സൂറിച്ച്: ഫിഫയുടെ 2021ലെ ഏറ്റവും മികച്ച പുരുഷ ടീം പരിശീലകനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. മാഞ്ചസ്റ്റർ സിറ്റിയെ പ്രീമിയർ ലീഗ് ജേതാക്കളാക്കിയ പെപ് ഗ്വാർഡിയോള, ചെൽസിയെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കിയ തോമസ് ടുഷേൽ, ഇറ്റലിയെ യൂറോപ്യൻ യൂണിയൻ ചാമ്പ്യൻമാരാക്കിയ റോബർട്ടോ മാൻചീനി എന്നീ പരിശീലകരാണ് ചുരുക്കപ്പട്ടികയിലുള്ളത്.
അതേസമയം അർജന്‍റീനയെ കോപ്പ അമേരിക്ക കിരീടത്തിലേക്ക് നയിച്ച ലിയോണൽ സ്‌കലോണിക്ക് പട്ടികയിൽ ഇടം നേടാനായില്ല. വനിത ടീമിന്‍റെ പരിശീലകരിൽ ചാമ്പ്യൻസ് ലീഗ് ജേതാവായ ബാഴ്‌സലോണയുടെ ലൂയിസ് കോർട്ടെസ്, ചെൽസിയുടെ എമ്മ ഹെയ്‌സ്, ഇംഗ്ലണ്ട് ടീമിന്‍റെ മുഖ്യ പരിശീലകയായ സറീന വിഗ്മാൻ എന്നിവരും ഇടം പിടിച്ചു. ജനുവരി 17ന് സൂറിച്ചിലെ ഫിഫ ആസ്ഥാനത്താണ് ജേതാവിനെ പ്രഖ്യാപിക്കുക.
കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഗോളിനുള്ള പുഷ്‌കാസ് അവാർഡിനുള്ള അന്തിമ പട്ടികയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 11 മികച്ച ഗോളുകളിൽ നിന്ന് വോട്ടെടുപ്പിലൂടെയാണ് അവസാന മൂന്ന് ഗോളുകളെ തെരഞ്ഞെടുത്തത്.
ALSO READ: ISL: നോര്‍ത്ത് ഈസ്റ്റിനോട് ജയം പിടിച്ച് വാങ്ങി ജംഷഡ്‌പൂര്‍
ടോട്ടനത്തിനായി അർജന്‍റൈൻ താരം എറിക് ലമേല റൊബോന കിക്കിലൂടെ നേടിയ ഗോളാണ് ഒന്നാമത്. യൂറോ കപ്പിൽ സ്കോട്ട്‍ലൻഡിനെതിരായ പാട്രിക് ഷിക്കിന്‍റെ ഗോളും ചാമ്പ്യൻസ് ലീഗിൽ ചെൽസിക്കെതിരെ എഫ്‌സി പോർട്ടോ താരം മെഹ്ദി തരേമി നേടിയ ഗോളും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇടം പിടിച്ചു.