ബെംഗളൂരു : സാഫ് കപ്പ് ഫുട്‌ബോളിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ കുവൈത്തിനെതിരെ ഇന്ത്യക്ക് സമനില. നിശ്ചിത സമയത്ത് ഒരു ഗോളിന് മുന്നിലായിരുന്ന ഇന്ത്യ ഇഞ്ച്വറി ടൈമിൽ വഴങ്ങിയ സെൽഫ് ഗോളിൽ 1-1ന് സമനിലയിൽ കുരുങ്ങി വിജയം കൈവിടുകയായിരുന്നു. 47-ാം മിനിറ്റിൽ സുനിൽ ഛേത്രിയുടെ ഗോളിലാണ് ഇന്ത്യ മുന്നിലെത്തിയത്. എന്നാൽ ഇഞ്ച്വറി ടൈമിൽ അൻവർ അലിയുടെ സെൽഫ് ഗോളിലൂടെ കുവൈത്ത് സമനില പിടിക്കുകയായിരുന്നു.
മത്സരം സമനിലയിൽ അവസാനിച്ചതോടെ കുവൈത്ത് ഏഴ് പോയിന്‍റുമായി ഗ്രൂപ്പ് എ യുടെ ചാമ്പ്യൻമാരായി സെമി ഫൈനലിൽ കടന്നു. ഏഴ് പോയിന്‍റുണ്ടെങ്കിലും ആകെ ഗോൾ നേട്ടത്തിൽ കുവൈത്തിന് പിന്നിലായതിനാൽ രണ്ടാം സ്ഥാനത്തോടെയാണ് ഇന്ത്യ സെമിയിലേക്ക് കടന്നിരിക്കുന്നത്. ഇതോടെ ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരെ ഇന്ത്യ സെമിയിൽ നേരിടും. പാകിസ്ഥാൻ, നേപ്പാൾ ടീമുകളെ പരാജയപ്പെടുത്തിയ ഇന്ത്യയും കുവൈത്തും നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്നു.
മത്സരത്തിന്‍റെ തുടക്കം മുതൽ തന്നെ മികച്ച രീതിയിലാണ് ഇരു ടീമുകളും പന്തുതട്ടിയത്. ആക്രമണത്തിന് മുൻതൂക്കം നൽകിയായിരുന്നു ഇന്ത്യ മുന്നേറിയത്. സുനിൽ ഛേത്രിയും ആഷിഖ് കുരുണിയനും ഉൾപ്പെട്ട മുന്നേറ്റ നില കൃത്യമായ ഇടവേളകളിൽ കുവൈത്ത് ഗോൾ പോസ്റ്റിലേക്ക് ഇരച്ച് കയറിക്കൊണ്ടിരുന്നു. എന്നാൽ മോശം ഫിനിഷിങ് ഇന്ത്യയെ ആദ്യ ഗോളിൽ നിന്ന് അകറ്റി നിർത്തുകയായിരുന്നു.
ഛേത്രിയുടെ ഗോൾ: എന്നാൽ ആദ്യ പകുതിയുടെ അധിക സമയത്ത് നായകൻ സുനിൽ ഛേത്രി ഇന്ത്യക്കായി ആദ്യത്തെ വെടിപൊട്ടിച്ചു. അനിരുഥ് ഥാപ്പെയെടുത്ത കോർണർ മികച്ചൊരു വോളിയിലൂടെ ഛേത്രി ഗോളാക്കി മാറ്റുകയായിരുന്നു. രാജ്യാന്തര ഫുട്‌ബോളിൽ ഛേത്രിയുടെ 92-ാം ഗോളായിരുന്നു ഇത്. പാകിസ്ഥാനെതിരായ മത്സരത്തിൽ ഹാട്രിക് നേടിയ ഛേത്രി നേപ്പാളിനെതിരായ മത്സരത്തിൽ ഒരു ഗോളും സ്വന്തമാക്കിയിരുന്നു.
ഒരു ഗോളിന്‍റെ ലീഡ് നേടിയ ഇന്ത്യ രണ്ടാം പകുതിയിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇതിനിടെ 62-ാം മിനിറ്റിൽ ടച്ച് ലൈനിലേക്ക് വന്ന് പന്ത് പിടിച്ചെടുത്തതിന് ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന് റഫറി മഞ്ഞക്കാർഡ് നൽകി. പിന്നാലെ തുടർച്ചയായി റഫറിയുടെ തീരുമാനങ്ങൾക്കെതിരെ മാച്ച് ഒഫിഷ്യൽസിനോട് പരാതിപ്പെട്ടതോടെ 81-ാം മിനിറ്റിൽ റഫറി സ്റ്റിമാച്ചിന് ചുവപ്പ് കാർഡും മാച്ചിങ് ഓർഡറും നൽകുകയായിരുന്നു.
നേരത്തെ പാകിസ്ഥാനെതിരായ മത്സരത്തിലും സ്റ്റിമാച്ചിന് ചുവപ്പ് കാർഡ് ലഭിച്ചിരുന്നു. ഇതോടെ നേപ്പാളിനെതിരായ മത്സരത്തില്‍ സ്റ്റിമാക്കിന് ഗ്രൗണ്ടിലെത്താനായിരുന്നില്ല. കുവൈത്തിനെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ചതോടെ സ്റ്റിമാച്ചിന് സെമി ഫൈനലിലും ഡഗ് ഔട്ടിൽ ഇരിക്കാൻ സാധിക്കില്ല.
ഇതിനിടെ നിശ്ചിത സമയം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ സഹൽ അബ്‌ദുൾ സമദിനെ തള്ളിയിട്ടതിന് കുവൈത്ത് താരം അൽ ഖലാഫിനും അതിനെ പ്രതിരോധിച്ച ഇന്ത്യൻ താരം റഹീം അലിക്കും ചുവപ്പ് കാർഡ് ലഭിച്ചു. ഇതോടെ 10 പേരുമായാണ് ഇരുടീമുകളും അവസാന മിനിറ്റുകളിൽ പന്ത് തട്ടിയത്.
ഇതിനിടെ ജയമുറപ്പിച്ച ഘട്ടത്തിലാണ് രണ്ടാം പകുതിയുടെ അധിക സമയത്ത് ഇന്ത്യക്ക് തിരിച്ചടിയായി സെൽഫ് ഗോൾ എത്തിയത്. അല്‍ബ്ലൗഷിയുടെ ക്രോസ് തടയാന്‍ ശ്രമിച്ച അന്‍വര്‍ അലി കാലില്‍ തട്ടി ഗതിമാറിയ പന്ത് ഇന്ത്യൻ ഗോൾ പോസ്റ്റിലേക്ക് കയറുകയായിരുന്നു.