ബുഡാപെസ്റ്റ് : നീന്തൽ മത്സരത്തിനിടെ ബോധരഹിതയായി പൂളിന്‍റെ അടിത്തട്ടിലേക്ക് മുങ്ങിത്താഴ്ന്ന താരത്തിന് രക്ഷകയായി കോച്ച്. യുഎസ് വനിത നീന്തൽ താരം അനിറ്റ അൽവാരസിനെയാണ് പരിശീലകയായ ആൻഡ്രിയ ഫ്യൂന്‍റസ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടക്കുന്ന ഫിന വേൾഡ് അക്വാട്ടിക്‌സ് ചാമ്പ്യൻഷിപ്പിൽ ആർട്ടിസ്‌റ്റിക് സോളോ ഫ്രീ ഫൈനലിനിടെയായിരുന്നു സംഭവം.
മത്സരത്തിനിടെ അൽവാരസ് ബോധരഹിതയായി മുങ്ങിത്താഴുന്നത് കണ്ട ആൻഡ്രിയ ഫ്യൂന്‍റസ്, ലൈഫ് ഗാർഡുകളോട് രക്ഷപ്പെടുത്താൻ ആവശ്യപ്പെട്ടു. എന്നാൽ ലൈഫ് ഗാർഡുകൾക്ക് ഫ്യൂന്‍റസിന്‍റെ നിർദേശം മനസിലായില്ല. ഉടൻതന്നെ സാഹചര്യം മനസിലാക്കിയ ഫ്യൂന്‍റസ് എടുത്തുചാടി അൽവാരസിനെ ഉപരിതലത്തിലെത്തിച്ചു. തുടർന്ന് താരത്തിന് വൈദ്യസഹായം നൽകി.
സിൻക്രണൈസ്‌ഡ് നീന്തലിൽ നാല് തവണ ഒളിമ്പിക് മെഡൽ ജേതാവാണ് സ്‌പാനിഷ് പരിശീലകയായ ഫ്യൂന്‍റസ്. രണ്ടാം തവണയാണ് ഫ്യൂന്‍റസ് അനിറ്റയുടെ രക്ഷകയാകുന്നത്. കഴിഞ്ഞ വർഷം ഒളിമ്പിക്‌സ് യോഗ്യതാമത്സരത്തിനിടെ സമാനരീതിയിൽ മുങ്ങിത്താഴ്‌ന്ന അനിറ്റ അൽവാരസിനെ നീന്തൽ താരം ലിൻഡി ഷ്രോഡറിന്‍റെ സഹായത്തോടെ സുരക്ഷിതമായി രക്ഷപ്പെടുത്തിയിരുന്നു. നീന്തൽ താരം സുഖം പ്രാപിച്ചുവരികയാണെന്നും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
'ലൈഫ് ഗാർഡുകൾ ആരും തന്നെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നില്ലെന്ന് കണ്ടാണ് ഞാൻ വെള്ളത്തിലേക്ക് ചാടിയത്. അവൾക്ക് ശ്വാസം കിട്ടാത്തതിനാൽ എനിക്ക് അൽപ്പം പേടി തോന്നി, പക്ഷേ അവൾ ഇപ്പോൾ സുഖമായിരിക്കുന്നു. അല്‍വാരസിന് കൂടുതൽ വിശ്രമം ആവശ്യമാണ്' - ആൻഡ്രിയ ഫ്യൂന്‍റസ് പറഞ്ഞു.