തിരുവനന്തപുരം: സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിലെ കളിക്കാർക്കും പരിശീലകനും 5 ലക്ഷം രൂപ വീതം പാരിതോഷികമായി നൽകാൻ മന്ത്രിസഭ യോഗത്തിൽ തീരുമാനം. 20 കളിക്കാർക്കും പരിശീലകനും 5 ലക്ഷം വീതവും മാനേജർക്കും സഹപരിശീലകർക്കും ടീം ഫിസിയോക്കും 3 ലക്ഷം വീതവുമാണ് നൽകുക. ബംഗാളിനെ തോൽപ്പിച്ച് കിരീടം ചൂടിയ ടീമിന് സമ്മാനത്തുക പ്രഖ്യാപിക്കുന്നത് വൈകിയത് വിവാദമായിരുന്നു.
മുഖ്യമന്ത്രി അമേരിക്കയിലായിരുന്നപ്പോൾ ഓൺലൈനായി ചേർന്ന മന്ത്രിസഭ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തിരുന്നില്ല. തുടർന്ന് മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് കായികമന്ത്രി വി അബ്ദുറഹ്മാൻ അറിയിച്ചിരുന്നത്.
പുതിയ തസ്‌തികകൾ നിർമ്മിക്കും: ഓഖി ദുരന്തത്തിൽ വള്ളവും വലയും നഷ്‌ടപ്പെട്ട നാലുപേർക്ക് നഷ്‌ടപരിഹാരത്തുകയായ 24,60,405 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കാനും മന്ത്രിസഭ യോഗത്തിൽ തീരുമാനമായി. കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിൽ കമ്പനി സെക്രട്ടറിയുടെയും ജനറൽ മാനേജരുടെയും ഓരോ തസ്‌തിക വീതം സൃഷ്‌ടിക്കും.
സർക്കാർ ഐടി പാർക്കുകളുടെ ചീഫ് മാർക്കറ്റിങ് ഓഫീസറുടെ ഒരു തസ്‌തിക അഞ്ചുവർഷത്തേക്ക് കരാറടിസ്ഥാനത്തിൽ സൃഷ്‌ടിക്കും. എക്സൈസ് വകുപ്പിൽ വനിതകളുടെ പ്രാതിനിധ്യം ഉയർത്തുന്നതിനായി വിവിധ ജില്ലകളിൽ 31 വനിത സിവിൽ എക്സൈസ് ഓഫീസർമാരുടെ തസ്‌തിക സൃഷ്‌ടിച്ച നടപടിയും മന്ത്രിസഭായോഗം സാധൂകരിച്ചു.