യമാണ്.