മ്യൂണിക്ക്: ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഉവെ സീലര്‍ (85) അന്തരിച്ചു. 1954 മുതല്‍ 1970 വരെ ജര്‍മനിക്കായി പന്ത് തട്ടിയ സീലര്‍ 72 മത്സരങ്ങളില്‍ 33 ഗോളുകള്‍ നേടിയിട്ടുണ്ട്. 1966ലെ ലോകകപ്പില്‍ പശ്ചിമ ജര്‍മനിയെ ഫൈനലില്‍ എത്തിച്ച നായകന്‍ കൂടിയാണ് സീലര്‍.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ജര്‍മന്‍ ഫുട്‌ബോള്‍ ടീമിന്‍റെ ഉയര്‍ച്ചയില്‍ പ്രധാന പങ്കാണ് സീലര്‍ക്കുള്ളത്. 1960, 1964, 1970 വര്‍ഷങ്ങളില്‍ മികച്ച ജര്‍മന്‍ ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ടു. ജര്‍മനിയുടെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായി വിലയിരുത്തപ്പെടുന്ന സീലര്‍ തന്‍റെ ഓവര്‍ഹെഡ് കിക്കുകളാലും അസാധ്യ ആംഗിളുകളില്‍ നിന്നുള്ള ഗോള്‍ നേട്ടത്താലും പ്രസിദ്ധനായിരുന്നു.
ജര്‍മന്‍ ബുണ്ടസ്‌ലിഗയില്‍ 519 മത്സരങ്ങളില്‍ നിന്ന് 445 ഗോളുകള്‍ നേടിയിട്ടുണ്ട്. ബുണ്ടസ് ലീഗയിലെ ആദ്യത്തെ ടോപ് സ്‌കോററായിരുന്നു.