ദോഹ: ഖത്തര്‍ ലോകകപ്പിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ ഇതേവരെയുള്ള ഏറ്റവും സ്ഫോടനാത്മകവും വിനാശകരവുമായ പ്രകടനമാണെന്ന് പോളണ്ടിനെതിരെ കിലിയൻ എംബാപ്പെ നടത്തിയതെന്ന് ഇംഗ്ലണ്ടിന്‍റെ മുന്‍ ഡിഫന്‍ഡര്‍ റിയോ ഫെർഡിനാൻഡ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ലയണൽ മെസിയുടെ കളിയേക്കാള്‍ എംബാപ്പെയുടെ പ്രകടനം മികച്ചു നിന്നുവെന്നും റിയോ ഫെർഡിനാൻഡ് പറഞ്ഞു.
"മെസിയുടേതായിരുന്നു ഏറ്റവും മികച്ച പ്രകടനമെന്നാണ് ഞാന്‍ ഇന്നലെ പറഞ്ഞത്. എന്നാല്‍ എംബാപ്പെയുടെ പ്രകടനം ഏറ്റവും സ്ഫോടനാത്മകവും എല്ലാ മേഖലകളിലും വിനാശകരമായിരുന്നു. അവൻ തന്‍റെ എതിരാളികളെ ഏറെ പ്രയാസപ്പെടുത്തി.
അത്രയും വേഗത്തില്‍ അത്രയും മികച്ച കളിയാണ് അവന്‍ പുറത്തെടുത്തത്. കളിക്കളത്തില്‍ ആരെയും മറികടക്കാൻ കഴിയുമെന്ന മനോഭാവമാണ് അവനുണ്ടായിരുന്നത്. തന്നെ തടയാൻ ആരുമില്ലെന്നാണ് അവൻ കരുതുന്നത്. അതാണ് ആത്മവിശ്വാസം" ഫെർഡിനാൻഡ് പറഞ്ഞു.
പോളിഷ് പ്രതിരോധ താരങ്ങള്‍ക്ക് തന്നെ മാര്‍ക്ക് ചെയ്യാന്‍ ഒരു അവസരവും നല്‍കിയിരുന്നില്ല. കളിക്കളത്തില്‍ ഇത്തരം താരങ്ങളുണ്ടാവുന്നത് താന്‍ ഏറെ ഇഷ്‌ടപ്പെടുന്നുവെന്നും ഫെർഡിനാൻഡ് കൂട്ടിച്ചേര്‍ത്തു. മത്സരത്തില്‍ ഇരട്ട ഗോളുകള്‍ നേടിയ എംബാപ്പെയുടെ മികവില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഫ്രാന്‍സ് കളി ജയിച്ചിരുന്നു. ജിറൂദിന്‍റെ വകയായിരുന്നു ഫ്രാന്‍സിന്‍റെ പട്ടികയിലെ മറ്റൊരു ഗോള്‍. ഇതിന് വഴിയൊരുക്കിയതും എംബാപ്പെയാണ്.
ALSO READ: പോളണ്ടിനെതിരെ ഇരട്ട ഗോള്‍ ; 60 വര്‍ഷം പഴക്കമുള്ള പെലെയുടെ റെക്കോഡും തകര്‍ത്ത് എംബാപ്പെയുടെ കുതിപ്പ്