സൂറിച്ച്: ഏറ്റവും പുതിയ ഫിഫ റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി കോപ്പ അമേരിക്ക ജേതാക്കളായ അർജന്‍റീന. ലോകചാമ്പ്യന്മാരും നിലവിലെ യുവേഫ നാഷന്‍സ് ലീഗ് കിരീട ജേതാക്കളുമായ ഫ്രാന്‍സിനെ മറികടന്നാണ് അർജന്‍റീന മൂന്നാം റാങ്കിലെത്തിയത്. മൂന്നാം റാങ്കിലുണ്ടായിരുന്ന ഫ്രാന്‍സ് നാലാം സ്ഥാനത്തേക്ക് വീണു.
തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന അർജന്‍റീന 33 മത്സരങ്ങള്‍ തോല്‍ക്കാതെ കുതിപ്പ് തുടരുകയാണ്. ലാറ്റിനമേരിക്കൻ ശക്‌തിയായ ബ്രസീൽ ഒന്നും യൂറോപ്യൻ വമ്പൻമാരായ ബെൽജിയം രണ്ടും സ്ഥാനങ്ങള്‍ നിലനിർത്തി. ഇംഗ്ലണ്ട്, ഇറ്റലി, സ്‌പെയിന്‍, ഹോളണ്ട്, പോര്‍ച്ചുഗല്‍, ഡെന്മാര്‍ക്ക് എന്നീ രാജ്യങ്ങള്‍ അഞ്ചുമുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.
1838 പോയിന്‍റുമായാണ് ബ്രസീൽ ഒന്നാംസ്ഥാനം നിലനിർത്തിയത്. രണ്ടാം സ്ഥാനത്തുള്ള ബെൽജിയത്തിന് 1822 പോയിന്‍റുണ്ട്. അർജന്‍റീനയ്‌ക്ക് 1784 പോയിന്‍റും ഫ്രാൻസിന് 1765 പോയിന്‍റുമുള്ളത്.
ഫൈനലിസിമ പോരാട്ടത്തില്‍ യൂറോ ചാമ്പ്യന്‍മാരായ ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത അർജന്‍റീന സൗഹൃദപ്പോരാട്ടത്തില്‍ എസ്റ്റോണിയയെ എതിരില്ലാത്ത അഞ്ച് ഗോളിന് കീഴടക്കിയിരുന്നു. ഏപ്രില്‍ ഏഴുമുതല്‍ ജൂണ്‍ 14 വരെയുളള ദിവസങ്ങളില്‍ നടന്ന 300 മത്സരങ്ങളുടെ ഫലം ഉള്‍പ്പെടുത്തിയാണ് ഫിഫ പുതിയ റാങ്കിങ് പ്രഖ്യാപിച്ചത്. 23-ാം റാങ്കിലുള്ള ഇറാനാണ് ഏറ്റവും ഉയർന്ന റാങ്കുള്ള ഏഷ്യൻ രാജ്യം. ഇന്ത്യ 106-ാം സ്ഥാനത്ത് തുടരുന്നു.