ദോഹ : ഖത്തര്‍ ലോകകപ്പിന് പന്തുരുളും മുന്‍പ് തന്നെ പരിക്കിന്‍റെ പിടിയിലായിരുന്ന ടീം ആണ് അര്‍ജന്‍റീന. പ്രധാന താരങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും പരിക്കായിരുന്നതിനാല്‍ അവസാന നിമിഷത്തിലാണ് പരിശീലകന്‍ സ്‌കലോണി സ്ക്വാഡിനെ പ്രഖ്യാപിച്ചത്. അതേസമയം ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിന് മുന്‍പ് ആരാധകര്‍ക്ക് ആശങ്ക പകരുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ അര്‍ജന്‍റൈന്‍ ക്യാമ്പില്‍ നിന്നും പുറത്തുവരുന്നത്.
ടീമിന്‍റെ മിഡ്‌ഫീല്‍ഡില്‍ പ്രധാനിയായ റോഡ്രിഗോ ഡി പോളിന് പരിക്ക് എന്നാണ് വിവരം. കഴിഞ്ഞ ദിവസം താരം ഒറ്റയ്‌ക്ക് പരിശീലനത്തിനെത്തിയതാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവരാന്‍ കാരണം. ഡിപോളിന്‍റെ പേശികള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
അര്‍ജന്‍റൈന്‍ മിഡ്‌ഫീല്‍ഡ് എഞ്ചിന്‍ ഡി പോളിന്‍റെ അഭാവത്തില്‍ എന്‍സോ ഫെര്‍ണാണ്ടസ്, പരേഡസ്, മക് അലിസ്റ്റര്‍ എന്നിവരെയാണ് പരിശീലകന്‍ ലിയോണല്‍ സ്‌കലോണി പരീക്ഷിച്ചത്. മെസിക്കൊപ്പം അല്‍വാരസ്, ഡി മരിയ എന്നിവരും പരിശീലനത്തിനിറങ്ങിയിരുന്നു.
അതേസമയം നെതര്‍ലന്‍ഡ്‌സിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ താരം ഉണ്ടാകുമോ എന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. അവസാന ഘട്ട പരിശോധനകള്‍ക്കൊടുവില്‍ മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകൂവെന്ന് പരിശീലകന്‍ അറിയിച്ചിട്ടുണ്ട്.
അര്‍ജന്‍റീനയുടെ മുന്നേറ്റ നിര താരം ലൗട്ടാരോ മാര്‍ട്ടിനസും പരിക്കിന്‍റെ പിടിയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കണങ്കാല്‍ പ്രശ്‌നം അലട്ടുന്ന അദ്ദേഹം വേദനസംഹാരികള്‍ ഉള്‍പ്പടെ ഉപയോഗിക്കുകയാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. താരത്തിന്‍റെ ഏജന്‍റാണ് ഇക്കാര്യം പുറത്തുവിട്ടത്.