ഹൈദരാബാദ്: ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷനെ വിലക്കിയ ഫിഫയുടെ നടപടി ആരാധകര്‍ക്ക് ഏറെ നിരാശ പകരുന്നതാണ്. നിയമങ്ങൾ ലംഘിച്ചതിനാണ് നടപടിയെന്നാണ് ഫിഫ വിശദീകരണം നല്‍കിയിരിക്കുന്നത്. വിലക്ക് നീക്കുന്നത് വരെ ഇന്ത്യൻ ദേശീയ ഫുട്‌ബോൾ ടീമുകള്‍ക്ക് അന്താരാഷ്‌ട്ര മത്സരങ്ങളൊന്നും കളിക്കാനാകില്ല. ഫിഫയുടെ തീരുമാനത്തിന്‍റെ അനന്തര ഫലങ്ങളും പ്രതിവിധിയും പരിശോധിക്കാം.
നടപടിയിലേക്ക് നയിച്ച കാരണം: ഓള്‍ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്‍റെ (എഐഎഫ്‌എഫ്) ഭരണത്തിൽ പുറത്തുനിന്നുള്ള ഇടപെടൽ ഉണ്ടായതിനെ തുടർന്നാണ് ഫിഫയുടെ നടപടി. എഐഎഫ്‌എഫിന്‍റെ ഭരണതലത്തില്‍ ഗുരുതര വീഴ്‌ചകള്‍ നടത്തിയെന്നാണ് ഫിഫയുടെ കണ്ടെത്തല്‍. അംഗരാജ്യങ്ങളിലെ ഫെഡറേഷനുകൾക്ക് അനുമതി നൽകേണ്ടതും നടപടിയെടുക്കേണ്ടതും ഫിഫയാണെന്നും മൂന്നാംകക്ഷിയുടെ ഇടപെടൽ നിയമത്തിന് എതിരാണെന്നും ഫിഫ അറിയിച്ചിട്ടുണ്ട്.
ആരാണ് മൂന്നാം കക്ഷി, ഇടപെടലിന്‍റ കാരണം: 2008 മുതല്‍ എഐഎഫ്‌എഫ് തലപ്പത്ത് തുടരുന്ന പ്രഫുൽ പട്ടേലിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതി സുപ്രീം കോടതി പിരിച്ച് വിട്ടിരുന്നു. തുടര്‍ന്ന് മൂന്നംഗ സമിതിയെ നിയോഗിക്കുകയും ചെയ്‌തു. മുൻ സുപ്രീം കോടതി ജഡ്‌ജി അനിൽ ആർ ദാവെ, മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ എസ്‌വൈ ഖുറേഷി, ഇന്ത്യൻ ഫുട്‌ബോൾ ടീം മുൻ ക്യാപ്‌റ്റൻ ഭാസ്‌കർ ഗാംഗുലി എന്നിവരാണ് സുപ്രീം കോടതി നിയമിച്ച സമിതിയിലെ അംഗങ്ങൾ.
2020 ഡിസംബറിൽ കാലാവധി കഴിഞ്ഞെങ്കിലും തെരഞ്ഞെടുപ്പ് നടത്താതെ പ്രഫുൽ പട്ടേൽ തല്‍സ്ഥാനത്ത് തുടരുകയായിരുന്നു. ദേശീയ കായിക ചട്ട പ്രകാരം 12 വർഷമാണ് പരമാവധി കാലാവധി. പ്രഫുൽ പട്ടേല്‍ സ്ഥാനമൊഴിയാതിരിക്കുന്നത് കായിക ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഡൽഹി ഫുട്‌ബോൾ ക്ലബാണ് സുപ്രീം കോടതിയെ സമീപിച്ചത്.
അനന്തര ഫലങ്ങള്‍
1. വിലക്ക് പ്രാബല്യത്തില്‍ വന്നതോടെ രാജ്യത്ത് നടക്കുന്ന മത്സരങ്ങള്‍ക്കും ടൂര്‍ണമെന്‍റുകള്‍ക്കും ഫിഫ, ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫഡറേഷന്‍ (എഎഫ്‌സി) എന്നിവയുടെ അംഗീകാരമുണ്ടാവില്ല.
2. വിലക്ക് നീങ്ങുന്നത് വരെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമുകള്‍ക്ക് അന്താരാഷ്‌ട്ര മത്സരങ്ങള്‍ കളിക്കാനാവില്ല.
3. ഒക്‌ടോബറിൽ നടക്കാനിരിക്കുന്ന അണ്ടർ 17 വനിത ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിൽ നിന്നും ഇന്ത്യയെ ഒഴിവാക്കി.
4. ഐഎസ്‌എൽ, ഐ ലീഗ് ക്ലബുകൾക്ക് എഎഫ്‍സി കപ്പ്, എഎഫ്‍സി ചാമ്പ്യന്‍സ് ലീഗ്, എഎഫ്‍സി വനിത ക്ലബ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ നഷ്‌ടമാകും.
വിലക്ക് എങ്ങനെ നീക്കാം: അംഗരാജ്യങ്ങളിലെ ഫെഡറേഷനുകളില്‍ ഒരിക്കലും ഫിഫ പുറത്ത് നിന്നുള്ള ഇടപെടല്‍ അനുവദിക്കില്ല. ഇക്കാരണത്താല്‍ തന്നെ രാജ്യത്തെ കോടതികള്‍ക്കോ സര്‍ക്കാറിനോ ഫെഡറേഷനില്‍ ഇടപെടാനാവില്ല. ഇതോടെ വിലക്ക് നീക്കണമെങ്കില്‍ എഐഎഫ്‌എഫ് ഭരണസമിതിയുടെ അധികാരം ഏറ്റെടുക്കാൻ മൂന്നംഗ കമ്മിറ്റി രൂപീകരിക്കാനുള്ള ഉത്തരവ് റദ്ദാക്കേണ്ടി വരും. ഫെഡറേഷന്‍റെ എല്ലാ ദൈനംദിന പ്രവർത്തനങ്ങളും പുതിയ ഭരണസമിതിക്ക് കീഴിലാകുമ്പോള്‍ മാത്രമേ ഫിഫ വിലക്ക് പിന്‍വലിക്കുകയുള്ളൂ.
അതേസമയം സുപ്രീം കോടതി നിര്‍ദേശ പ്രകാരം ഓഗസ്റ്റ് 28ന് നടക്കാനിരിക്കുന്ന എഐഎഫ്‌എഫ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഈ മാസം 28ന് നടക്കാനിരിക്കുകയാണ്. നിലവിലെ ഭരണസമിതി പുതിയ ഭരണഘടന സംബന്ധിച്ചും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലെ പുരോഗതിയും സുപ്രീം കോടതിയെ ഉടൻ അറിയിക്കും.
ബുധനാഴ്‌ച സുപ്രീം കോടതി വിഷയം പരിഗണിക്കുന്നുണ്ട്. അതേസമയം രാജ്യത്തെ 36 കായിക താരങ്ങള്‍ക്ക് എഐഎഫ്‌എഫ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അനുമതി നല്‍കി ഓഗസ്റ്റ് അഞ്ചിന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഫെഡറേഷനിലെ 'വ്യക്തിഗത അംഗത്വം' ഫിഫ അംഗീകരിക്കുന്നില്ലെന്നും ഇതില്‍ മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര കായിക മന്ത്രാലയം അപേക്ഷ നല്‍കിയിട്ടുണ്ട്.