പാരീസ്: ഫ്രഞ്ച് ഓപ്പണിൽ ലോക ഒന്നാം നമ്പര്‍ താരം ഇഗാ സ്വിറ്റെക്കിനെ കീഴടക്കി മുന്നേറാമെന്ന ചൈനീസ് താരം ചാങ് ഷിന്‍വെന്നിന്‍റെ മോഹങ്ങള്‍ക്ക് പ്രതികൂലമായത് ആര്‍ത്തവ വേദനകൂടിയായിരുന്നു. മത്സരത്തില്‍ ആദ്യ സെറ്റ് സ്വന്തമാക്കിയ 19കാരിയായ ചൈനീസ് താരം തുടര്‍ന്നുള്ള രണ്ട് സെറ്റുകള്‍ കൈമോശം വന്നാണ് ഇഗായ്‌ക്കെതിരെ കീഴടങ്ങിയത്.
വേദന കുഴയ്‌ക്കിയതിനെ തുടര്‍ന്ന് രണ്ടാം സെറ്റില്‍ താരം ഇടവേളയെടുത്തിരുന്നു. തുടര്‍ന്ന് ലോക്കര്‍ റൂമിലേക്ക് പോയതിന് ശേഷമാണ് ഷിന്‍വെന്‍ കോര്‍ട്ടിലേക്ക് മടങ്ങിയെത്തിയത്. 'കളിക്കളത്തില്‍ പുരുഷനായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നതായാണ്' തോല്‍വിക്ക് പിന്നാലെ ചാങ് ഷിന്‍വെന്‍ പ്രതികരിച്ചത്.
'വയറുവേദന കഠിനമായിരുന്നു. എന്‍റെ കളി പുറത്തെടുക്കാന്‍ സാധിച്ചില്ല. ഇത് സ്‌ത്രീകളുടെ വിഷയമാണ്. എന്നെ സംബന്ധിച്ച് ആദ്യ ദിനം എല്ലായ്‌പ്പോഴും പ്രയാസമേറിയതാവും. അതിനെതിരെ ഒന്നും ചെയ്യാനുമാവില്ല.
also read: ഏഴ് വര്‍ഷത്തിന് ശേഷം ബൊപ്പണ്ണയ്‌ക്ക് ആദ്യ ഗ്രാൻഡ്‌സ്ലാം സെമി ഫൈനല്‍
കോര്‍ട്ടില്‍ എനിക്കൊരു പുരുഷനാവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു. അങ്ങനെയെങ്കില്‍ ഈ പ്രശ്‌നം എന്നെ അലട്ടില്ലല്ലോ', 74ാം റാങ്കുകാരിയായ ഷിന്‍വെന്‍ പറഞ്ഞു. മത്സരത്തില്‍ 6-7(5), 6-0, 6-2 എന്ന സ്‌കോറിനാണ് ഷിന്‍വെന്നിനെ ഇഗാ തോല്‍പ്പിച്ചത്. പോളിഷ് താരമായ ഇഗായുടെ തുടര്‍ച്ചയായ 32ാം വിജയമാണിത്.