ദോഹ : ഖത്തറില്‍ നിന്നും കാല്‍പ്പന്ത് കളിയുടെ കനകകിരീടവുമായി മടങ്ങുന്നത് ആരെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. അറേബ്യന്‍ മണ്ണ് ആദ്യമായി ആതിഥേയത്വം വഹിച്ച ഫുട്ബോള്‍ ലോകകപ്പിന്‍റെ കലാശപ്പോരില്‍ ഇന്ന് അര്‍ജന്‍റീനയും ഫ്രാന്‍സും പോരടിക്കും. ലുസൈല്‍ സ്റ്റേഡിയത്തില്‍ രാത്രി 8.30നാണ് കിക്കോഫ്.
ലോകകപ്പിലെ മൂന്നാം കിരീടമാണ് ഖത്തറില്‍ ഇരു ടീമുകളും ലക്ഷ്യം വയ്‌ക്കുന്നത്. സെമിയില്‍ അട്ടിമറിവീരന്മാരായ മൊറോക്കോയെ മറികടന്നാണ് ഫ്രാന്‍സ് എത്തുന്നത്. 2018ലെ റഷ്യന്‍ ലോകകപ്പില്‍ കിരീടമുയര്‍ത്തിയ സംഘത്തിന് ഇത് തുടര്‍ച്ചയായ രണ്ടാം ഫൈനലാണ്.
മറുവശത്ത് ലാറ്റിന്‍ അമേരിക്കന്‍ ചാമ്പ്യന്മാരായ അര്‍ജന്‍റീന കഴിഞ്ഞ വര്‍ഷത്തെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയെ കീഴടക്കിയാണ് മുന്നേറ്റമുറപ്പിച്ചത്. അട്ടിമറികള്‍ ഏറെ കണ്ട ഖത്തറില്‍ ഓരോ മത്സരങ്ങളിലാണ് ഇരു ടീമും തോല്‍വി വഴങ്ങിയത്. ആദ്യ കളിയില്‍ സൗദി അറേബ്യയോടേറ്റ തോല്‍വിയോടെ തുടങ്ങിയ അര്‍ജന്‍റീനയ്‌ക്ക് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തില്‍ ടുണീഷ്യയോടായിരുന്നു ഫ്രഞ്ച് ടീമിന്‍റെ തോല്‍വി.
മെസിയോ എംബാപ്പെയോ ? : കലാശപ്പോരില്‍ ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടവും കനക്കും. ക്യാപ്റ്റന്‍ ലയണല്‍ മെസിയുടെ മിന്നും ഫോമില്‍ അര്‍ജന്‍റീനയ്‌ക്കും സൂപ്പര്‍ സ്‌ട്രൈക്കര്‍ എംബാപ്പെയുടെ കാലുകളില്‍ ഫ്രാന്‍സിനും വലിയ പ്രതീക്ഷയാണുള്ളത്. നിലവില്‍ അഞ്ച് ഗോളുകള്‍ വീതം നേടി ടൂര്‍ണമെന്‍റിലെ ടോപ് സ്‌കോറര്‍മാരാണ് ഇരുവരും.
ഇന്ന് ഗോളടിച്ച് ഈ സമനില ഭേദിക്കുന്നവര്‍ക്ക് ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കാം. മെസിക്ക് മൂന്നും എംബാപ്പെയ്‌ക്ക് രണ്ടും അസിസ്റ്റുകളുണ്ട്. അതേസമയം ലോകകപ്പ് ഉയര്‍ത്തി രാജ്യാന്തര കരിയറിന് അന്ത്യം കുറിക്കാന്‍ മെസിയും, ഫ്രാന്‍സിന് തുടര്‍ച്ചയായ രണ്ടാം കിരീടമെന്ന ലക്ഷ്യത്തോടെ എംബാപ്പെയും നേര്‍ക്കുനേരെത്തുമ്പോള്‍ വര്‍ത്തമാനകാല ഫുട്‌ബോള്‍ ചരിത്രത്തില്‍ മികച്ച പോരാട്ടമാവും ഇന്ന് ലുസൈല്‍ സ്റ്റേഡിയത്തിലെന്നുറപ്പ്.
ലക്ഷ്യം മൂന്നാം കിരീടം : ഫ്രഞ്ച് പടയുടെ നാലാമത്തെ ഫൈനലാണിത്. 1998ലും 2018ലും കലാശക്കളിക്ക് ഇറങ്ങിയ ടീം കിരീടവുമായാണ് മടങ്ങിയത്. 2006ല്‍ മാത്രമായിരുന്നു ടീമിന്‍റെ കണ്ണീര്‍ മടക്കം. മറുവശത്ത് ടൂര്‍ണമെന്‍റ് ചരിത്രത്തില്‍ ആറാം ഫൈനലിനാണ് ഇത്തവണ അര്‍ജന്‍റീന ബൂട്ട് കെട്ടുന്നത്. 1978,1986 വര്‍ഷങ്ങളില്‍ ടീം കപ്പ് ഉയര്‍ത്തിയിരുന്നു. 1930, 1990, 2014 വര്‍ഷങ്ങളിലാണ് അര്‍ജന്‍റൈന്‍ സംഘത്തിന് കിരീടം കയ്യെത്തും ദൂരത്ത് നഷ്‌ടപ്പെട്ടത്.
നേര്‍ക്കുനേര്‍ ചരിത്രം : അര്‍ജന്‍റീനയും ഫ്രാന്‍സും മുഖാമുഖമെത്തുന്ന 13ാമത്തെ മത്സരമാണിത്. മുന്‍ മത്സരങ്ങളില്‍ അര്‍ജന്‍റീനയ്‌ക്ക് ആധിപത്യമുണ്ട്. കളിച്ച 12 മത്സരങ്ങളില്‍ ആറിലും ജയം ലാറ്റിന്‍ അമേരിക്കന്‍ കരുത്തര്‍ക്കായിരുന്നു. മൂന്ന് മത്സരങ്ങള്‍ ഫ്രാന്‍സിനൊപ്പം നിന്നപ്പോള്‍ അത്രയും മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.
എന്നാല്‍ കഴിഞ്ഞ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറിലായിരുന്നു ഇരു സംഘങ്ങളും പരസ്‌പരം പോരടിച്ചത്. ഇന്ന് അര്‍ജന്‍റീനയെ 4-3ന് തോല്‍പ്പിക്കാന്‍ ഫ്രാന്‍സിന് കഴിഞ്ഞിരുന്നു. ഈ തോല്‍വിക്ക് കണക്ക് തീര്‍ക്കാന്‍ കൂടിയാവും ഇത്തവണ മെസിപ്പട ഇറങ്ങുകയെന്നുറപ്പ്.