ദോഹ : ഖത്തറില്‍ ലോകകപ്പ് ഫൈനലുറപ്പിക്കാന്‍ ക്രൊയേഷ്യക്കെതിരെ ഇന്നിറങ്ങുമ്പോൾ അർജന്‍റൈൻ നായകൻ ലയണല്‍ മെസിയെ കാത്തിരിക്കുന്നത് നിരവധി റെക്കോഡുകള്‍. അഞ്ച് ലോകകപ്പുകളിൽ അസിസ്റ്റ് നേടിയ ഏക താരം, അഞ്ച് ലോകകപ്പ് കളിച്ച ഏക അർജന്‍റൈൻ താരം തുടങ്ങി അനേകം റെക്കോഡുകള്‍ ഇപ്പോൾ തന്നെ പേരിലുള്ള മെസി ഇനി മറികടക്കുന്നത് മറ്റ് ഇതിഹാസങ്ങളെ കൂടിയാണ്.
ക്രൊയേഷ്യക്കെതിരെ ഇറങ്ങുന്നതോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന ജർമനിയുടെ ഇതിഹാസ താരം ലോതർ മത്തേയൂസിനൊപ്പമെത്താന്‍ മെസിക്ക് സാധിക്കും. ലോകകപ്പില്‍ തന്‍റെ 25ാം മത്സരത്തിനാണ് മെസി ഇന്നിറങ്ങുന്നത്. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച ക്യാപ്റ്റനെന്ന റെക്കോഡില്‍ മെക്‌സിക്കോയുടെ റാഫ മാർക്വേസിനൊപ്പമാണ് മെസിയുള്ളത്.
ഇന്നിറങ്ങുന്നതോടെ ഈ റെക്കോഡ് മെസിക്ക് ഒറ്റയ്‌ക്ക് സ്വന്തമാക്കാം. നിലവില്‍ 18 മത്സരങ്ങളുമായാണ് ഇരുവരും തുല്യത പാലിക്കുന്നത്. ലോകകപ്പില്‍ 16 മത്സരങ്ങളില്‍ ക്യാപ്റ്റനായി കളിച്ച ഡീഗോ മറഡോണയാണ് ഇരുവര്‍ക്കും പിന്നില്‍.
അതേസമയം ലോകകപ്പിന്‍റെ നോക്കൗട്ട് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകളെന്ന ബ്രസീല്‍ ഇതിഹാസം പെലെയുടെ റെക്കോഡിന് ഒപ്പമെത്താന്‍ ഇനി ഒരെണ്ണം കൂടി മതി 35കാരനായ മെസിക്ക്. ആറ് അസിസ്റ്റുമായാണ് പെലെ റെക്കോഡിട്ടത്.
അർജന്‍റീനയ്ക്കായി ഏറ്റവുമധികം ഗോൾ നേടിയ താരമെന്ന ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോഡ് തകര്‍ക്കാന്‍ ഒരേയൊരു ഗോൾ മാത്രമാണ് താരത്തിന് വേണ്ടത്. നിലവില്‍ 10 ഗോളുകളാണ് ഇരുവര്‍ക്കുമുള്ളത്. ഡീഗോ മറഡോണ (8), ഗില്ലെർമോ സ്റ്റെബൈൽ (8), മരിയോ കെംപെസ് (6), ഗോൺസാലോ ഹിഗ്വെയ്ൻ (5) എന്നിവരാണ് പിന്നിൽ.
Also read: മെസിയോ ലൂക്കയോ ? ; ഖത്തര്‍ ലോകകപ്പിലെ ആദ്യ ഫൈനലിസ്‌റ്റിനെ ഇന്നറിയാം
ലോകകപ്പിൽ ഏറ്റവും കൂടുതൽ മിനിട്ട് കളിച്ച താരമെന്ന റെക്കോഡ് ഈ മത്സരത്തില്‍ തന്നെ സ്വന്തം പേരിലാക്കാന്‍ ക്രൊയേഷ്യയ്‌ക്കെതിരായ അർജന്‍റീനയുടെ സെമി ഫൈനൽ എക്‌സ്‌ട്രാ ടൈമിലേക്ക് നീണ്ടാല്‍ മാത്രം മതി. 2,217 മിനിട്ട് കളിച്ച ഇറ്റാലിയന്‍ താരം പൗലോ മാൽഡിനിയുടെ പേരിലാണ് നിലവില്‍ ഈ റെക്കോഡുള്ളത്. 2,104 മിനിട്ട് കളിച്ചാണ് മെസി പിന്നില്‍ നില്‍ക്കുന്നത്.