ബാങ്കോക്ക് : 'ഒരിക്കലും വിട്ടുകൊടുക്കില്ലെന്ന് ഞാന്‍ മനസിലുറപ്പിച്ചിരുന്നു'. തോമസ് കപ്പ് ബാഡ്‌മിന്‍റണില്‍ ഇന്ത്യയെ ചരിത്ര ഫൈനലിലേക്ക് നയിച്ചതിന് പിന്നാലെ മലയാളി താരം എച്ച്.എസ് പ്രണോയുടെ വാക്കുകളാണിത്. 73 വയസ് പ്രായമുള്ള ടീം ടൂര്‍ണമെന്‍റില്‍ ഡെന്‍മാര്‍ക്കിനെ 3-2ന് തകര്‍ത്താണ് ഇന്ത്യ ആദ്യമായി ഫൈനലില്‍ കടന്നത്.
2-2 സമനിലയില്‍ നിന്ന് പോരാട്ടത്തിലെ നിര്‍ണായക മത്സരത്തില്‍ ജയം പിടിച്ചാണ് പ്രണോയ് ടീമിന്‍റെ വിജയം ഉറപ്പിച്ചത്. എന്നാല്‍ മത്സരത്തില്‍ കരുത്തനായ എതിരാളിയെക്കൂടാതെ മറ്റൊരു വില്ലനേയും മലയാളി താരത്തിന് നേരിടേണ്ടി വന്നിരുന്നു. മത്സരത്തിനിടെ കോര്‍ട്ടില്‍ വീണ താരത്തിന്‍റെ കാല്‍മുട്ടിന് പരിക്കേറ്റിരുന്നു.
ഇത് വകവെയ്‌ക്കാതെയാണ് ഡെന്മാര്‍ക്കിന്‍റെ ലോക 13ാം നമ്പര്‍ താരം റാമൂസ് ജെംകിനെതിരെ പ്രണോയ് പിന്നില്‍ നിന്നും പൊരുതിക്കയറിയത്. ആദ്യ സെറ്റില്‍ 13-21ന് തോല്‍വി വഴങ്ങിയ ലോക 23ാം നമ്പറായ പ്രണോയ് തുടര്‍ന്ന് തുടര്‍ച്ചയായ രണ്ട് സെറ്റുകള്‍ 21-9, 21-12ന് സ്വന്തമാക്കുകയായിരുന്നു.
വിട്ടുകൊടുക്കരുതെന്ന് മനസിലുറപ്പിച്ചിരുന്നു : മത്സരത്തിന് ശേഷം കളക്കളത്തില്‍ അനുഭവിച്ച പ്രതിസന്ധികളെക്കുറിച്ച് പ്രണോയ് പ്രതികരിച്ചു. ''വീഴ്‌ചയ്‌ക്ക് ശേഷം, പതിവിലും കൂടുതൽ വേദനിക്കുന്നുണ്ടായിരുന്നു, എനിക്ക് ശരിയായി ശ്വസിക്കാൻ കഴിഞ്ഞില്ല.
എന്ത് ചെയ്യണം എന്നാലോചിക്കുകയായിരുന്നു. എന്നാല്‍ എന്തുതന്നെയായാലും വിട്ടുകൊടുക്കരുതെന്ന് മനസിലുറപ്പിച്ചിരുന്നു. വേദന കൂടുതൽ വഷളാക്കാതിരിക്കാൻ പ്രാർഥിച്ചുകൊണ്ട് എനിക്ക് കഴിയുന്നതെല്ലാം ശ്രമിച്ചു ''- പ്രണോയ് പറഞ്ഞു.
നേരത്തെ അഞ്ച് തവണ ചാമ്പ്യന്‍മാരായ മലേഷ്യയെ തകര്‍ത്താണ് 1979നുശേഷം ആദ്യമായി ഇന്ത്യ സെമിയിലെത്തിയത്. ഈ മത്സരത്തിലും നിര്‍ണായകമാവാന്‍ പ്രണോയിക്ക് കഴിഞ്ഞു. അതേസമയം കിഡംബി ശ്രീകാന്തും സാത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യവും ഇന്ത്യയുടെ വിജയത്തില്‍ കുതിപ്പേകി.
also read: ഗോളടിവീരന് ആദരം ; സെർജിയോ അഗ്യൂറോയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് മാഞ്ചസ്റ്റർ സിറ്റി
ഡെന്മാര്‍ക്കിന്‍റെ ആന്‍ഡ്രേസിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ശ്രീകാന്ത് കീഴടക്കിയത് (സ്കോര്‍: 21-18, 12-21, 21-15). ഡബിള്‍സ് വിഭാഗത്തില്‍ കിം ആസ്ട്രപ് - മാത്തിയാസ് ക്രിസ്റ്റ്യന്‍സന്‍ സഖ്യത്തെയാണ് സാത്വിക് സായ്‌രാജും ചിരാഗും തോല്‍പ്പിച്ചത് (സ്കോര്‍: 21-18, 21-23, 22-20).