ന്യൂഡല്‍ഹി : ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ബോക്സര്‍ മേരി കോമിന്‍റെ പുറത്താക്കല്‍ ഞെട്ടലുളവാക്കുന്നതായിരുന്നു. വനിതകളുടെ 51 കിലോഗ്രാം വ്യക്തിഗത വിഭാഗത്തില്‍ പ്രീക്വാർട്ടറിലായിരുന്നു ഇന്ത്യയുടെ സൂപ്പർ താരം തോൽവി വഴങ്ങിയത്. കൊളംബിയയുടെ ഇൻഗ്രിറ്റ് വലൻസിയയുമായുള്ള ഏറ്റുമുട്ടലിൽ 3-2 നാണ് 32 കാരിയായ താരം പരാജയപ്പെട്ടത്.
എന്നാല്‍ തന്‍റെ പരാജയം കൃത്രിമവും വഞ്ചനയുമാണെന്നാണ് തോല്‍വിയെ പറ്റി താരം പ്രതികരിച്ചത്. ആദ്യ രണ്ട് റൗണ്ടുകളില്‍ താനാണ് വിജയിച്ചതെന്നും പിന്നെയെങ്ങനെയാണ് മത്സരം തോല്‍ക്കുകയെന്നുമാണ് മേരി കോമിന്‍റെ ചോദ്യം.
തോല്‍വിയില്‍ രാജ്യത്തോട് ക്ഷമ ചോദിക്കുന്നതായും താരം പറഞ്ഞു. അതേസമയം മത്സരത്തിന് തൊട്ടുമുമ്പത്തെ ജഴ്‌സി മാറ്റല്‍ തന്നെ മാനസികമായി ബാധിച്ചുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
'മത്സരത്തിന് തൊട്ടുമുമ്പാണ് സ്വന്തം ജഴ്‌സി ധരിക്കാനാവില്ലെന്ന് ഒഫീഷ്യലുകള്‍ പറയുന്നത്. ആദ്യ മത്സരത്തില്‍ താന്‍ അതേ ജഴ്‌സി ധരിച്ചപ്പോള്‍ ആരും പരാതിപ്പെട്ടിട്ടിരുന്നില്ല.
also read: സഞ്ജു സാംസണ്‍ മടിയനായ ബാറ്റ്സ്മാനെന്ന് സല്‍മാന്‍ ബട്ട്
എന്നാല്‍ കിറ്റ് തയ്യാറാക്കുന്നതിന് മുന്നോടിയായെങ്കിലും അവര്‍ ഇക്കാര്യം പറയണമായിരുന്നു. മത്സരത്തിന് തൊട്ടുമുമ്പെയുള്ള നടപടി മാനസികമായി തളര്‍ത്തുന്നതാണെ'ന്നും മേരി കോം കൂട്ടിച്ചേര്‍ത്തു.
അതേസയമം വിരമിക്കാറായിട്ടില്ലെന്നും 40 വയസ് വരെ തനിക്ക് കളിക്കാനാവുമെന്നുമായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തോടുള്ള താരത്തിന്‍റെ പ്രതികരണം.