കൊല്‍ക്കത്ത : ഐ ലീഗ് ഫുട്‌ബോളിലെ കിരീട ജേതാവിനെ ഇന്നറിയാം. ഫൈനല്‍ പോലെ ആവേശം നിറഞ്ഞ അവസാന മത്സരത്തില്‍ ഗോകുലം കേരള എഫ്‌സി മുഹമ്മദന്‍സിനെ നേരിടും. സോള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം.
17 മത്സരങ്ങളില്‍ നിന്നും 40 പോയിന്‍റ് നേടിയ ഗോകുലം ഒന്നാംസ്‌ഥാനത്ത് തുടരുകയാണ്. രണ്ടാം സ്‌ഥാനക്കാരായ മുഹമ്മദന്‍സിന് 37 പോയിന്‍റാണ്. ഇതോടെ മത്സരത്തില്‍ സമനില നേടിയാല്‍ പോലും ഐ ലീഗ് കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമാവാന്‍ ഗോകുലത്തിന് കഴിയും.
എന്നാല്‍ മുഹമ്മദന്‍സ് ജയിച്ചാല്‍ പോയിന്‍റ് നിലയില്‍ അവര്‍ക്ക് ഗോകുലത്തിനൊപ്പമെത്താനാവും. ഇതോടെ നേര്‍ക്കുനേര്‍ പോരാട്ടത്തിലെ ആനുകൂല്യം കൊല്‍ക്കത്ത ക്ലബ്ബിന് ഗുണം ചെയ്യും. സീസണിലെ ആദ്യ പാദത്തില്‍ ഇരു ടീമുകളും 1-1 ന് സമനിലയില്‍ പിരിഞ്ഞിരുന്നു.
ഗോകുലത്തിന്‍റെ കുന്തമുനയായ ലൂക്ക മെയ്‌സന്‍ പരിക്കുമാറി തിരിച്ചെത്തുന്നത് പ്രതീക്ഷയാണ്. സീസണില്‍ ഇതേവരെ 13 ഗോളുകളാണ് ഈ സലൊവേനിയക്കാരന്‍ അടിച്ചുകൂട്ടിയത്. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ ചുവപ്പ് കണ്ട ക്യാപ്റ്റന്‍ ഷരീഫ് മുഹമ്മദിന് പുറമെ മധ്യനിര താരം എംഎസ് ജിതിനും കളിക്കാനാവില്ലെന്നത് സംഘത്തിന് തിരിച്ചടിയാണ്. നാല് മഞ്ഞക്കാര്‍ഡുകളാണ് ജിതിനെ സസ്‌പെന്‍ഷനിലാക്കിയത്.
also read: ഗോളടിവീരന് ആദരം ; സെർജിയോ അഗ്യൂറോയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് മാഞ്ചസ്റ്റർ സിറ്റി
അതേസമയം കഴിഞ്ഞ മത്സരത്തില്‍ ശ്രീനിധിക്കെതിരെ തോല്‍വി വഴങ്ങിയതാണ് ഗോകുലത്തിന്‍റെ കിരീടധാരണം വൈകിച്ചത്. 3-1നായിരുന്നു സംഘത്തിന്‍റെ തോല്‍വി. മറുവശത്ത് മുഹമ്മദന്‍സ് രാജസ്ഥാന്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചതും ഗോകുലത്തിന് സമ്മര്‍ദമായി.