ന്യൂഡല്‍ഹി : ഇന്ത്യന്‍ വനിത ഫുട്ബോള്‍ താരം മനീഷ കല്യാണ്‍ സൈപ്രസിലെ ചാമ്പ്യന്‍ ക്ലബ്ബായ അപ്പോളോണ്‍ ലേഡീസ് എഫ്‌സിയുമായി കരാര്‍ ഒപ്പുവച്ചു. രണ്ട് വര്‍ഷക്കരാറിലാണ് ക്ലബ്ബുമായി ഇന്ത്യന്‍ മിഡ്‌ഫീല്‍ഡര്‍ ഒപ്പുവച്ചിരിക്കുന്നത്. വിദേശ ക്ലബ്ബുമായി കരാറിലെത്തുന്ന നാലാമത്തെ ഇന്ത്യന്‍ ഫുട്‌ബോളറാണ് മനീഷ.
ഇതോടെ യുവേഫ വനിത ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യക്കാരിയാവാനും 20കാരിയായ പഞ്ചാബ് സ്വദേശിനിക്ക് കഴിയും. താരത്തിന്‍റെ മുന്‍ ക്ലബ് ഗോകുലം കേരള എഫ്‌സി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 2018ല്‍ ഗോകുലത്തിലെത്തിയ താരത്തിന്‍റെ കരാര്‍ കഴിഞ്ഞ മെയില്‍ അവസാനിച്ചിരുന്നു.
സൈപ്രസിലെ ടോപ് ഡിവിഷന്‍ ലീഗിലെ കഴിഞ്ഞ സീസണിലെ ജേതാക്കളാണ് അപ്പോളോണ്‍ ലേഡീസ്. ഇതോടെയാണ് ക്ലബ്ബിന് 2022-23 സീസണിലെ വനിത ചാമ്പ്യന്‍സ് ലീഗ് ക്വാളിഫയറിന് യോഗ്യത ലഭിച്ചത്. ഓഗസ്റ്റ് 18 മുതല്‍ ആരംഭിക്കുന്ന ക്വാളിഫയറില്‍ അപ്പോളോണ്‍ ലേഡീസിനായി മനീഷ ബൂട്ടുകെട്ടും.
also read: ക്രിസ്റ്റ്യന്‍ എറിക്‌സണെ ടീമിലെത്തിക്കാനൊരുങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
അതേസമയം ഗോകുലം സ്‌ട്രൈക്കര്‍ ഡാങ്‌മെയ് ഗ്രേസും വിദേശ ക്ലബുമായി കരാറിലെത്തിയിട്ടുണ്ട്. ഉസ്‌ബെക്കിസ്ഥാന്‍ ക്ലബായ എഫ്‌സി നസഫ് ഖര്‍ഷിയുമായി ആറ് മാസക്കരാറിലാണ് മണിപ്പൂരുകാരി ഒപ്പിട്ടത്. കഴിഞ്ഞ സീസണിലാണ് ഗ്രേസ് ഗോകുലത്തിൽ എത്തിയത്. ഗോകുലത്തിനായി ഇന്ത്യൻ വനിത ലീഗിലും ഏഷ്യൻ ക്ലബ് ചാമ്പ്യൻഷിപ്പിലും 26കാരിയായ ഗ്രേസ് ഇറങ്ങിയിരുന്നു.