ദോഹ: ഖത്തർ ലോകകപ്പിന്‍റെ കലാശപ്പോരാട്ടത്തിനുള്ള ആദ്യ ഇലവനെ പ്രഖ്യാപിച്ച് അർജന്‍റീനയും ഫ്രാൻസും. ശക്‌തമായ നിരയുമായാണ് ഇരു ടീമുകളും ലുസൈനിൽ പന്തുതട്ടാനിറങ്ങുന്നത്. അർജന്‍റീന എയ്‌ഞ്ചൽ ഡിമരിയയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയപ്പോൾ ഫ്രാൻസിൽ റാബിയോയും ഉപമെകാനോയും മടങ്ങിയെത്തി.
ടീമിന്‍റെ തുറുപ്പുചീട്ടായ ഡി മരിയയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാണ് അർജന്‍റീന ഇന്ന് ഫ്രാൻസിനെ നേരിടാനെത്തുന്നത്. ഡി മരിയയെ കൂടാതെ നായകൻ ലയണൽ മെസി, ജൂലിയൻ അൽവാരസ് എന്നിവരാണ് മുന്നേറ്റ നിരയ്‌ക്ക് കരുത്ത് പകരാനെത്തുന്നത്. 4-4-2 ശൈലിയിലാണ് ടീം ഇന്ന് കളത്തിലിറങ്ങുന്നത്.
എമി മാർട്ടിനസ് തന്നെയാണ് ടീമിന്‍റെ ഗോൾവല കാക്കുന്നത്. റോഡ്രിഗോ ഡിപോൾ, എൻസോ ഫെർണാണ്ടസ്, മക്‌അലിസ്റ്റർ എന്നിവരാണ് അർജന്‍റീനയുടെ മധ്യനിര നിയന്ത്രിക്കുക. മാർകോസ് അക്യൂന, നിക്കോളാസ് ഒട്ടമണ്ടി, ക്രിസ്റ്റ്യൻ റൊമേറോ, നഹുവേൽ മൊളീന എന്നിവർക്കാണ് പ്രതിരോധ കോട്ടയുടെ നിയന്ത്രണം.
4-2-3-1 ശൈലിയിലാണ് കോച്ച് ദിദിയെർ ദെഷാം ഫ്രാൻസ് ടീമിനെ ഇന്ന് വിന്യസിച്ചിരിക്കുന്നത്. കിലിയൻ എംബാപെയും ഒളിവർ ജിറൂദുമാണ് ഫ്രാൻസിന്‍റെ മുന്നേറ്റ നിരയിലിറങ്ങുന്നത്. പനി മൂലം താരം കളിക്കില്ലെന്ന തരത്തിൽ വാർത്തകളുണ്ടായിരുന്നെങ്കിലും കോച്ച് ദിദിയെർ ദെഷാം ആദ്യ ഇലവനിൽ തന്നെ താരത്തെ ഉൾപ്പെടുത്തുകയായിരുന്നു. എംബാപെക്കൊപ്പം വലത് വിങ്ങിൽ കരുത്തായി ഒസ്‌മാൻ ഡെംബലയുമുണ്ട്.
ചൗമെനിയും, അന്‍റോണി ഗ്രീസ്‌മാനും, ആഡ്രിയാൻ റാബിയോയും അടങ്ങുന്നതാണ് ഫ്രാൻസിന്‍റെ മധ്യനിര. കൗണ്ടെ, റാഫേൽ വരാനെ, ഡയോറ്റ് അപമെക്കാനോ, തിയോ ഹെർണാണ്ടസ് എന്നിവർ പ്രതിരോധത്തിന് കരുത്ത് കൂട്ടാനായുണ്ട്. നായകൻ ഹ്യൂഗോ ലോറിസ് തന്നെയാണ് ടീമിന്‍റെ ഗോൾ വല കാക്കുന്നത്.