കോപ്പൻഹേഗൻ: ലോക ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പിൽ (World Badminton Championship) ആദ്യ മെഡലുറപ്പിച്ച് മലയാളി താരം എച്ച് എസ് പ്രണോയ് (HS Prannoy). ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നിലവിലെ ഒന്നാം നമ്പറും ലോക ചാമ്പ്യനുമായ ഡെൻമാർക്കിന്‍റെ വിക്‌ടർ അക്‌സെൽസെനെ (Viktor Axelsen) അട്ടിമറിച്ചാണ് പ്രണോയിയുടെ മുന്നേറ്റം. ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കായിരുന്നു പ്രണോയ് ജയിച്ചുകയറിയത്. ഒരു മണിക്കൂറും എട്ട് മിനിട്ടും നീണ്ടുനിന്ന മത്സരത്തിൽ ആദ്യ സെറ്റ് അനായാസം കൈവിട്ട ശേഷം ശക്‌തമായി തിരിച്ചടിച്ചാണ് ലോക വേദിയിൽ മെഡലുറപ്പിച്ചത് (BWF World Championships 2023). സ്‌കോർ : 13-21, 21-15, 21-16
മികച്ച ഫോമിൽ കളിക്കുന്ന പ്രണോയ് മത്സരത്തിന്‍റെ തുടക്കത്തിൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടി. 9-2ന് അനായാസം ലീഡ് നേടിയ അക്‌സെല്‍സെന്‍ 21-13 സ്‌കോറിന് ആദ്യ ഗെയിം സ്വന്തമാക്കി. ഇതോടെ മത്സരം ഡാനിഷ് താരം അനായാസം സ്വന്തമാക്കുമെന്ന് തോന്നിപ്പിച്ചു.
രണ്ടാം ഗെയിമിൽ കൂടുതൽ ശ്രദ്ധയോടെ റാക്കറ്റേന്തിയ മലയാളി താരം പതിയെ മത്സരത്തിന്‍റെ ഗതി വരുതിയിലാക്കി. ഫ്രണ്ട് കോർട്ടിൽ കൂടുതൽ കരുത്തനായ അക്‌സെൽസെനെതിരെ ബാക് കോർട്ട് ഷോട്ടുകൾ പരീക്ഷിച്ചാണ് പ്രണോയ് കളിപിടിച്ചത്. പതിയെ മേധാവിത്വം നേടിയ ഇന്ത്യൻ താരം രണ്ടാം ഗെയിം 21-15 സ്വന്തമാക്കുകയും ചെയ്‌തു. 49 ഷോട്ടുകൾ നീണ്ടുനിന്ന റാലി പ്രണോയിയുടെ പോരാട്ടവീര്യം കാണിക്കുന്നതായിരുന്നു.
മൂന്നാം ഗെയിമിലും മേധാവിത്വം തുടർന്ന പ്രണോയ് 11-6ന് ലീഡെടുത്തു. പിന്നിൽ നിന്ന് തിരിച്ചടിച്ച അക്‌സെൽസെൻ 14-17 വരെ പൊരുതി നോക്കിയതോടെ മത്സരം കൈവിടുമെന്ന് തോന്നിപ്പിച്ചു. എന്നാൽ എതിരാളിയുടെ പിഴവുകൾ മുതലെടുത്ത പ്രണോയ് 21-16 ന് മൂന്നാം ഗെയിമും മത്സരവും സ്വന്തമാക്കി.
വിക്‌ടർ അക്‌സെൽസെനെതിരെ ഒമ്പത് മത്സരങ്ങളിൽ പ്രണോയിയുടെ രണ്ടാം വിജയം മാത്രമാണിത്. ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ പുരുഷ സിംഗിൾസ് താരമായി പ്രണോയ്. ഇതോടെ 2011 മുതൽ ലോക ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ഇന്ത്യക്ക് ഇത്തവണ പ്രണോയിയുടെ പ്രകടനം തുണയായി.
ഇന്ന് നടക്കുന്ന സെമി പോരാട്ടത്തിൽ തായ്‌ലൻഡ് താരം കുൻലാവുട്ട് വിറ്റിഡ്‌സാർ (Kunlavut Vitidsarn of Thailand) ആണ് പ്രണോയിയുടെ എതിരാളി. ചൈനീസ് തായ്‌പേയിയുടെ വാങ് സൂ വെയെ (Wang Tzu Wei) 18-21, 21-15, 21-13 എന്ന സ്‌കോറിന് തോൽപിച്ചാണ് മൂന്നാം സീഡായ വിറ്റിഡ്‌സാർ സെമിയിലേക്ക് കടന്നത്. ഇന്ന് വൈകിട്ട് 3.50നാണ് മത്സരം.
നേരത്തേ, പുരുഷ വിഭാഗം ഡബിൾസിൽ മെഡലുറപ്പിക്കാനുള്ള നിർണായക പോരാട്ടത്തിൽ ഡെൻമാർക്കിന്‍റെ കിം ആസ്ട്രപ്- ആൻഡേഴ്‌സ് റാസ്‌മുസെൻ (Kim Astrup and Anders Skaarup Rasmussen) സഖ്യത്തിനു മുന്നിൽ 18-21, 19-21ന് വീണ് സാത്വിക്- ചിരാഗ് ( Satwiksairaj Rankireddy and Chirag Shetty) സഖ്യം മടങ്ങി. അത്യന്തം ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ സ്വന്തം ആരാധകരുടെ നിറകൈയടികൾ കരുത്താക്കിയായിരുന്നു കിമ്മും റാസ്‌മുസെനും ലോക രണ്ടാം നമ്പറായ ഇന്ത്യക്കാരെ മറികടന്നത്.