വാഴ്സോ: പോളണ്ട് ടെന്നീസ് ഫെഡറേഷൻ പ്രസിഡന്‍റ് മിറോസ്‌ലാവ് സ്‌ക്രിപ്‌സിൻസ്‌കിയ്‌ക്ക് എതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ പ്രതികരിച്ച് ലോക ഒന്നാം നമ്പർ താരം ഇഗ സ്വിറ്റെക്. ആരോപണങ്ങളില്‍ മൗനം പാലിക്കാന്‍ കഴിയില്ലെന്ന് 21 കാരിയായ ഇഗ സ്വിറ്റെക് ട്വിറ്ററിലൂടെ പുറത്ത് വിട്ട പ്രസ്‌താവനയില്‍ പറഞ്ഞു.
പോളണ്ട് ടെന്നീസ് ഫെഡറേഷൻ പ്രസിഡന്‍റിനെതിരായ ആരോപണം ഗൗരവമുള്ളതായാണ് കരുതുന്നത്. ഇരകളെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും ഇഗ പ്രസ്‌താവനയില്‍ വ്യക്തമാക്കി.
പോളിഷ് പാർലമെന്‍റംഗം കറ്റാർസിന കൊട്ടുലയാണ് തന്‍റെ കൗമാരപ്രായത്തിൽ അന്നത്തെ പരിശീലകനായിരുന്ന സ്ക്രിപ്‌സിൻസ്‌കിയിൽ നിന്ന് പീഡനം നേരിട്ടതായി വെളിപ്പെടുത്തിയത്. തിങ്കളാഴ്‌ച മാധ്യമങ്ങള്‍ക്ക് മുന്നിലാണ് കറ്റാർസിനയുടെ തുറന്നുപറച്ചിലുണ്ടായത്.
സ്‌ക്രിപ്‌സിൻസ്‌കിയെ "ഇരപിടിയന്‍" എന്നാണ് കറ്റാർസിന മാധ്യമങ്ങളോട് വിശേഷിപ്പിച്ചത്. 1990-കളിൽ പോളണ്ടിന്‍റെ വടക്ക്-കിഴക്ക് ഭാഗത്തുള്ള ഒരു ക്ലബ്ബിൽ ചേർന്നപ്പോൾ മൂന്ന് വർഷത്തിനുള്ളിൽ ഒരു ഡസൻ തവണയെങ്കിലും താന്‍ പീഡനത്തിന് ഇരയായതായാണ് കറ്റാർസിന തുറന്നുപറഞ്ഞത്. താന്‍ മാത്രമല്ല ഇയാളുടെ പീഡനത്തിന് ഇരയായതെന്നും അവര്‍ വ്യക്തമാക്കയിരുന്നു.