ദോഹ: കളത്തിലില്ലാതിരുന്നപ്പോള്‍ ബ്രസീല്‍ ടീമിന് നെയ്‌മറെ മിസ് ചെയ്‌തിരുന്നതായി ഇതിഹാസ താരം സിക്കോ. എന്നാല്‍ ബ്രസീല്‍ അമിതമായി താരത്തെ ആശ്രയിക്കുന്നില്ല. ക്രിസ്റ്റ്യാനോയെയും മെസിയേയും പോലെ സമാന സ്വാധീനം ചെലുത്താനാവുന്ന താരമാണ് നെയ്‌മറെന്നും സിക്കോ പറഞ്ഞു.
"നെയ്‌മറെ ഈ ടീം അമിതമായി ആശ്രയിക്കുന്നില്ല. എന്നാല്‍ അവൻ കളിക്കളത്തിന് പുറത്താവുമ്പോള്‍ അത് വ്യത്യസ്തമാണ്. കളിക്കളത്തില്‍ എല്ലാ കണ്ണുകളും അവനിൽ ആയിരിക്കും. ഏറെ അവസരങ്ങള്‍ തുറന്ന് നല്‍കാന്‍ കഴിയുന്ന താരമാണ് നെയ്‌മര്‍.
അവന്‍ ഇല്ലാത്തപ്പോള്‍ ഓരോ താരവും കളി ജയിക്കാനുള്ള വഴി കണ്ടെത്തണമെന്നാണ് ആളുകള്‍ കരുതുന്നത്. പക്ഷേ കാര്യങ്ങള്‍ അങ്ങനെയല്ല. ഈ ടീം ഒരാളെ മാത്രം അമിതമായി ആശ്രയിക്കുന്നില്ല" 69 കാരനായ സിക്കോ പറഞ്ഞു.
നെയ്‌മറില്ലാതെയും ബ്രസീലിന് വിജയിക്കാൻ കഴിയുമെന്ന് ഉറപ്പാണെന്നും സിക്കോ പറഞ്ഞു. "പക്ഷേ അവന് കളിക്കാന്‍ കഴിയുമെങ്കില്‍ അതു നല്ലതാണ്. അവന്‍ ടീമിന് ഒരു അലങ്കാരമാണ്. ലോകകപ്പിന് മുന്നെ നെയ്‌മര്‍ക്ക് ഇതിലും നല്ല ഫിറ്റ്‌നസുണ്ടായിരുന്നു.
ക്രിസ്റ്റ്യാനോയെയും മെസിയെയും പോലെ സമാനമായ സ്വാധീനം ചെലുത്താന്‍ കഴിയുന്ന താരമാണ് നെയ്‌മര്‍. മോശമായി കളിച്ചാലും നന്നായി കളിച്ചാലും അവർക്ക് ഏത് നിമിഷവും ഒരു മത്സരത്തിന്‍റെ വിധി നിര്‍ണയിക്കാം.
എതിരാളികളെ പ്രതിരോധത്തിലാക്കാന്‍ കഴിയുന്ന അവര്‍ക്ക് മറ്റ് താരങ്ങള്‍ക്ക് ഇടം തുറന്ന് നല്‍കാന്‍ കഴിയും. ഇതാണ് ബ്രസീലിന്‍റെ നിരയില്‍ അവനുള്ള പ്രാധാന്യം" സിക്കോ പറഞ്ഞു.
സെര്‍ബിയയ്‌ക്കെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ പരിക്കേറ്റ നെയ്‌മറിന് തുടര്‍ന്നുള്ള മത്സരങ്ങള്‍ നഷ്‌ടമായിരുന്നു. സെര്‍ബിയന്‍ താരം നിക്കോള മിലെൻകോവിച്ചിന്‍റെ ടാക്ലിങ്ങിനിടെ നെയ്‌മറുടെ വലത് കണങ്കാലിനാണ് പരിക്കേറ്റത്. ഇതിന് പിന്നാലെ താരത്തിന് പനി ബാധിച്ചതായി സഹ താരം വിനീഷ്യസ് ജൂനിയര്‍ പറഞ്ഞിരുന്നു.
അതേസമയം ലോകകപ്പിന്‍റെ ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ടിറങ്ങുന്ന ബ്രസീലിനായി നെയ്‌മര്‍ പന്തുതട്ടുമെന്ന പരിശീലകന്‍ ടിറ്റെയുടെ വാക്കുകള്‍ ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. പ്രീ ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയാണ് കാനറികളുടെ എതിരാളി. കഴിഞ്ഞ ദിവസം മറ്റ് ടീമഗങ്ങള്‍ക്കൊപ്പം താരം പരിശീലനത്തിനിറങ്ങിയിരുന്നു.
ALSO READ: ബെലിങ്‌ഹാമിന്‍റെ വളര്‍ച്ചയുടെ വേഗം പ്രവചിക്കുക അസാധ്യം; പുകഴ്‌ത്തി ഗാരെത് സൗത്ത്ഗേറ്റ്