ദോഹ : ഫിഫ ലോകകപ്പില്‍ അവസാന എട്ടില്‍ സ്ഥാനം പിടിക്കാന്‍ ബ്രസീല്‍ ഇന്നിറങ്ങും. അവസാന ഗ്രൂപ്പ് മത്സരത്തില്‍ പോര്‍ച്ചുഗലിനെ തകര്‍ത്ത ദക്ഷിണ കൊറിയയാണ് എതിരാളി. ഇന്ത്യന്‍ സമയം രാത്രി 12:30 മുതല്‍ സ്‌റ്റേഡിയം 974ല്‍ ആണ് മത്സരം.
ഇനി ഒരു തോല്‍വി പുറത്തേക്കുള്ള വഴി തുറക്കുമെന്നതിനാല്‍ ഇരു ടീമുകളും പരീക്ഷണങ്ങള്‍ നടത്താന്‍ സാധ്യതയില്ല. സൂപ്പര്‍ താരം നെയ്‌മര്‍ സൗത്ത് കൊറിയക്കെതിരായ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബ്രസീലിനായി കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പരിക്ക് മാറിയെത്തിയ താരം കഴിഞ്ഞ ദിവസം ടീമിനൊപ്പം പരിശീലനത്തിനിറങ്ങിയിരുന്നു.
പൂര്‍ണ ആരോഗ്യവാനെങ്കില്‍ സൂപ്പര്‍ താരത്തെ കളിപ്പിക്കുമെന്ന് കോച്ച് ടിറ്റെയും വ്യക്തമാക്കിയിട്ടുണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ മാത്രമാണ് നെയ്‌മര്‍ കളിച്ചത്. റിച്ചാലിസണ്‍, വിനീഷ്യസ് ജൂനിയര്‍, കാസിമിറൊ തുടങ്ങിയ പ്രധാന താരങ്ങളെല്ലാം ആദ്യം മുതല്‍ ബ്രസീല്‍ നിരയിലുണ്ടാകും.
പാളിയ പരീക്ഷണം : ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെയും സെര്‍ബിയയേയും തകര്‍ത്ത് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച ബ്രസീല്‍ അവസാന മത്സരത്തില്‍ കാമറൂണിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയിരുന്നു. റിസര്‍വ് ബഞ്ചിന്‍റെ കരുത്ത് പരീക്ഷിക്കുകയായിരുന്നു ആ മത്സരത്തില്‍ പരിശീലകന്‍ ടിറ്റെയുടെ ലക്ഷ്യം. എന്നാല്‍ ഇഞ്ചുറി ടൈമില്‍ വിന്‍സന്‍റ് അബൗബക്കര്‍ നേടിയ ഗോളിലൂടെ കാമറൂണ്‍ കാനറികള്‍ക്ക് മേല്‍ വിജയം ആഘോഷിച്ചു.
ഏഷ്യന്‍ കരുത്തായി ദക്ഷിണ കൊറിയ : പറങ്കിപ്പടയെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ദക്ഷിണ കൊറിയ ഇന്ന് ഇറങ്ങുക. ലാറ്റിന്‍ അമേരിക്കന്‍ കരുത്തരെ പൂട്ടാന്‍ ഇന്ന് സകല തന്ത്രങ്ങളും ഏഷ്യന്‍ ശക്തികള്‍ക്ക് പുറത്തെടുക്കേണ്ടതുണ്ട്. പ്രതിരോധത്തില്‍ ഊന്നിയുള്ള കളിക്കിടെ കിട്ടുന്ന അവസരങ്ങള്‍ ഗോളാക്കി മാറ്റാനാകും അവരുടെ ശ്രമം. നായകന്‍ ഹ്യൂങ് മിന്‍ സണ്ണിന്‍റെ ബൂട്ടുകളിലാണ് ടീമിന്‍റെ പ്രതീക്ഷ.
ഉറുഗ്വായെ ഗോള്‍ രഹിത സമനിലയില്‍ തളച്ചാണ് ദക്ഷിണ കൊറിയ ലോകകപ്പ് യാത്ര തുടങ്ങിയത്. എന്നാല്‍ ഘാനയ്‌ക്കെതിരായ രണ്ടാം മത്സരത്തില്‍ ഏഷ്യന്‍ സംഘത്തിന് അടിപതറി. രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു അന്ന് ടീമിന്‍റെ തോല്‍വി.
എന്നാല്‍ മൂന്നാം മത്സരത്തില്‍ മുന്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിനെ തകര്‍ത്താണ് ദക്ഷിണ കൊറിയ അവസാന പതിനാറില്‍ സ്ഥാനം ഉറപ്പിച്ചത്. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം രണ്ടെണ്ണം തിരിച്ചടിച്ചായിരുന്നു കൊറിയന്‍ സംഘത്തിന്‍റെ മുന്നേറ്റം.