മാഡ്രിഡ്: ലോക ഒന്നാം നമ്പർ വനിത ടെന്നീസ് താരം ഇഗാ സ്വിറ്റെക് മാഡ്രിഡ് ഓപ്പണിൽ നിന്ന് പിന്മാറി. വലത് തോളിനേറ്റ പരിക്കനെ തുടര്‍ന്നാണ് 20കാരിയായ പോളിഷ് താരത്തിന്‍റെ പിന്മാറ്റം. ഈ ആഴ്‌ച ആരംഭിക്കുന്ന ടൂര്‍ണമെന്‍റില്‍ നിന്നും പിന്മാറുന്ന കാര്യം ട്വിറ്ററിലൂടെയാണ് ഇഗാ അറിയിച്ചത്.
"മിയാമി ഓപ്പണിന് ശേഷം പരിക്ക് പറ്റിയ എന്‍റെ കൈ പരിപാലിക്കേണ്ട സമയമാണിത്, അത് ശരിയായി കൈകാര്യം ചെയ്യാൻ എനിക്ക് അവസരം ലഭിച്ചില്ല. പരിക്ക് ഭേദമാകാന്‍ വളരെ തീവ്രമായി കളിക്കുന്നതിൽ നിന്ന് എനിക്ക് ഒരു ഇടവേള ആവശ്യമാണ്." സ്വിറ്റെക് ട്വീറ്റ് ചെയ്തു.
“എന്‍റെ ശരീരത്തിന് വിശ്രമം ആവശ്യമാണ്, റോമിലും പാരീസിലും കളിക്കുന്നതിന് വേണ്ടി തയ്യാറെടുക്കാൻ കുറച്ച് സമയം ആവശ്യമാണ്. ഭാവിയിൽ ഞാൻ മാഡ്രിഡിൽ പലതവണ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു." ഇഗാ സ്വിറ്റെക് വ്യക്തമാക്കി.
സീസണിലെ ആദ്യ മൂന്ന് ഡബ്ല്യുടിഎ 1000 സീരീസ് കിരീടങ്ങളായ ഖത്തർ ഓപ്പൺ, ഇന്ത്യൻ വെൽസ്, മിയാമി ഓപ്പൺ എന്നിവ താരം നേടിയിരുന്നു. ഒരേ സീസണില്‍ ഡബ്ല്യുടിഎ 1000 സീരീസ് കിരീടങ്ങളായ ഇന്ത്യന്‍ വെയ്‌ല്‍സും മിയാമി ഓപ്പണും നേടുന്ന നാലാമത്തെ താരമെന്ന റെക്കോഡും സ്വിറ്റെക് സ്വന്തം പേരിലാക്കിയിട്ടുണ്ട്.
സ്റ്റെഫാനി ഗ്രാഫ് (1994, 1996), കിം ക്ലൈസ്റ്റേഴ്‌സ് (2005), വിക്ടോറിയ അസരെങ്ക (2016) എന്നിവരാണ് താരത്തിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത കൂടിയാണ് 20കാരിയായ സ്വിറ്റെക്.