ടോക്കിയോ: പാരാലിമ്പിക്സിൽ തുടർച്ചയായ രണ്ടാം സ്വർണ മെഡൽ നേടാനുള്ള തന്റെ ശ്രമത്തിന് മഴ തടസം നിന്നതായ് ഹൈജമ്പര്‍ മാരിയപ്പൻ തങ്കവേലു. ടോക്കിയോയില്‍ തന്‍റെ മികച്ച പ്രകടനം നടത്താനായില്ലെന്നും റിയോ പാരാലിമ്പിക്സിലെ സ്വര്‍ണമെഡല്‍ ജേതാവ് കൂടിയായ താരം പറഞ്ഞു.
പുരുഷന്മാരുടെ ഹൈജമ്പിന്‍റെ ടി42 വിഭാഗത്തിൽ വെള്ളി മെഡല്‍ നേടിയതിന് പിന്നാലെയായിരുന്നു തങ്കവേലുവിന്‍റെ പ്രതികരണം.
'എനിക്ക് സ്വർണം നേടി ലോക റെക്കോഡ് സ്വന്തമാക്കാമായിരുന്നു (1.96 മീറ്റര്‍). ആ ലക്ഷ്യത്തോടെയാണ് ഞാൻ ഇവിടെ വന്നത്. പക്ഷേ മഴ മത്സരത്തില്‍ തടസം നിന്നു. തുടക്കത്തിൽ ഒരു ചാറ്റൽമഴ ആയിരുന്നുവെങ്കിലും 1.80 മീറ്റർ പിന്നിട്ടപ്പോള്‍ അത് കനത്തതായി. സ്വാധീനം നഷ്ടമായ വലത് കാലിലെ ഷോക്‌സ് നനഞ്ഞതോടെ ചാടുകയെന്നത് പ്രയാസകരമായി'. മാരിയപ്പന്‍ പറഞ്ഞു.
ടോക്കിയോയില്‍ കൃത്യമായി നടപ്പിലാക്കാന്‍ കഴിയാതിരുന്ന പദ്ധതികള്‍ 2024ല്‍ പാരീസില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നും ലോക റെക്കോഡോടെ സ്വര്‍ണം നേടുമെന്നും താരം വ്യക്തമാക്കി. പരിശീലന സമയത്ത് മാരിയപ്പന്‍ 1.90 മീറ്റര്‍ നിഷ്പ്രയാസം പിന്നിട്ടിരുന്നുവെന്നും പാരാ നാഷണലില്‍ 1.99 മീറ്റര്‍ താരം തൊട്ടതായും കോച്ച് സത്യനാരായണ വ്യക്തമാക്കി.
also read: എംബാപ്പെ പിഎസ്‌ജിയിൽ തുടരും ; താരത്തിനായുള്ള ശ്രമങ്ങൾ അവസാനിപ്പിച്ച് റയൽ മാഡ്രിഡ്
ടോക്കിയോയില്‍ 1.86 മീറ്റർ ദൂരം ചാടിയാണ് മാരിയപ്പൻ വെള്ളി നേടിയത്. 1.88 മീറ്റര്‍ ചാടിയ അമേരിക്കയുടെ സാം ഗ്രീവിനാണ് സ്വർണം. ഈ ഇനത്തില്‍ ഇന്ത്യയുടെ ശരത് കുമാറാണ് (1.83 മീറ്റര്‍) വെങ്കലം സ്വന്തമാക്കിയത്. അതേസമയം മാരിയപ്പന് അഞ്ച് വയസുണ്ടായിരുന്നപ്പോള്‍ സംഭവിച്ച ഒരു ബസ് അപകടത്തിലാണ് മാരിയപ്പന്‍റെ വലത് കാലിന് സ്വാധീനം നഷ്ടപ്പെടുന്നത്.