റിയോ ഡി ജനീറോ: ഫിഫ ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യത റൗണ്ടിലെ ബ്രസീല്‍-അര്‍ജന്‍റീന മത്സരം വൈകിയാരംഭിച്ചതിനും അതിന് കാരണമായ അനിഷ്‌ട സംഭവങ്ങളിലും അച്ചടക്ക നടപടി ആരംഭിച്ച് ഫിഫ (FIFA charges Argentina and Brazil after delay in World Cup qualifier at Maracana). പ്രസിദ്ധമായ മാറക്കാനയില്‍ നടന്ന മത്സരത്തിന് മുന്നെ ഇരു ടീമുകളുടേയും ആരാധകര്‍ ഗാലറിയില്‍ ഏറ്റുമുട്ടിയിരുന്നു. സംഭവത്തില്‍ ഇടപെട്ട ബ്രസീലിയന്‍ പൊലീസ് അര്‍ജന്‍റൈന്‍ ആരാധകരെ മര്‍ദിക്കുകയും ചെയ്‌തു.
സംഭവത്തില്‍ പ്രതിഷേധിച്ച് ലയണല്‍ മെസിയുടെ (Lionel Messi) നേതൃത്വത്തിലുള്ള അര്‍ജന്‍റൈന്‍ ടീം കളിക്കളത്തില്‍ നിന്നും ഡ്രസിങ് റൂമിലേക്ക് തിരികെ മടങ്ങിയിരുന്നു. 10 മിനിട്ടിലേറെ സമയമായിരുന്നു അര്‍ജന്‍റൈന്‍ താരങ്ങള്‍ കളിക്കളത്തില്‍ നിന്നും മാറി നിന്നത്. ഇക്കാരണങ്ങളാല്‍ നിശ്ചയിച്ചതില്‍ നിന്നും അരമണിക്കൂര്‍ വൈകിയാണ് മത്സരം ആരംഭിച്ചത്. സംഭവത്തില്‍ ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷനെതിരെ (Brazilian Football Confederation) നടപടിയുണ്ടാവുമെന്ന് നേരത്തെ തന്നെ സൂചനകള്‍ പുറത്തു വന്നിരുന്നു.
എന്നാല്‍ അര്‍ജന്‍റീന ഫുട്‌ബോള്‍ അസോസിയേഷനെതിരെയും (Argentine Football Association) നടപടിയുണ്ടാവുമെന്നാണ് ഫിഫ പ്രസ്‌താനവയിലൂടെ അറിയിച്ചിരിക്കുന്നത്. ആരാധകര്‍ ആക്രമണം നടത്തിയതിനും മത്സരം വൈകിപ്പിച്ച് കളിക്കാര്‍ ഡ്രസിങ് റൂമിലേക്ക് തിരികെ മടങ്ങിയതിനുമാണ് അര്‍ജന്‍റീനയ്‌ക്ക് എതിരെ ഫിഫ നടപടി എടുക്കുന്നത്. പെരുമാറ്റചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 17.2, 14.5 എന്നിവ അര്‍ജന്‍റീന ലംഘിച്ചുവെന്നാണ് ഫിഫ പറയുന്നത്.
മത്സരത്തിന് വേണ്ടത്ര സുരക്ഷയൊരുക്കാത്തതിന് ആര്‍ട്ടിക്കിള്‍ 17 പ്രകാരമാണ് ബ്രസീലിനെതിരെ നപടിയുണ്ടാവുക. ഹോം മത്സരങ്ങളില്‍ നിന്നും കാണികളെ വിലക്കുക, വലിയ പിഴ ചുമത്തുക, പോയിന്‍റ് വെട്ടിക്കുറയ്‌ക്കുക എന്നിവയില്‍ ഒരു നടപടിയാണ് ബ്രസീലിനെ കാത്തിരിക്കുന്നത്. അതേസമയം മത്സരത്തില്‍ ബ്രസീല്‍ അര്‍ജന്‍റീനയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റിരുന്നു.
ഗോള്‍ ഒഴിഞ്ഞ് നിന്ന ആദ്യ പകുതിയ്‌ക്ക് ശേഷം കളിയുടെ 63-ാം മിനിട്ടിലായിരുന്നു അര്‍ജന്‍റീന തങ്ങളുടെ വിജയ ഗോള്‍ കണ്ടെത്തിയത്. ഹെഡറിലൂടെ പ്രതിരോധ താരം നിക്കോളാസ് ഒട്ടമെൻഡിയാണ് കാനറികളുടെ പോസ്റ്റിലേക്ക് പന്തെത്തിച്ചത്. വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്‍റീന.
കളിച്ച ആറ് മത്സരങ്ങളില്‍ അഞ്ചെണ്ണത്തിലും വിജയിച്ച മെസിപ്പടയ്‌ക്ക് 15 പോയിന്‍റുകളാണുള്ളത്. ഒരു മത്സരത്തില്‍ ടീം തോല്‍വി വഴങ്ങി. മറുവശത്ത് ആറ് മത്സരങ്ങളില്‍ രണ്ടെണ്ണം മാത്രം വിജയിക്കാന്‍ കഴിഞ്ഞ ബ്രസീല്‍ നിലവിലെ പോയിന്‍റ് പട്ടികയില്‍ ആറാമതാണ്. ഏഴ് പോയിന്‍റ് മാത്രമാണ് ടീമിനുള്ളത്. കഴിച്ച അവസാന മൂന്ന് മത്സരങ്ങളിലും തോല്‍വി വഴങ്ങിയ ബ്രസീലിന്‍റെ അക്കൗണ്ടില്‍ ഒരു സമനിലയുമുണ്ട്.