സൂറിച്ച്: അന്താരാഷ്ട്ര ടൂർണമെന്‍റുകളുമായി ബന്ധപ്പെട്ട് ഫുട്‌ബോള്‍ താരങ്ങള്‍ നേരിടുന്ന ഓണ്‍ലൈന്‍ അധിക്ഷേപങ്ങളില്‍ കൂടുതലും ഹോമോഫോബിക് കമന്‍റുകളെന്ന് ഫിഫ റിപ്പോര്‍ട്ട്. യുറോ കപ്പ് (2020), അഫ്രിക്കന്‍ നേഷന്‍സ് കപ്പ് (2021) എന്നീ ടൂര്‍ണമെന്‍റുകളുടെ സെമി ഫൈനൽ, ഫൈനൽ ഘട്ടങ്ങളിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വന്ന കമന്‍റുകള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് 400,000ലധികം പോസ്റ്റുകളാണ് കണ്ടെത്തിയത്. 50 ശതമാനത്തില്‍ അധികം കളിക്കാർക്കും ഏതെങ്കിലും തരത്തിലുള്ള അധിക്ഷേപം നേരിടുന്നതായാണ് കണ്ടെത്തല്‍. അതിൽ ഭൂരിഭാഗവും കളിക്കാരുടെ മാതൃരാജ്യത്തിൽ നിന്നുതന്നെയാണെന്നും പഠനം വ്യക്തമാക്കുന്നു.
ഹോമോഫോബിക്കും (50 ശതമാനം), വംശീയവും (38 ശതമാനം) ആയ അധിക്ഷേപങ്ങളാണ് കമന്‍റുകളില്‍ കൂടുതലുമുള്ളത്. ഇതില്‍ ഭൂരിഭാഗവും യഥാര്‍ഥ അക്കൗണ്ടുകളില്‍ നിന്നുള്ളതാണെന്നും, അധിക്ഷേപകരമായ അഭിപ്രായങ്ങൾ പ്രസിദ്ധീകരിച്ചതായി കണ്ടെത്തിയ 90 ശതമാനം അക്കൗണ്ടുകളും തിരിച്ചറിയാന്‍ ഉയർന്ന സാധ്യതയുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നുണ്ട്.
also read: കാർലോസ് ടെവസ് ഇനി പരിശീലക വേഷത്തില്‍
അതേസമയം ഖത്തർ ലോകകപ്പ് ആരംഭിക്കാനിരിക്കെ, താരങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരായ ഓണ്‍ ലൈന്‍ അധിക്ഷേപങ്ങള്‍ നേരിടാന്‍ പ്രൊഫഷണൽ ഫുട്ബോൾ താരങ്ങളുടെ അന്താരാഷ്‌ട്ര പ്രതിനിധി സംഘടനയായ ഫിഫ്‌പ്രോയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഫിഫ അറിയിച്ചു.