ദോഹ: 2014ലെ ലോകകപ്പിന്‍റെ സെമി ഫൈനലില്‍ അര്‍ജന്‍റീനയോടേറ്റ തോല്‍വിയാണ് നെതര്‍ലന്‍ഡ്‌സിന് പുറത്തേക്കുള്ള വഴി തുറന്നത്. എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഖത്തറിലും സെമി പോരാട്ടത്തില്‍ അര്‍ജന്‍റീന തന്നെയാണ് നെതര്‍ലന്‍ഡ്‌സിനെ കാത്തിരിക്കുന്നത്. ഇക്കുറി പഴയ ആ കണക്ക് പലിശ സഹിതം വീട്ടാനാവുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് ഡച്ച് പരിശീലകന്‍ ലൂയിസ് വാൻ ഗാൽ.
"2014ലെ ടീമിനേക്കാള്‍ ഇപ്പോഴത്തെ അർജന്‍റീന കൂടുതല്‍ ശക്തരാണ്. എന്നാല്‍ അവരെ തോല്‍പ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിൽ ലോക ചാമ്പ്യൻഷിപ്പ് നേടാനുള്ള അവസരവും ഞങ്ങള്‍ക്കുണ്ട്.
അർജന്‍റീനയ്‌ക്കെതിരെ ഞങ്ങൾക്ക് തീർപ്പാക്കാൻ ഒരു കണക്കുണ്ട്. അതിനാൽ ഇത്തവണ ഞങ്ങൾ വിജയിച്ചാൽ വളരെ നല്ലതായിരിക്കും. എല്ലാം സാധ്യമാണ്". വാൻ ഗാൽ പറഞ്ഞു.
അര്‍ജന്‍റൈന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസി അപകടകാരിയാണെങ്കിലും പൂട്ടാനുള്ള വഴികള്‍ തങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എതിരാളികള്‍ പന്ത് കൈവശം വയ്‌ക്കുമ്പോള്‍ മെസി അത് തിരികെ പിടിക്കാന്‍ കൂടുതല്‍ ഇടപെടല്‍ നടത്താറില്ലെന്നാണ് ലൂയിസ് വാൻ ഗാൽ പറയുന്നത്.
'ഭാവനാസമ്പന്നനും ഏറ്റവും അപകടകാരിയുമായ ഒരു താരമാണ് മെസി. ഒരു മത്സരത്തില്‍ നിരവധി ഗോളടിക്കാനും ഗോളടിപ്പിക്കാനും അദ്ദേഹത്തിന് സാധിക്കും. എന്നാല്‍ എതിരാളികള്‍ പന്ത് കൈവശപ്പെടുത്തുമ്പോള്‍ അദ്ദേഹം കൂടുതല്‍ ഇടപെടല്‍ നടത്താറില്ല. ഇത് ഞങ്ങള്‍ക്ക് അവസരം നല്‍കുന്നതാണ്" - വാൻ ഗാൽ വ്യക്തമാക്കി.
ഇന്ന് രാത്രി 12.30ന് ലുസൈൽ സ്റ്റേഡിയത്തിലാണ് ലാറ്റിനമേരിക്കാന്‍ ചാമ്പ്യന്മാരായ അര്‍ജന്‍റീന നെതര്‍ലന്‍ഡ്‌സിനെ നേരിടുന്നത്. പ്രീ ക്വാര്‍ട്ടര്‍ പോരില്‍ ഓസ്‌ട്രേലിയയെ തകര്‍ത്താണ് മെസിയും സംഘവും ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. യുഎസ്‌എയ്‌ക്കെതിരായ വിജയത്തോടെയാണ് ഡച്ച് പടയുടെ വരവ്.
Also read: ലോകകപ്പിലെ തോൽവി; സ്‌പെയിനിന്‍റെ പരിശീലക സ്ഥാനമൊഴിഞ്ഞ് ലൂയിസ് എൻറിക്വെ