ഖത്തർ: ഖത്തർ ലോകകപ്പിൽ ഒരോ ടീമിലുമുള്ള പരമാവധി താരങ്ങളുടെ എണ്ണം ഉയർത്താൻ തീരുമാനിച്ച് ഫിഫ. 23 അംഗ ടീമിൽ മൂന്ന് പേരെ കൂടി അധികമായി ഉൾപ്പെടുത്താനാണ് ഫിഫ അനുമതി നൽകിയത്. കൊവിഡിന്‍റെ പശ്ചാത്തലത്തിലാണ് ടീമിൽ കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്താൻ അനുവദിച്ചത്. അധികമായി ടീമിൽ ഉൾപ്പെടുത്തുന്ന താരങ്ങളും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം എന്നും ഫിഫ നിർദേശം നൽകിയിട്ടുണ്ട്.
ഇതോടെ 32 ടീമുകളിലേക്കുമായി 96 താരങ്ങൾ കൂടി ഖത്തറിലേക്ക് എത്തും. ഒക്‌ടോബർ 20ന് മുൻപ് താരങ്ങൾ ഖത്തറിലെത്തണം. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ കഴിഞ്ഞ യൂറോ കപ്പ്, കോപ്പ അമേരിക്ക, ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് എന്നീ ടൂർണമെന്‍റുകളിലും 28 താരങ്ങളെ ടീമിൽ ഉൾപ്പെടുത്താൻ അനുമതി നൽകിയിരുന്നു.
ലോകകപ്പ് ലീഗ് സീസണുകൾക്കിടയിൽ നടക്കുന്നതിനാൽ നവംബർ 13 ഓടെ എല്ലാ പ്രമുഖ ലീഗുകളുടെ മത്സരങ്ങളും താത്‌കാലികമായി നിർത്തിവയ്‌ക്കും. തുടർന്ന് ലോകകപ്പിന് മുൻപ് ഒരാഴ്‌ചത്തെ ക്യാമ്പിൽ എല്ലാ കളിക്കാരും ഒത്തുകൂടും. ലീഗ് സീസണുകള്‍ക്കിടയില്‍ നടക്കുന്ന ലോകകപ്പിനായി കളിക്കാരെ വിട്ടു നല്‍കുന്ന ക്ലബ്ബുകള്‍ക്ക് നഷ്‌ടപരിഹാരമായി നല്‍കാനായി ഫിഫ 209 മില്യണ്‍ ഡോളര്‍ നീക്കിവച്ചിട്ടുണ്ട്.